ADVERTISEMENT

തിരുവനന്തപുരം ∙ കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന മോഹവുമായാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുര്യത്തി അരുണ്‍ നിവാസില്‍ അരുണ്‍ ബാബു ഏഴു മാസം മുന്‍പ് കുവൈത്തിലേക്കു പോയത്. പിതാവ് മരിച്ചശേഷം കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അരുണ്‍. കുവൈത്തില്‍ അരുണിനൊപ്പം തീ വിഴുങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ കൂടിയാണ്. വിനീതയാണ് അരുണിന്റെ ഭാര്യ. മക്കള്‍: അഷ്ടമി, അമേയ. 

കടങ്ങള്‍ വീട്ടി വീടുവയ്ക്കാന്‍ വേണ്ടിയാണ് അരുണ്‍ കുവൈത്തിലേക്ക് പോയതെന്ന് അരുണിന്റെ കുഞ്ഞമ്മ കണ്ണീരോടെ പറഞ്ഞു. ‘‘അതിങ്ങനെ ദുരന്തമാകുമെന്നു ഒരിക്കലും കരുതിയില്ല. കുടുംബത്തിലെ ഏറ്റവും മൂത്ത ആണ്‍തരിയായിരുന്നു. അവനെ ചുറ്റിപ്പറ്റിയാണ് ഞങ്ങള്‍ എല്ലാവരും ജീവിച്ചിരുന്നത്, അതുപോയി. പതിനാലും മൂന്നും വയസ്സുള്ള രണ്ടു മക്കളുണ്ട്. അവര്‍ക്കാരുമില്ലാതെയായി’’ - കുഞ്ഞമ്മ പറഞ്ഞു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അരുണ്‍ ബാബു എന്‍ബിടിസി കമ്പനിയില്‍ ഷോപ് അഡ്മിന്‍ ആയിരുന്നു. രണ്ടു ദിവസമായി ഫോണില്‍ കിട്ടാതായതോടെ കുടുംബം ആശങ്കയിലായിരുന്നു. ഇടിത്തീപോലെയാണ് മരണവിവരം എത്തിയത്. അജിതകുമാരിയുടെയും പരേതനായ ബാബുവിന്റെയും മകനാണ്. സഹോദരന്‍: അമല്‍ ബാബു. സഹോദരി പരേതയായ അര്‍ച്ചന.

English Summary:

Arun Babu’s Journey from Nedumangad to Kuwait: A Dream of Debt-Free Living

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com