ADVERTISEMENT

എടവണ്ണ (മലപ്പുറം) ∙ വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാൻ എത്തിയപ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച സാഹചര്യത്തിൽ ഏതു മണ്ഡലം നിലനിർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഭരണഘടന കയ്യിൽ പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

‘‘മോദിയോടു പരമാത്മാവ് സംസാരിക്കുന്നപോലെ എന്നോടു സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവം. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. ഞാന്‍ ജൈവികമായി ഉണ്ടായ ആളല്ലെന്നാണു പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുക്കുന്നത്. പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു’’– രാഹുൽ പരിഹസിച്ചു.

‘‘ഭരണഘടനയുടെ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങൾക്കു കഥകളി ആസ്വദിക്കാൻ സാധിക്കും, മലയാളം സംസാരിക്കാൻ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കും. ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്’’– രാഹുൽ പറഞ്ഞു. വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയാണ് രാഹുൽ വേദിയിലേക്കെത്തിയത്. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.

English Summary:

Rahul Gandhi Promises Joyful Future for Wayanad and Rae Bareli Residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com