ADVERTISEMENT

തിരുവനന്തപുരം ∙ നാലു വര്‍ഷം മുന്‍പ് കോവിഡ് കാലത്തായിരുന്നു ആ തിരോധാനം. പട്ടാപ്പകല്‍ ബാങ്കില്‍ നിന്നിറങ്ങി സ്‌കൂട്ടറില്‍ 50 പവനും 50,000 രൂപയുമായി പോകുന്നതിനിടെ കുളപ്പട സുവര്‍ണ നഗര്‍ ഏദന്‍ നിവാസില്‍ കെ.മോഹനന്‍ (56)  നടുറോഡില്‍നിന്ന് അപ്രത്യക്ഷനായി. കേസില്‍ അതിനൂതന ശാസ്ത്രീയ പരിശോധനയിലൂടെ തുമ്പ് കണ്ടെത്താനൊരുങ്ങുകയാണു ക്രൈംബ്രാഞ്ച്.

സംശയാസ്പദമായ ചില സ്ഥലങ്ങളില്‍നിന്നു കിട്ടിയ രക്തസാംപിളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ രക്തസാംപിളുകള്‍ മൈറ്റോ കോണ്‍ട്രിയല്‍ ഡിഎന്‍എ പരിശോധനയ്ക്കു നല്‍കിയിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി.മധുസൂദനന്‍ പറഞ്ഞു. എവിടെനിന്നാണു രക്തസാംപിളുകള്‍ ലഭിച്ചതെന്ന് വെളിപ്പെടുത്താനാവില്ല. കിട്ടിയ രക്തസാംപിളുകള്‍ ഡിഎന്‍എ പ്രൊഫൈലിങ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നൂതന പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോടെക്‌നോജി സെന്ററില്‍ നല്‍കിയിരിക്കുന്നത്.

മോഹനന്റെ ബന്ധുക്കളില്‍നിന്നു ശേഖരിച്ച രക്തസാംപിളുമായി ഒത്തു നോക്കി പരിശോധനാ ഫലം വന്നാല്‍ മാത്രമേ അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ പറയാനാവൂ എന്നും എസ്പി പറഞ്ഞു. 2020 മേയ് എട്ടിന് ബാങ്കില്‍ പോയി മടങ്ങുന്നതിനിടെയാണ് പേരൂര്‍ക്കട- നെടുമങ്ങാട് റോഡില്‍വച്ച് മോഹനനെ കാണാതായത്. ഭാര്യാസഹോദരന്‍ ജയകുമാര്‍ പറണ്ടോട്ട് നടത്തുന്ന ഫിനാന്‍സ് സ്ഥാപനത്തില്‍ പണയമായി ലഭിക്കുന്ന സ്വര്‍ണം പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ കൊണ്ടുപോയി വയ്ക്കുന്നതും പഴയ പണയം തിരികെ കൊണ്ടുവരുന്നതും മോഹനനായിരുന്നു.

ലോക്കല്‍ പൊലീസും റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കരകുളം, ഏണിക്കര ഭാഗത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം കരകുളം പാലത്തിന് അടിയില്‍‌നിന്ന് 200 മീറ്റര്‍ അകലെ ബണ്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഹനനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ബന്ധുക്കള്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 

ആറാം കല്ല് വരെ മോഹനന്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായെങ്കിലും പിന്നെ എങ്ങോട്ട് പോയി എന്ന കാര്യത്തില്‍, അന്വേഷണം തുടങ്ങി നാല് വര്‍ഷം പിന്നിട്ടിട്ടും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായുള്ള മോഹനന്റെ പതിവാണ് ബാങ്കിലേക്കും തിരിച്ചുമുള്ള യാത്ര ആയതിനാൽ കവര്‍ച്ചാസാധ്യതയും പൊലീസ് അന്വേഷിച്ചിരുന്നു. സ്‌കൂട്ടര്‍ അടക്കം അപ്രത്യക്ഷമായതിന്റെയും ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താനാവാത്തതിന്റെയും ദുരൂഹത ബാക്കിയാണ്. കെഎല്‍21പി 2105 സ്‌കൂട്ടറില്‍ ആയിരുന്നു മോഹനന്റെ യാത്ര. പത്ത് വര്‍ഷമായി ജയകുമാറിന്റെ സ്ഥാപനത്തിലായിരുന്നു ജോലി.

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ 11.02ന് മോഹനന്‍ സ്‌കൂട്ടറില്‍ കടന്നുപോയതായി കാണുന്നുണ്ട്. എന്നാല്‍ പോകുന്ന വഴിയില്‍ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഹനന്റെ സ്‌കൂട്ടര്‍ കാണാനുണ്ടായിരുന്നില്ല. 8ന് രാവിലെ ഈ ഭാഗങ്ങളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പല കടകളുടെയും സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പ് ലഭിച്ചില്ല. തെങ്കാശിയിലേക്കു പോകുന്ന പ്രധാന റോഡില്‍നിന്ന് ആളെ തട്ടിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു.

ബാങ്കില്‍നിന്ന് ഇറങ്ങിയ മോഹനനെ ഏതെങ്കിലും വാഹനങ്ങള്‍ പിന്തുടര്‍ന്നിരുന്നോ എന്നതും അന്വേഷിച്ചു. മോഹനന് സാമ്പത്തിക ബാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള്‍ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

ലോക്ഡൗണ്‍ സമയത്ത് യാത്രാ നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ ജില്ല വിട്ടു പോകാനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറയുന്നു.മോഹനനെ തട്ടികൊണ്ടുപോയെങ്കില്‍ പണം ആവശ്യപ്പെട്ട് ആരെങ്കിലും ബന്ധപ്പെടണം, അതുണ്ടായിട്ടില്ല. തട്ടികൊണ്ടുപോകണമെങ്കില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടെ കൊണ്ടുപോകേണ്ട കാര്യമില്ല. കൊല്ലപ്പെട്ടെങ്കില്‍ മൃതദേഹം എവിടെനിന്നെങ്കിലും കണ്ടെത്തണം. പല അജ്ഞാത മൃതദേഹങ്ങളും പരിശോധിച്ചെങ്കിലും മോഹനന്റേതായിരുന്നില്ല.

തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. റോഡില്‍ പിടിവലി നടന്നതായി ഒരാളുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സ്‌കൂട്ടര്‍ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയാല്‍ ആരെങ്കിലും ശ്രദ്ധിക്കേണ്ടതാണെങ്കിലും അതുമുണ്ടായില്ല.

സാധാരണ ഫോണാണ് മോഹനന്‍ ഉപയോഗിച്ചിരുന്നത്. ഫോണില്‍വന്ന അഞ്ഞൂറിലധികം നമ്പരുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തില്‍നിന്ന് 2 തവണ കോള്‍ വന്നതൊഴിച്ചാല്‍ മറ്റു കോളുകളും ഉണ്ടായിരുന്നില്ല. മോഹനന്‍ പട്ടാപ്പകല്‍ അപ്രത്യക്ഷനായ സംഭവത്തിന്റെ ചുരുളഴിക്കാന്‍ ശാസ്ത്രീയ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ചും നാട്ടുകാരും ബന്ധുക്കളും.

English Summary:

Are those suspicious blood samples critical?; 4 years since K Mohanan disappeared in broad daylight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com