ADVERTISEMENT

ബാലു (സാങ്കല്പികം) കഴിഞ്ഞമാസം ഒരു കിലോ തക്കാളി വാങ്ങാന്‍ കൊടുത്തത് 30 രൂപയായിരുന്നു. ഈ മാസം അതേ തുക നല്‍കിയപ്പോള്‍ കടക്കാരന്‍ തന്നത് അരക്കിലോ മാത്രം! ചോദിച്ചപ്പോൾ വില കൂടിയതാണത്രേ. ഈ വിലക്കയറ്റമാണ് പണപ്പെരുപ്പം അഥവാ ഇന്‍ഫ്ളേഷന്‍. രാജ്യത്ത് നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലനിലവാരം ഉയരുന്നതിന്‍റെ സൂചികയാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ് (സിപിഐ) ഇന്‍ഫ്ളേഷന്‍ (റീട്ടെയ്ല്‍). പണപ്പെരുപ്പം കൂടി എന്നതിനർഥം ജീവിതച്ചെലവ് കൂടി എന്നുതന്നെ.

പണപ്പെരുപ്പവും ഭക്ഷ്യ വിലപ്പെരുപ്പവും

പണപ്പെരുപ്പം കൂടുമ്പോള്‍ സാധാരണക്കാരന്‍റെ ജീവിത ബജറ്റിന്‍റെ താളമാണു തെറ്റുന്നത്. വരുമാനം കൂടാതിരിക്കുകയും ദിവസേന വീട്ടിലേക്കു വാങ്ങുന്ന നിത്യോപയോഗ വസ്തുക്കളുടെയും ഉപയോഗിക്കുന്ന സേവനങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥ. വിലക്കയറ്റത്തോത് കണക്കാക്കുന്നതില്‍ നിര്‍ണായകമാണ് ഭക്ഷ്യോല്‍പന്നങ്ങളുടെ വില നിലവാരം അഥവാ ഫുഡ് ഇന്‍ഫ്ലേഷന്‍. പണപ്പെരുപ്പം കുറ‍ഞ്ഞുനിന്നാലും ഭക്ഷ്യ വിലപ്പെരുപ്പം കൂടുതലാണെങ്കില്‍ അതു ഗൗരവതരമാണെന്നു കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും വിലയിരുത്തുന്നു. ഇന്ത്യയില്‍ റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം ഒരുവര്‍ഷത്തെ താഴ്ചയായ 4.75 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യ വിലപ്പെരുപ്പം 8.7 ശതമാനത്തില്‍നിന്ന് 8.69 ശതമാനത്തിലേക്കു കുറഞ്ഞു. 

എന്താണ് ഭക്ഷ്യ വിലപ്പെരുപ്പം? സാധാരണക്കാരനെ എങ്ങനെ ബാധിക്കും?

ഭക്ഷ്യ വിലപ്പെരുപ്പം 8.5 ശതമാനത്തിനു മുകളില്‍ തുടരുന്നതു തുടര്‍ച്ചയായ നാലാം മാസമാണ്. ഇതു റിസര്‍വ് ബാങ്കിനെ വല്ലാതെ അലട്ടുന്നുമുണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, മുട്ട, മാംസം തുടങ്ങിയവയുടെ വില വര്‍ധനയാണ് കഴിഞ്ഞമാസവും ഭക്ഷ്യ വിലപ്പെരുപ്പം കൂടിനില്‍ക്കാന്‍ ഇടയാക്കിയത്. പ്രതികൂല കാലാവസ്ഥയില്‍ കാര്‍ഷികോല്‍പാദനം കുറയുമ്പോഴാണു പ്രധാനമായും ഭക്ഷ്യോല്‍പന്ന വില കൂടാറുള്ളത്. വിതരണശൃംഖലയിലെ തടസ്സങ്ങള്‍, ഡിമാന്‍ഡിനനുസൃതമായി ഉല്‍പന്നങ്ങള്‍ കിട്ടാത്ത അവസ്ഥ എന്നിവയും വിലവര്‍ധന സൃഷ്ടിക്കും. ഉയര്‍ന്ന ഉല്‍പാദനച്ചെലവ്, ചരക്കുനീക്ക കൂലി വര്‍ധന, ഇന്ധന വിലക്കയറ്റം എന്നിവയും ഭക്ഷ്യവിലയെ നേരിട്ടു ബാധിക്കും. ഫലത്തില്‍, നിത്യോപയോഗ സാധാനങ്ങള്‍ വാങ്ങാന്‍ ജനം കൂടുതല്‍ പണം ചെലവിടേണ്ടി വരും. ഇതു പണപ്പെരുപ്പത്തിനു വഴിയൊരുക്കും.

എന്താണ് തിരിച്ചടി?

പണപ്പെരുപ്പവും ഭക്ഷ്യ വിലപ്പെരുപ്പവും കൂടുന്നതിനു തടയിടാനായി റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ ഉയര്‍ത്തും. വിപണിയിലേക്കുള്ള അധികരിച്ച പണമൊഴുക്ക് കുറയ്ക്കുകയും അതുവഴി പണപ്പെരുപ്പം നിയന്ത്രിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അടിസ്ഥാന പലിശനിരക്ക് കൂട്ടുമ്പോള്‍ ബാങ്ക് വായ്പകളുടെ പലിശഭാരവും കൂടും. ഇത് ഇഎംഐ ബാധ്യത ഉയരാനിടയാക്കും. മറ്റൊരു പ്രതിസന്ധി മാന്ദ്യഭീതിയാണ് (റിസെഷന്‍). വില താങ്ങാവുന്നതിലും അധികമാകുമ്പോള്‍ പണം ചെലവിടാന്‍ ജനം മടിക്കും. മറ്റൊന്ന്, ചെലവിനൊത്ത വരുമാനം ഇല്ലാത്ത അവസ്ഥയുമാണ്. ഇത് മാന്ദ്യത്തിന് വഴിതുറക്കും. 

സാധാരണഗതിയില്‍ രാജ്യം ഇത്തരം അവസ്ഥയിലേക്കു കടക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രവും റിസര്‍വ് ബാങ്കും ഇടപെടാറുണ്ട്. സബ്സിഡികള്‍ അനുവദിക്കുക, ഉല്‍പന്നങ്ങളുടെ ആഭ്യന്തരവില പിടിച്ചുനിര്‍ത്താന്‍ കയറ്റുമതി നിയന്ത്രിക്കുക (ഉദാഹരണത്തിനു സവാളയ്ക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം), പൂഴ്ത്തിവയ്പ്പ് തടയുക, താങ്ങുവില നിശ്ചയിക്കുക, ഇറക്കുമതി തീരുവ കുറയ്ക്കുക തുടങ്ങിയ നടപടികളിലൂടെയാണ് ഇത് സാധ്യമാക്കുക.

English Summary:

Rising Food Prices: How Inflation Impacts Your Living Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com