ADVERTISEMENT

കൽപറ്റ∙ അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് സ്ഥാനാർഥിയായി വന്നത്, മടങ്ങുന്നതും അങ്ങനെതന്നെ. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ വയനാട് തന്റെ കുടുംബമാണെന്ന സന്ദേശം വീണ്ടും നൽകിയാണ് രാഹുലിന്റെ മടക്കം. വയനാട്ടിലെ ജനങ്ങൾക്കൊപ്പം താന്‍ ഇനിയുമുണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് ഏറെക്കാലമായി കോൺഗ്രസിൽ ഉയരുന്ന ആവശ്യമാണ്. പല സംസ്ഥാനങ്ങളും പ്രിയങ്കയ്ക്ക് മത്സരിക്കാനായി സീറ്റുകൾ കണ്ടെത്തിയെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പ്രിയങ്ക ഒഴിഞ്ഞുനിന്നു. ആദ്യമായി മത്സരത്തിന് ഇറങ്ങുമ്പോൾ അതിനുള്ള അവസരം കേരളത്തിനായി.

ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും ഒന്നിപ്പിക്കുക എന്ന സന്ദേശം നൽകാനാണ് അമേഠിയിലെ സിറ്റിങ് എംപിയായ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്. അമേഠിയിൽ ജയിച്ചാൽ രാഹുൽ വയനാട് ഒഴിവാക്കുമെന്ന് അന്നു തന്നെ പ്രചാരണമുണ്ടായിരുന്നെങ്കിലും ജനം അതു തള്ളി വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു. അമേഠിയിൽ തോറ്റതോടെ രാഹുൽ വയനാട്ടുകാരുടെ സ്വന്തം എംപിയായി. വയനാട് തന്റെ കുടുംബമാണെന്നു വിശേഷിപ്പിച്ച രാഹുൽ, കുടുംബത്തെ വിട്ട് പോകുമോ എന്നതായിരുന്നു ഇത്തവണത്തെ പ്രധാന ചർച്ചാ വിഷയം. ഭൂരിഭാഗം പേരും പ്രതീക്ഷിച്ചപോലെ രാഹുൽ വയനാട് വിട്ടു. പകരം, കുടുംബ ബന്ധം നിലനിർത്താൻ കുടുംബത്തിൽനിന്ന് മറ്റൊരാളെത്തുന്നു.

രാഹുൽ ഗാന്ധിക്ക് വയനാട് വിടാൻ വ്യക്തിപരമായി താൽപര്യമില്ലായിരുന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാണു തീരുമാനമെടുത്തത്. ഹിന്ദി ഹൃദയഭൂമിയായ യുപിയിൽ രാഹുൽ ഗാന്ധി പ്രതിനിധിയായി തുടരണമെന്നു മുതിർന്ന നേതാക്കൾ നിർദേശിച്ചു. ഉത്തർപ്രദേശിൽ തുടരണമെന്ന് ഇന്ത്യാ സഖ്യകക്ഷികളും സമ്മർദം ചെലുത്തിയിരുന്നു. വയനാട്ടിലേക്കാൾ ഭൂരിപക്ഷം ഇത്തവണ റായ്ബറേലിയിൽ ലഭിക്കുകയും ചെയ്തു. യുപിയിൽ ഇന്ത്യാ മുന്നണി നേടിയ തിളക്കമാർന്ന ജയത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ വടക്കേ ഇന്ത്യയിൽ കേന്ദ്രീകരിക്കാൻ നിർദേശിച്ചപ്പോൾ വയനാട്ടിൽ പകരം ആര് എന്ന ചോദ്യം ഉയർന്നു. കേരളത്തിൽനിന്നുള്ള നേതാക്കളുടെ പേരുകൾ ഉയർന്നെങ്കിലും ജനങ്ങൾ ഈ ഘട്ടത്തിൽ അത് സ്വീകരിക്കുമോ എന്ന തരത്തിൽ ചർച്ചകളുണ്ടായി. രാഹുൽ മറ്റൊരു മണ്ഡലത്തിനായി വയനാട് ഉപേക്ഷിച്ചെന്ന തോന്നൽ ഒഴിവാക്കാൻ ഗാന്ധി കുടുംബത്തിൽനിന്നും ഒരാൾ വരണമെന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ തീരുമാനിച്ചത്.  

രാഹുൽ വയനാട് ഒഴിയുകയും പ്രിയങ്ക മത്സരിക്കാതിരിക്കുകയും ചെയ്താൽ വയനാട് കുടുംബമാണെന്ന രാഹുലിന്റെ വാക്കുകൾ പൊള്ളയാണെന്ന് ജനം പറയുമെന്ന് കേരളത്തിലെ മുതിർന്ന നേതാക്കളും രാഹുലിനെ അറിയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ അത് ബാധിക്കാനിടയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പ്രിയങ്കയാണ് വരുന്നതെങ്കിൽ വൻഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞതോടെ പ്രിയങ്കയ്ക്ക് ആദ്യ മത്സരത്തിന് അവസരമൊരുങ്ങി. രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിൽ പ്രിയങ്ക അല്ലാതെ മറ്റൊരു സ്ഥാനാർഥിയെ ജയിപ്പിക്കണമെങ്കിൽ കോൺഗ്രസ് നന്നായി പരിശ്രമിക്കേണ്ടിവരുമെന്നു നേതൃത്വം വിലയിരുത്തിയിരുന്നു. കെ.മുരളീധരന്റെ പേര് ഉയർന്നുകേട്ടെങ്കിലും ഇനിയും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക മത്സരിക്കുന്നതോടെ സ്ഥാനാർഥി നിർണയത്തിലുണ്ടായേക്കാവുന്ന തർക്കങ്ങളും ഒഴിവായി. 

English Summary:

Rahul Gandhi Bids Farewell to Wayanad, But Keeps the Gandhi Legacy Alive with Priyanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com