ADVERTISEMENT

മലപ്പുറം∙ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതുള്‍പ്പെടെയുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക പരാധീനതകളാണു തോല്‍വിക്കു കാരണമെന്നാണു വിലയിരുത്തല്‍. സംഘടനാപരമായ പ്രശ്നങ്ങളും വോട്ടിനെ സ്വാധീനിച്ചു. നമ്മള്‍ നല്ലതു പോലെ തോറ്റു, എന്തുകൊണ്ടാണെന്നു കണ്ടുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘‘തിരഞ്ഞെടുപ്പിൽ നല്ലതുപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നു പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ?. തോറ്റു. ഇനി എന്താണ് വേണ്ടത്? നമ്മൾ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലതുപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാൽ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേർക്കു കൊടുക്കേണ്ട പെൻഷൻ കുടിശിക കൊടുത്തുതീർക്കാനായിട്ടില്ല. തോൽവിയെ സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കി പഠിച്ചു തിരുത്തി മുന്നോട്ടു പോകും. 

സംഘടനാപരമായ പ്രശ്നങ്ങളും തോൽവിക്കു കാരണമാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഉണ്ടാവാൻ സാധ്യതയുള്ള പ്രവണതകൾ ഉണ്ടായിട്ടുണ്ട്. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡർമാരിലും ഉണ്ടാകും. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാൻ നമുക്ക് സാധിക്കില്ല. അതിന്റെ ചോർച്ച നമുക്കുണ്ട്. ബിജെപിയുടെ വളർച്ച സൂചിപ്പിക്കുന്നത് അതാണ്. തൃശൂരിൽ 86,000 വോട്ട് കോൺഗ്രസിന് കുറഞ്ഞു. നമുക്ക് 16,000 വോട്ടുകൾ കൂടി. പക്ഷേ, നമ്മുടെ വോട്ടും ചോർന്നു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

MV Govindan analyse CPM's Setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com