ADVERTISEMENT

ന്യൂഡൽഹി / കോട്ടയം ∙ നീറ്റ് പരീക്ഷയുടെ ഫലം നിയമക്കുരുക്കിൽ. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) ഫലത്തിലെ അപാകതകൾ കാട്ടി നൽകിയ റിട്ട് ഹർജിയിൽ കൽക്കട്ട ഹൈക്കോടതി ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) മറുപടി തേടി. 720ൽ 718, 719 മാർക്കുകൾ വന്നതു ചോദ്യം ചെയ്താണു ഹർജി. ഗ്രേസ് മാർക്ക് നൽകുന്നതിലെ മാനദണ്ഡങ്ങളിൽ പിഴവുണ്ടെന്നു ഹർജിയിൽ ആരോപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് കൗഷിക് ചന്ദ്രയുടെ ബെഞ്ച് മറുപടി നൽകാൻ 10 ദിവസം അനുവദിച്ചു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസിലിങ് നടപടികൾ ഹർജിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഹർജി 2 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലത്തെക്കുറിച്ച് എൻടിഎ വിശദീകരണം നൽകിയെങ്കിലും ആരോപണങ്ങൾ ശക്തമാകുകയാണ്. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു ദേശീയ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തി.

ഇടപെടലുണ്ടാകും, വിശദീകരണം തേടി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എൻടിഎയിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടിയിരിക്കുകയാണ്. എന്നാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എൻടിഎ അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എൻടിഎ വിശദീകരിച്ചിരുന്നു. അതിനിടെ, നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വിദ്യാർഥികളുടെ പരാതികൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക, വിദ്യാർഥികളുടെ പരാതികൾക്കു സർക്കാർ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. പരാതികൾ പരിഹരിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

‘റാങ്ക് പുനർനിർണയിക്കണം’

നീറ്റിന്റെ റാങ്ക് നിർണയവുമായി ബന്ധപ്പെട്ട് നാഷനൽ‌ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കിയ വിശദീകരണം തൃപ്തികരമല്ലെന്നു പാലയിലെ എൻട്രൻസ് കോച്ചിങ് കേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ജനറൽ മാനേജർ ഇ.പി.ശിവകുമാർ പറഞ്ഞു. നീറ്റിന്റെ റാങ്ക് പുനർനിർണയിച്ചേ മതിയാകൂ. ഗ്രേസ് മാർക്ക് ഒഴിവാക്കണം. കേരളത്തിലെ പന്ത്രണ്ടോളം സെന്ററുകളിൽ പരീക്ഷ 2.15നും 2.30നും ഇടയിലാണ് ആരംഭിച്ചത്. കേരളത്തിലെ വിവിധ സെന്ററുകളിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളണം. ഗ്രേസ് മാർക്ക് സംബന്ധിച്ച് ഹൈക്കോടതിയിൽനിന്നോ സുപ്രീംകോടതിയിൽനിന്നോ പുതിയൊരു വിധിന്യായണം നേടണം. ഉത്തരം തെറ്റിയാൽ പോലും ഗ്രേസ് മാർക്ക് കൊടുക്കുന്ന നടപടി യാതൊരുകാരണവശാലും എൻടിഎയുടെ ഭാഗത്തുനിന്നുമുണ്ടാകാൻ പാടില്ലായിരുന്നു. നീറ്റ് 2024 വീണ്ടും നടത്തേണ്ട സാഹര്യമില്ല. അങ്ങനെയൊരു സാഹചര്യത്തിലേക്ക് എൻടിഎ കടന്നാൽ ഒറ്റക്കെട്ടായി എതിർക്കുമെന്നും ശിവകുമാർ പറഞ്ഞു. 

‘‘കേരളത്തിലെ ഒരു സെന്ററിൽനിന്നും പരീക്ഷ നടത്തിപ്പിനെപ്പറ്റി യാതൊരു പരാതിയുമില്ലാത്ത സാഹചര്യത്തിൽ നീറ്റ് 2024 വീണ്ടും നടത്തേണ്ട സാഹചര്യമില്ല. ഗ്രേസ് മാർക്കിന്റെ കാര്യത്തിലും ആപ്ലിക്കേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഓൾ ഇന്ത്യ റാങ്ക് തീരുമാനിച്ചതുമാണ് എതിർക്കേണ്ടതായി വന്നിട്ടുള്ളത്. നമ്മൾ അടുത്തഘട്ടത്തിലേക്കു കടക്കേണ്ടിയിരിക്കുന്നു. നിലവിൽ സുപ്രീംകോടതിയിൽ ധാരാളം ഹർജികൾ നിലനിൽക്കുന്നതിനാൽ കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സാമൂഹികക്ഷേമ വകുപ്പ് എന്നിവിടങ്ങളിലേക്കു പരാതികൾ അയച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ അധികാരമേറ്റശേഷം എല്ലാവരുമായും കൂടിയാലോചിച്ചു പരിഹാരം നിർദേശിക്കാം. അതൃപ്തി എൻടിഎയെ അറിയിച്ചിട്ടുണ്ട്. എല്ലാ കോച്ചിങ് സെന്ററുകൾക്കും സമാന അഭിപ്രായമാണ്. തുടർനടപടികൾ‌ ഏതു രീതിയിൽ വേണമെന്ന് സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് തീരുമാനിക്കും’’ – ശിവകുമാർ പറഞ്ഞു.

English Summary:

Calcutta High Court Seeks NTA's Response on NEET-UG Results Irregularities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com