‘ആ വെല്ലുവിളി ഏറ്റെടുക്കണമെന്ന് മുരളിയോട് ആരും പറഞ്ഞിട്ടില്ല; രമ്യയുടെ തോൽവിയിൽ ഹൃദയവേദന’
Mail This Article
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാലത്തിന്റെ ചുവരെഴുത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്റെ സംഘടനാശക്തി കൊണ്ടല്ല തിരഞ്ഞെടുപ്പ് വിജയം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നിഷേധ തരംഗമുണ്ടായിരുന്നു. ബൂത്ത് തലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തണം. കെ.മുരളീധരൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. തൃശൂരിലെ വെല്ലുവിളി ഏറ്റെടുത്തേ പറ്റൂവെന്ന് മുരളിയോട് ആരും പറഞ്ഞിട്ടില്ല. തൃശൂരിൽ മത്സരിക്കാനില്ലെന്ന് 13 തിരഞ്ഞെടുപ്പുകൾ മത്സരിച്ച മുരളീധരന് ഹൈക്കമാൻഡിനോട് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ‘മനോരമ ഓൺലൈനോട്’ വ്യക്തമാക്കി.
∙ ഇരുപതിൽ 18 സീറ്റു നേടി സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടി. ദേശീയതലത്തിലും മികച്ച പ്രകടനം നടത്താൻ ഇന്ത്യ സഖ്യത്തിനായി. എങ്ങനെ വിലയിരുത്തുന്നു?
വലിയ സന്തോഷമാണ്. കാലത്തിന്റെ ചുവരെഴുത്തായി ഇതിനെ വായിക്കണം. പത്തു വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റിന്റെ ജനാധിപത്യ ഭരണഘടനാ വിരുദ്ധമായ സമീപനത്തിനെതിരായ ശക്തമായ തിരിച്ചടിയാണ് ഈ ജനവിധി. 400 സീറ്റ് നേടുമെന്ന് പറഞ്ഞിട്ട് കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകൾ പോലും ബിജെപിക്ക് ലഭിച്ചില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ വിശ്വാസ്യതയില്ലാത്ത രണ്ട് നേതാക്കളെ വച്ചാണ് അദ്ദേഹം ഈ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
മോദി എത്രമാത്രം ദുർബലനായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാൽ മനസ്സിലാകും. എട്ടുവർഷമായി കേരളം ഭരിക്കുന്ന പിണറായിക്കെതിരായ ശക്തമായ നിഷേധ തരംഗം കാസർകോട് മുതൽ തിരുവനന്തപുരം വരെ ആഞ്ഞടിച്ചിട്ടുണ്ട്. ചിന്തിക്കുന്ന മനുഷ്യരുടെ മനസ്സിൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. ഉത്തര മലബാറിൽ വരെ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടാകാൻ കാരണമതാണ്. കരിവള്ളൂരും കയ്യൂരും ഒഞ്ചിയവും ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ഉരുക്കുകോട്ടുകളിൽ വരെ അടിയൊഴുക്കുണ്ടായി.
∙ ഭരണവിരുദ്ധ തരംഗത്തിനപ്പുറം സംഘടനാശക്തി കൊണ്ടാണ് യുഡിഎഫിന് ഈ വിജയമുണ്ടായതെന്ന് പറയാൻ പറ്റുമോ?
ഞാനത് അവകാശപ്പെടുന്നില്ല. കോൺഗ്രസിന്റെ പാർട്ടി സംവിധാനം ഇനിയും അതിശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെട്ടാൽ മാത്രമേ കോൺഗ്രസിനു ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിക്കൂ. അല്ലാതെ സർക്കാർ വിരുദ്ധ വികാരത്തിൽ ഭാവിയിൽ അധികാരത്തിൽ വരാമെന്ന ആഗ്രഹം കോൺഗ്രസിനു പാടില്ല.
∙ കഴിഞ്ഞതവണത്തെ താങ്കളുടെ അനുഭവത്തിൽ നിന്നാണോ ഈ പറയുന്നത്?
എന്റെ അനുഭവത്തിൽ നിന്നുതന്നെയാണ് പറയുന്നത്. ഞാൻ കെപിസിസി അധ്യക്ഷനായ സമയത്ത് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടി. തിരഞ്ഞെടുപ്പിനു മുന്നോടിയായി മൈ ബൂത്ത് മൈ പ്രൈഡ് എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചിരുന്നു. ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം എറണാകുളം മറൈൻ ഡ്രൈവിൽ നടത്തി. അവിടെ 25,000 ബൂത്ത് പ്രസിഡന്റുമാർക്കൊപ്പം 25,000 വനിത വൈസ് പ്രസിഡന്റുമാരും എത്തി. ചരിത്രത്തിലാദ്യമായിട്ടായിരുന്നു കേരളത്തിലെ പാർട്ടി അങ്ങനെയൊരു പരിപാടി നടത്തിയത്. ഇത് ഇന്ത്യ രാജ്യത്തെ കോൺഗ്രസ് മാതൃകയാക്കണമെന്നാണ് അവിടെയെത്തിയ രാഹുൽ ഗാന്ധി പറഞ്ഞത്. ബൂത്തുകളാണ് പാർട്ടിയുടെ നട്ടെല്ല്. ബൂത്തിൽ പാർട്ടി സുശക്തമാകണം.
∙ അങ്ങനെയൊക്കെ പറയുമ്പോഴും സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയെന്നു പറഞ്ഞാൽ അംഗീകരിച്ചു കൊടുക്കേണ്ടി വരില്ലേ?
എന്നെ അലട്ടുന്ന വലിയ പ്രശ്നമതാണ്. ഇവിടെ വലിയൊരു വളർച്ചയാണ് ബിജെപി നടത്തിയതെന്നത് ജനാധിപത്യ മതേതര വിശ്വാസികൾ ചിന്തിക്കണം. ലാഘവ ബുദ്ധിയോടെ ആ വളർച്ചയെ നിസ്സാരവൽക്കരിച്ച് കണ്ടാൽ നാളെ വരാൻ പോകുന്ന വിപത്തിനെ തടയാനാകില്ല.
∙ കോൺഗ്രസിൽ നിന്നും ബിജിപിയിലേക്ക് വേട്ട് ചോർച്ചയുണ്ടാകുന്നില്ലേ?
ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. യഥാർഥ കോൺഗ്രസുകാരന് ഒരിക്കൽ പോലും ബിജെപിക്ക് വോട്ടു ചെയ്യാൻ സാധിച്ചില്ല. എന്നാൽ രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസമില്ലാത്ത വലിയൊരു വിഭാഗം നമ്മുടെ സംസ്ഥാനത്തുണ്ട്. അവർ നിലവിലെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് വോട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രമേ അവർ തീരുമാനം എടുക്കൂ. അവരുടെ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നില്ലേയെന്ന് ചിന്തിക്കണം.
∙ ഇത്രയും വലിയൊരു വിജയത്തിന്റെ ശോഭ കെടുത്തുന്നതല്ലേ തൃശൂരിലെ തോൽവി?
വ്യക്തമായ വിലയിരുത്തൽ തൃശൂരിലെ തോൽവിയെപ്പറ്റി നടത്തേണ്ടതുണ്ട്. കോൺഗ്രസുകാർ തമ്മിലെ പടലപിണക്കം മാത്രമായി ആ തോൽവിയെ കാണരുത്. അവിടെ പരാജയപ്പെട്ടിട്ടും മത്സരബുദ്ധിയോടെ സുരേഷ് ഗോപി പോരാടിയെന്നത് സമ്മതിക്കേണ്ട കാര്യമാണ്. പരമ്പരാഗതമായി യുഡിഎഫിനു കിട്ടിക്കൊണ്ടിരുന്ന വോട്ടും സുരേഷ് ഗോപിക്ക് സമാഹരിക്കാനായി. ക്രൈസ്തവ വോട്ടുകളും പിന്നാക്ക വിഭാഗത്തിന്റെ വോട്ടുകളും വലിയതോതിൽ ബിജെപിയിലേക്കു പോയി.
∙ തന്നെ തൃശൂരിൽ കൊണ്ടുപോയി കുരുതി കൊടുക്കുകയായിരുന്നു എന്നാണ് കെ.മുരളീധരൻ പറഞ്ഞത്. അതിനോട് യോജിക്കുന്നുണ്ടോ?
14 തിരഞ്ഞടുപ്പിൽ താൻ മത്സരിച്ചെന്ന് മുരളീധരൻ ആവർത്തിച്ച് പറയുന്നുണ്ട്. ഇത്രയും തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹത്തിന് ഞാൻ ഇനി തൃശൂരിലേക്ക് ഇല്ലായെന്ന് ഹൈക്കമാൻഡിനോട് പറയാമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഞാനത് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്. മത്സരിക്കാൻ അതിയായ സമ്മർദം വന്നപ്പോഴും ഇല്ലെന്നാണ് ഞാൻ പാർട്ടിയോട് പറഞ്ഞത്. ഇത് ഏകാധിപത്യ പാർട്ടിയല്ല. പറഞ്ഞാൽ പാർട്ടി നേതൃത്വം കേൾക്കും. റിസ്കെടുക്കാൻ പ്രായസമാണെന്ന് പറയുന്നത് ഭീരുത്വമല്ല.
കണ്ണൂരിലും വടകരയിലും അടക്കം സിപിഎം കോട്ടകളിൽ നിന്നാണ് ഞാൻ മത്സരിച്ച് ജയിച്ചിട്ടുള്ളത്. വെല്ലുവിളികൾ ഞാനും ഏറ്റെടുത്തിട്ടുണ്ട്. ജയിക്കാൻ കഴിയുന്ന ഏത് മണ്ഡലം നൽകാമെന്ന് പറഞ്ഞിട്ടു പോലും 2019ൽ ഞാൻ മത്സരിക്കാൻ നിന്നില്ല. താരിഖ് അൻവറിനോടാണ് പറഞ്ഞത്. അതുപോലെ മുരളീധരനും പറയാമായിരുന്നു. ഈ പാർട്ടി വഴിയാണ് എല്ലാ വിജയവും പദവികളും അദ്ദേഹം നേടിയത്. തൃശൂരിലേക്ക് പോകാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നിരിക്കാം. മുരളിയുടെ പിതാവ് കെ.കരുണാകനും സഹോദരിയുമൊക്കെ തൃശൂരിൽ തോറ്റിട്ടുണ്ട്. മുരളിയും മുൻപ് തൃശൂരിലും വടക്കാഞ്ചേരിയിലും തോറ്റിട്ടുണ്ട്. ആ വെല്ലുവിളി ഏറ്റെടുത്തേ പറ്റൂവെന്ന് മുരളിയോട് ആരും പറഞ്ഞിട്ടില്ല.
∙ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന മുരളീധരന്റെ തീരുമാനത്തോട് പ്രതികരണമെന്താണ്?
വിട്ടുനിൽക്കുമെന്ന് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഞാനൊക്കെ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ട്. പരാജയ സമയത്ത് വിട്ടുനിൽക്കുന്നുവെന്ന് ഞങ്ങൾ പറയാറില്ല. കെപിസിസിയുടെ ഓഫിസിൽനിന്നും തികച്ചും മോശമായ ഒരു സാഹചര്യത്തിൽ ഇറങ്ങിപോരേണ്ടി വന്നിട്ടും ഒരുദിവസം പോലും ഞാൻ അടങ്ങിയിരുന്നിട്ടില്ല. എല്ലാ ദിവസവും ഞാൻ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഇതുവരെ നേതൃത്വത്തിന് എതിരെ ഒരക്ഷരം ഞാൻ പറഞ്ഞിട്ടില്ല. മരിക്കുന്നതു വരെ കോൺഗ്രസുകാരനാണ്.
ജീവിച്ചിരിക്കുന്ന കോൺഗ്രസുകാരിൽ ഒരുഘട്ടത്തിലും ഈ പാർട്ടി വിട്ടുപോകാത്ത എന്നെപ്പോലെ മുതിർന്ന വേറെയാരും ഇന്നില്ല. അത് അഹങ്കാരമാണെന്ന് കരുതരുത്. ബാക്കിയെല്ലാവരും കോൺഗ്രസിന്റെ ട്രാക്കിൽ നിന്നും മാറിപ്പോയവരാണ്. എനിക്ക് മനഃപ്രയായമുണ്ടാകുന്ന ഒരുപാട് കാര്യങ്ങൾ ഈ പാർട്ടിയിൽ നിന്നുമുണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ പരസ്യമായി അലക്കാൻ ഞാൻ നിന്നിട്ടില്ല.
∙ മനഃപ്രയാസമുണ്ടായ കാര്യങ്ങൾ ആത്മകഥയായി എഴുതുമോ?
അതൊക്കെ മഹാന്മാരല്ലേ എഴുതുന്നത് (പൊട്ടിച്ചിരിക്കുന്നു)
∙ ഇപ്പോഴും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും അവഗണന നേരിടുന്നുണ്ടോ?
അതൊന്നും എനിക്ക് പ്രശ്നമല്ല. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ അവഗണനയൊന്നും ബാധിക്കാറില്ല. ഓരോ ദിവസവും പാർട്ടിക്കു വേണ്ടി ജോലി ചെയ്ത് തികഞ്ഞ ആത്മാർഥതയോടെയാണ് ഞാൻ വീട്ടിൽ തിരികെയെത്തുന്നത്. തിരികെയെത്തിയ ശേഷം ചൂടുവെള്ളത്തിൽ മേലുകഴുകിയിട്ട് ഉറങ്ങുമ്പോൾ നല്ല സംതൃപ്തിയാണ്.
∙ താങ്കൾ കഴിഞ്ഞതവണ സ്ഥാനാർഥിയാക്കിയ വ്യക്തിയാണല്ലോ രമ്യ ഹരിദാസ്. രമ്യയുടെ തോൽവിയെ എങ്ങനെ നോക്കിക്കാണുന്നു?
സത്യത്തിൽ രമ്യയുടെ തോൽവിയിൽ ഹൃദയവേദനയുണ്ട്. സംഭവിക്കാൻ പാടില്ലായിരുന്നു. അവരെ കഴിഞ്ഞതവണ സ്ഥാനാർഥിയാക്കിയതിൽ എനിക്കു മാത്രമല്ല ഉമ്മൻ ചാണ്ടിക്കും നല്ലൊരു പങ്കുണ്ട്. ഉമ്മൻ ചാണ്ടി ആ പേര് പറഞ്ഞപ്പോൾ തന്നെ ആ കുട്ടിയെയും അവരുടെ അമ്മയേയും എനിക്ക് അറിയാമായിരുന്നു. രമ്യയുടെ സ്ഥാനാർഥിത്വത്തെ എതിർത്ത് ഒരുവാക്ക് ഞാൻ പറഞ്ഞിരുന്നില്ല.
∙ യുവാക്കൾക്ക് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന അഭിപ്രായമുണ്ടോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 52 പുതുമുഖങ്ങളെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്. കേരളത്തിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ അതിനു മുൻപ് അങ്ങനെയുണ്ടായിട്ടില്ല. വനിതകൾക്കും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും മികച്ച പ്രാതിനിധ്യം നൽകി. അവരൊക്കെ പരാജയപ്പെട്ടത് എന്റെ മാത്രം കുറ്റം കൊണ്ടല്ല.
∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായി. പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണോ അതോ സംസ്ഥാന നേതാക്കൾ തന്നെ മത്സരിക്കണമോ?
അതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരരംഗത്തുണ്ടാകുമോ?
ഈ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള മത്സരത്തിലാണ് ഞാൻ.
∙ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള മത്സരമാണെങ്കിൽ രാഷ്ട്രീയകാര്യ സമിതിയിൽ അടക്കം പങ്കെടുത്തുകൂടെ?
ആ നിലപാട് ഞാൻ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. കെപിസിസി ഓഫിസിൽ ഇനി വരുന്ന ദിവസത്തെപ്പറ്റിയും ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്. ഞാൻ എല്ലാം ആലോചിച്ചാണ് പറയാറുള്ളത്. ജീവിതത്തിൽ പറഞ്ഞ വാക്ക് മാറ്റാറില്ല.