ADVERTISEMENT

നോട്ടു നിരോധനം പോലെ ഒരു സർജിക്കൽ സ്ട്രൈക്ക് മൂന്നാമൂഴത്തിൽ ഉണ്ടാകുമോ ? ജവഹർ ലാല്‍ നെഹ്‍റുവിനു ശേഷം, തുടർച്ചയായി മൂന്നാംവട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കുകയാണ് നരേന്ദ്ര മോദി. ബിജെപിക്ക് കഴിഞ്ഞ രണ്ടുതവണയും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ സഖ്യകക്ഷികളെ ഭയക്കാതെ സാമ്പത്തിക രംഗത്ത് പരിഷ്കരണ നടപടികളെടുക്കാൻ കഴിഞ്ഞിരുന്നു.

ഇക്കുറി കഥ വ്യത്യസ്തമാണ്. പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല. ജെഡിയുവും ടിഡിപിയും അടക്കമുള്ള സഖ്യകക്ഷികളുടെ തണലിലാണ് മോദിയുടെയും ബിജെപിയുടെയും മൂന്നാമൂഴം. തീരുമാനങ്ങളിൽ സഖ്യകക്ഷികളുടെ അഭിപ്രായങ്ങൾക്കും മൂ‍ർച്ചയേറും. കഴിഞ്ഞ രണ്ടു തവണത്തെയും അപേക്ഷിച്ച് ഇത്തവണ പ്രതിപക്ഷവും ശക്തമാണെന്നത് മൂന്നാം നരേന്ദ്ര മോദി സ‍ർക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കും.

∙  മെയ്ക്ക് ഇൻ ഇന്ത്യ മുതൽ വന്ദേ ഭാരത് വരെ

നരേന്ദ്ര മോദിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും സർക്കാരുകളുടെ കാലത്ത് നിരവധി നിർണായക സാമ്പത്തിക പരിഷ്കാരങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്, വികസിത് ഭാരത് 2047 തുടങ്ങിയ ക്യാംപെയ്നുകളിലൂടെ നിരവധി പരിഷ്കാര നടപടികളുണ്ടായി. ഏറ്റവും പ്രധാനം 2017 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ജിഎസ്ടിയാണ്.

എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയുള്ള ജൻധൻ യോജന, ബാങ്കുകളിലെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്സി കോഡ് (ഐബിസി), പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന ഇൻഷുറൻസ് പദ്ധതി, കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുന്ന പിഎം കിസാൻ സമ്മാൻ നിധി, പുതിയ ആദായ നികുതി സ്കീം, അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്താനുള്ള പി.എം ഗതി ശക്തി, പ്രധാനമന്ത്രി ഉജ്വല യോജന, ഇന്ത്യയെ മാനുഫാക്ചറിങ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പിഎൽഐ സ്കീം, വന്ദേഭാരത് ട്രെയിനുകൾ തുടങ്ങിയവയും നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണകാലത്ത് നടപ്പായവയാണ്.

∙ കുതിച്ചു കയറി ഓഹരി വിപണി, എളുപ്പമാക്കി ജിഎസ്ടി

2016 ലെ നോട്ട് നിരോധനം സമ്പദ്‍വ്യവസ്ഥയെയാകെ പിടിച്ചുലച്ചെങ്കിലും രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ ജനകീയമാകാൻ അതു വഴിവച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ നൽകിയ കഴിഞ്ഞ രണ്ടു മോദി സർക്കാരുകളുടെ കീഴിൽ പുതുതായി നിർമിച്ചത് 55,000 കിലോമീറ്ററിലധികം റോഡും 25,000 കിലോമീറ്ററിലധികം റെയിൽപാതകളുമാണ്. നോട്ട് നിരോധനവും കോവിഡ് ലോക്ഡൗണും സാമ്പത്തിക മേഖലയെ വല്ലാതെ ഉലച്ചതും ഉയർന്ന തൊഴിലില്ലായ്മ നിരക്കും കഴിഞ്ഞ മോദി സർക്കാരിന്റെ കോട്ടങ്ങളായിരുന്നു.

രാജ്യത്തെ തൊഴിലാളികളിൽ 40 ശതമാനത്തിലധികവും ഇപ്പോഴും കാർഷിക മേഖലയിലാണെന്നതും ആ നിരക്ക് ഉയർന്നുവരുന്നതും മറ്റ് തൊഴിലവസരങ്ങളുടെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷവും (2023–24) ഇന്ത്യ 8.2 ശതമാനം സാമ്പത്തിക വളർച്ച നേടി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തികശക്തിയെന്ന നേട്ടം നിലനിർത്തിയെങ്കിലും കോവിഡ് കാലത്ത് നേരിട്ട നെഗറ്റീവ് വളർച്ചയുടെ ആഘാതം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും ഏൽപിച്ച തിരിച്ചടിയിൽനിന്ന് അസംഘടിത മേഖലയും കരകയറിയിട്ടില്ല.

ഇന്ത്യൻ ഓഹരി വിപണികൾ സർവകാല റെക്കോർഡ് കുറിച്ചതും മ്യൂച്വൽഫണ്ടിലെ മൊത്തം ആസ്തി 55 ലക്ഷം കോടി രൂപ കടന്നതും നേട്ടങ്ങളാണ്. എസ്ബിടി അടക്കം നിരവധി പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയലും വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും നിർണായക തീരുമാനങ്ങളായിരുന്നു.

∙ ഉറ്റുനോട്ടം മോദി 3.0യിലേക്ക്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലേറുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് കഴിഞ്ഞ രണ്ടു തവണത്തെയും പോലെ നിർണായക പരിഷ്കാരങ്ങൾ ഉണ്ടാകുമോ എന്നാണ്. പൊതുമേഖലയിൽ ഇനിയൊരു ബാങ്ക് ലയനം ഉണ്ടാവില്ലെന്ന് കഴിഞ്ഞ ബജറ്റിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. പക്ഷേ, രണ്ടു ബാങ്കുകളെ സ്വകാര്യവൽക്കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ധനക്കമ്മി നടപ്പുവർഷം (2024–25) ജിഡിപിയുടെ 5.6 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറയ്ക്കാനുള്ള നടപടികളുണ്ടായേക്കും.

റിസർവ് ബാങ്കിൽനിന്ന് രണ്ടുലക്ഷം കോടി രൂപയ്ക്കു മേൽ റെക്കോർഡ് ലാഭവിഹിതം കിട്ടിയതുൾപ്പെടെ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് പ്രതീക്ഷിച്ചതിലധികം ലാഭവിഹിതം ലഭിക്കുന്നതും പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യം കവിഞ്ഞും കൂടുന്നതും കേന്ദ്രത്തിന് സാമ്പത്തികമായി വലിയ ആശ്വാസമാണ്. കൂടുതൽ ക്ഷേമപദ്ധതികളും വികസന പദ്ധതികളും പ്രഖ്യാപിക്കാൻ ഇത് മൂന്നാം നരേന്ദ്ര മോദി സർക്കാരിന് കരുത്താകും. മോദി 3.0യുടെ ആദ്യ മന്ത്രിസഭാ യോഗം, 100 ദിന കർമ പദ്ധതികൾ, ആദ്യ സമ്പൂർണ ബജറ്റ് എന്നിവ ജനപ്രിയ പ്രഖ്യാപനങ്ങളാൽ നിറഞ്ഞേക്കാം.

English Summary:

Economic Reforms Under Narendra Modi: A Comprehensive Overview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com