കെണിയൊരുക്കൂ, വീഴാന്‍ റെഡിയായി ഞങ്ങളുണ്ട്; സൈബര്‍ തട്ടിപ്പുകാര്‍ക്ക് തലസ്ഥാനത്ത് ചാകരക്കാലം
Mail This Article
തിരുവനന്തപുരം ∙ നഗരത്തില്‍ വ്യാപകമായി വലവിരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങളുടെ കെണിയില്‍പെട്ട് ഒരു മാസത്തിനുള്ളില്‍ പലര്‍ക്കും നഷ്ടമായത് കോടികള്‍. അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് തട്ടിപ്പിനിരയാത്. പല തരത്തില്‍ ബോധവല്‍ക്കരണം നല്‍കിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഇത്തരക്കാരുടെ തട്ടിപ്പില്‍ ചെന്നു വീഴുന്നത് ആശ്ചര്യമാണെന്നു സൈബര്‍ പൊലീസ് തന്നെ പറഞ്ഞു.
തട്ടിപ്പിനിരയായ ശേഷവും പരാതി നല്‍കാന്‍ വൈകുന്നതിനാല്‍ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുന്നില്ലെന്ന് സൈബര്‍ പൊലീസ് എസിപി സി.എസ്.ഹരി പറഞ്ഞു. കെണിയില്‍ വീണതിന്റെ നാണക്കേട് മൂലം പലരും വീട്ടിലുള്ളവരോടു പോലും വിവരം പറയുന്നില്ല. പരാതി ലഭിക്കാന്‍ വൈകുന്നതു മൂലം തട്ടിപ്പുകാര്‍ പണം പിന്‍വലിച്ച് രക്ഷപ്പെടുകയാണെന്നും എസിപി പറഞ്ഞു. ഷെയര്‍ ട്രേഡിങ്ങിലൂടെ കോടികള്‍ ലാഭമുണ്ടാക്കുമെന്നു പറഞ്ഞും സര്‍പ്രൈസ് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചും സൈബര്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘങ്ങള്‍ കെണിയൊരുക്കി ഇരകളെ വീഴ്ത്തുന്നത്.
∙ അറസ്റ്റ് ഒഴിവാക്കാന്‍ 50 ലക്ഷം
ഏറ്റവുമൊടുവില്‍, തിങ്കളാഴ്ച കവടിയാര്‍ സ്വദേശിക്കു നഷ്ടമായത് നാലുലക്ഷം രൂപയാണ്. സിബിഐ ഓഫിസര്‍മാര്‍ ചമഞ്ഞാണ് തട്ടിപ്പുകാര്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടത്. മുംബൈയില്‍ ഹവാല ഇടപാടുകാരന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ കവടിയാര്‍ സ്വദേശിയായ അറുപത്തിയാറുകാരന്റെ എടിഎം കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ലഭിച്ചുവെന്നും ഒരു മാസത്തിനുള്ളില്‍ ഇവ ഉപയോഗിച്ച് 20 കോടിയുടെ ഇടപാടു നടന്നുവെന്നും ഫോണില്‍ ‘സിബിഐ ഓഫിസര്‍മാര്‍’ ഭീഷണിപ്പെടുത്തി. നരേഷ് ഗോയല്‍ എന്ന ഹവാല ഇടപാടുകാരന് കമ്മിഷന്‍ വാങ്ങി ബാങ്ക് വിവരങ്ങളും എടിഎമ്മും വാടകയ്ക്കു കൊടുത്തത് എന്തിനെന്നായിരുന്നു ചോദ്യം. ചോദ്യം ചെയ്യലിന് വിഡിയോ കോളില്‍ എത്താന്‍ ആവശ്യപ്പെട്ടു. വിഡിയോ കോളില്‍ യൂണിഫോമില്‍ എത്തിയ തട്ടിപ്പുകാര്‍ അറസ്റ്റ് ഒഴിവാക്കാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. കവടിയാര്‍ സ്വദേശി അറസ്റ്റ് ഭയന്ന് മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 4 ലക്ഷം രൂപ ഇവര്‍ക്കു കൈമാറി. തുടര്‍ന്നാണ് തട്ടിപ്പു മനസ്സിലാക്കി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു.
∙ സർപ്രൈസ് ഗിഫ്റ്റ് തട്ടിപ്പ്
കാനഡയിൽനിന്നു കോടികൾ വിലയുള്ള സർപ്രൈസ് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് പൂജപ്പുര സ്വദേശിയായ അധ്യാപികയിൽനിന്നു 24 ലക്ഷം രൂപ തട്ടിയെടുത്തത്. ഫെയ്സ്ബുക് മെസഞ്ചറിൽ സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനമായി അയയ്ക്കുന്ന സർപ്രൈസ് ഗിഫ്റ്റ് പായ്ക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങളും അധ്യാപകയ്ക്കു അയച്ചു കൊടുത്തിരുന്നു. പിന്നീട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു ഫോൺകോൾ വന്നു. വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി പണം ആവശ്യപ്പെട്ടു. ഈ വിവരം കാനഡയിൽ നിന്നാണെന്നു പറഞ്ഞു സന്ദേശം അയയ്ക്കുന്ന സുഹൃത്തിനെ അറിയിച്ചപ്പോൾ, ഇന്ത്യയിൽ മാത്രമാണ് പ്രോസസിങ് ഫീസ് ഈടാക്കുന്നതെന്നും മറ്റിടങ്ങളിൽ നൂലാമാലകൾ ഇല്ലെന്നും പറഞ്ഞ് അധ്യാപികയെ വിശ്വസിപ്പിച്ചു. ഇതു പ്രകാരം പല തവണകളായി ഇവർ ലക്ഷങ്ങൾ അയച്ചു കൊടുത്തു. പിന്നീട്, പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സ്വർണാഭരണങ്ങളും ബ്രിട്ടിഷ് പൗണ്ടും കണ്ടെന്നും പാഴ്സൽ ബാഗുകളിൽ വിലകൂടിയ വസ്തുക്കൾ അയയ്ക്കുന്നതു തെറ്റാണെന്നും മൂല്യത്തിന്റെ ചെറിയ ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും ഉദ്യോഗസ്ഥർ എന്ന വ്യാജ്യേന വിളിച്ചവർ പറഞ്ഞു. അതനുസരിച്ച് അധ്യാപിക പണമടച്ചെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു.
∙ അയച്ച പാഴ്സലിൽ ലഹരിമരുന്നെന്ന് ഭീഷണി
തയ്‍വാനിലേക്ക് അയച്ച പാഴ്സലിൽ ലഹരിമരുന്നു കണ്ടെത്തി എന്നറിയിച്ചു ഭീഷണിപ്പെടുത്തിയാണ് വഞ്ചിയൂർ സ്വദേശിയായ വനിതാ ഡോക്ടറിൽനിന്ന് 1.61 കോടി രൂപ തട്ടിയെടുത്തത്. സൈബർ പൊലീസ് ഓഫിസർ ചമഞ്ഞാണ് ഡോക്ടറെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. കേസ് റജിസ്റ്റർ ചെയ്ത പേട്ട പൊലീസ് പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകളില്‍ ഒരെണ്ണം മരവിപ്പിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. തട്ടിയെടുത്ത 1.61 കോടിയില്‍ ആറു ലക്ഷം രൂപയാണ് ഈ അക്കൗണ്ടിലുള്ളത്. ബാക്കി തുക അസം, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലാണുള്ളത്. പൊലീസ് പിടികൂടാതിരിക്കാനാണ് വ്യത്യസ്ത അക്കൗണ്ടുകളില്‍ പണം ഇടുന്നതെന്നു പൊലീസ് പറഞ്ഞു.
മുംബൈ സൈബർ ക്രൈം വിഭാഗത്തിലെ മുതിർന്ന ഓഫിസറെന്ന വ്യാജേന വിളിച്ചായിരുന്നു തട്ടിപ്പ്. ഒരു കുറിയർ കമ്പനിയുടെ കസ്റ്റമർ സർവീസ് സെന്ററിൽനിന്ന് എന്നു പരിചയപ്പെടുത്തി വന്ന ഒരു ഫോൺ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. ഡോക്ടറുടെ പേരിൽ മുംബൈയിൽനിന്നു തയ്‌വാനിലേക്ക് ഒരു പാഴ്സൽ അയച്ചിട്ടുണ്ടെന്നും അതിൽ പാസ്പോർട്ട്, കുറച്ചു തുണിത്തരങ്ങൾ എന്നിവയ്ക്കൊപ്പം ലഹരിമരുന്നും കണ്ടെത്തിയതിനാൽ മുംബൈ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും അറിയിച്ചു.
പാഴ്സൽ അയക്കുന്നതിന് ഡോക്ടറുടെ അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു. താൻ മുംബൈയിൽ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്സൽ അയച്ചിട്ടില്ലെന്നും ഡോക്ടർ പറഞ്ഞപ്പോൾ മുബൈ പൊലീസുമായി കണക്ട് ചെയ്തു തരാമെന്ന് അറിയിക്കുകയും തുടർന്ന് സൈബർ ഉദ്യോഗസ്ഥൻ എന്ന ഭാവേന ഒരാൾ ഡോക്ടറോട് വിഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. ഡോക്ടറുടെ ആധാർ നമ്പർ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്നു വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കി. ഡോക്ടർ അയച്ചു കൊടുത്ത ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽനിന്ന്, ഒന്നരക്കോടിയോളം രൂപ സ്ഥിരനിക്ഷേം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പ് സംഘം ഇതിന്റെ വിവരങ്ങൾ ശേഖരിച്ചു.
പണം നിയമവിധേയമാണോയെന്ന് അറിയാൻ പരിശോധിക്കണമെന്നും അല്ലെങ്കിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുക്കുമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞു. ഇവർ പറഞ്ഞ പ്രകാരം ഡോക്ടർ ബാങ്ക് അക്കൗണ്ടിൽനിന്ന് 1.61 കോടി രൂപ മുംബൈ അന്ധേരി ബ്രാഞ്ചിലെ രണ്ട് അക്കൗണ്ട് നമ്പറുകളിലേക്ക് അയച്ചു കൊടുത്തു. 2 മണിക്കൂറിനുള്ളിൽ പണം തിരികെ നൽകുമെന്നായിരുന്നു പൊലീസ് ഓഫിസർ ചമഞ്ഞ് വിളിച്ചയാൾ പറഞ്ഞത്. ഇതു വിശ്വസിച്ച് ഡോക്ടർ 2 മണിക്കൂർ കാത്തിരുന്നു. തുടർന്നു ഇവരെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
∙ ഓഹരിയില്‍ കോടികളുടെ ലാഭം പറഞ്ഞ് തട്ടിയത് കോടികള്‍
ഓഹരിക്കച്ചവടത്തില്‍ കോടികളുടെ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞാണ് കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയത്. ഒരു ഡോക്ടറും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പണം നഷ്ടപ്പെട്ടു. ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് സോഫ്റ്റ്‌വെയർ എൻജിനീയർ തട്ടിപ്പുകാർക്കു കൊടുത്തത് 1.8 കോടി രൂപയാണ്. പോങ്ങുംമൂട്ടിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിക്കാണ് പണം നഷ്ടമായത്. മൊബൈൽ ഫോൺ നമ്പറിലേക്കു ഷെയർ മാർക്കറ്റിന്റെ പേരിലുള്ള വാട്സാപ് സന്ദേശം വന്നതായിരുന്നു തുടക്കം. പിന്നീട് ഗ്രൂപ്പിൽ ചേർക്കുകയും ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അംഗീകൃത ഷെയർ മാർക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ച ശേഷം ഗ്രൂപ്പിലെ അംഗങ്ങൾക്ക് നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് പലതരം സ്ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവച്ചു.
പിന്നീട് മൊബൈൽ ഫോണിൽ ട്രേഡിങ് ആപ് ആണെന്ന് പറഞ്ഞ് ഒരു ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിൽ ആദ്യം കുറച്ച് പണമാണു നിക്ഷേപിച്ചത്. ഇത് അടുത്ത ദിവസം ഇരട്ടിയായി ആപ്പിൽ കാണിച്ചു. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശ പ്രകാരം ഇയാൾ 2 അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചു നൽകി. ആപ്പിൽ തുക നാലിരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. പണം പിൻവലിക്കണമെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് അവർ പറയുന്ന അക്കൗണ്ടിലേക്കും പണം അയച്ചു കൊടുത്തു. സംഭവം തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടിൽ നിന്നു 1.8 ലക്ഷം രൂപ നഷ്ടമായിരുന്നു.
സമാനമായ തട്ടിപ്പിൽ ഉള്ളൂർ സ്വദേശിയായ ഡോക്ടർക്ക് 3.42 കോടി രൂപ നഷ്ടമായി. ഫെബ്രുവരി 19ന് ഒരു ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച് ടീമാണെന്നു പറഞ്ഞ് ഡോക്ടറുടെ വാട്സാപ്പിലേക്ക് സന്ദേശം അയച്ചു. സന്ദേശം വായിച്ചതിനു പിന്നാലെ ഡോക്ടറെ ഒരു വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കി. ശേഷം ഗ്രൂപ്പിലെ അംഗങ്ങൾക്ക് നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് പലതരം സ്ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവച്ചു. പിന്നീട് മൊബൈൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിൽ ആദ്യം 1500 രൂപയാണ് ഡോക്ടർ നിക്ഷേപിച്ചത്. ഇത് അടുത്ത ദിവസം 7500 രൂപയായതായി ആപ്പിൽ കാണിച്ചു. ഇതോടെ കൂടുതൽ പണം ഡോക്ടർ നിക്ഷേപിച്ചു. ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശപ്രകാരം ഡോക്ടർ 10 അക്കൗണ്ട് നമ്പറുകളിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകി. ആപ്പിൽ തുക നാലിരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. പണം പിൻവലിക്കണമെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് പണം അയച്ചു. അതു തിരിച്ചുകിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്. സ്ഥിര നിക്ഷേപമായി ബാങ്കിൽ കിടന്ന പണവും സ്വർണം പണയപ്പെടുത്തിയും വായ്പ എടുത്തും സമാഹരിച്ചതും അടക്കം 3.42 കോടി രൂപ നഷ്ടമായെന്നു ഡോക്ടർ പറഞ്ഞു. ഷെയർ ട്രേഡിങ് കെണിയിൽ വീണ മണ്ണന്തല സ്വദേശിയായ ഗവ.എൻജിനീയർക്ക് 7.70 ലക്ഷം രൂപയാണ് നഷ്ടമായത്.
ഓൺലൈൻ ജോലി തട്ടിപ്പിൽ തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജർക്ക് നഷ്ടമായത് 7 ലക്ഷം രൂപ. ബാങ്ക് മാനേജറായ യുവാവ് ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് തട്ടിപ്പുകാരുടെ വലയിലായത്. വ്യാജ സൈറ്റിലെ ലിങ്കിൽ കയറിയതിനു പിന്നാലെ ഇയാളെ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാക്കി. വിഡിയോകൾ ലൈക്ക് ചെയ്യുമ്പോൾ പണം അക്കൗണ്ടിൽ എത്തുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഇരട്ടി പണം കിട്ടി. കൂടുതൽ പണം കിട്ടണമെങ്കിൽ ബിറ്റ് കോയിനിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. പണം നിക്ഷേപിച്ചതോടെ തന്റെ വെർച്വൽ അക്കൗണ്ടിൽ തുക ഇരട്ടിയാകുന്നത് കണ്ട് കൂടുതൽ പണം ഇറക്കി. പിന്നീട് ഈ തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെ ആണ് തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്.