‘ഗവർണറുടെ നടപടികൾ കേരളത്തിൽ ബിജെപി മുന്നേറ്റത്തിന് ഉപകരിച്ചു’; ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും നിയമിച്ചേക്കും
Mail This Article
തിരുവനന്തപുരം ∙ സെപ്റ്റംബറിൽ കാലാവധി പൂർത്തിയാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സംസ്ഥാന ഗവർണറായി നിയമിച്ചേക്കുമെന്ന് സൂചന. 5 വർഷത്തേക്കാണു ഗവർണറുടെ നിയമനമെങ്കിലും കാലാവധി തീരുന്നതിനു മുൻപായി കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം രാഷ്ട്രപതിക്കു ചുമതല നീട്ടി നൽകാം. കാലാവധി പൂർത്തിയാക്കിയാൽ പുതിയ നിയമനം ഉണ്ടാകുന്നതുവരെ തുടരാനുമാകും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ ഗവർണറുടെ ചില നടപടികൾ ഉപകരിച്ചിട്ടുണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയ ചായ്‌വോടെയുള്ള സംസ്ഥാന സർക്കാരിന്റെ പല നടപടികളെയും ആരിഫ് മുഹമ്മദ് ഖാൻ തുറന്ന് എതിർക്കുകയും തടയിടുകയും ചെയ്തുവെന്ന് കേന്ദ്ര സർക്കാരും കരുതുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ തടയുകയും പിന്നീട് രാഷ്ട്രപതിക്ക് അയച്ചതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള തുറന്ന പോര് സംസ്ഥാനത്ത് വോട്ടർമാരെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവർണറായി നിയമിക്കാൻ ആലോചന നടക്കുന്നത്. വൈസ് ചാൻസലർ നിയമനം, സർവകലാശാലകളുമായി ബന്ധപ്പെട്ട പരാതികളിൽ ഗവർണർ വീണ്ടും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.