ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ സിപിഐ തന്നെ മത്സരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും. സിപിഐ മത്സരരംഗം വിടണമെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ടെന്നും പാർട്ടി സ്ഥാനാർഥി തന്നെ വയനാട്ടിൽ മത്സരിക്കുമെന്നും ബിനോയ് വിശ്വം മനോരമ ഓൺലൈനിനോട് പറഞ്ഞു. വയനാട്ടിൽ സിപിഐ നേതാവ് ആനി രാജയാണ് എൽഡിഎഫിനായി മത്സരിച്ചത്. രാഹുൽ ഗാന്ധി 3.64 ലക്ഷം വോട്ടിനാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി.

‘‘കോൺഗ്രസിന്റെ മനസിലെ പദ്ധതി ഇതായിരുന്നു എങ്കിലും അവർ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കാൻ പാടില്ലായിരുന്നു. കേരളത്തിലെ  കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത് ശരിയായില്ല. ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയ മുഖമാണ് കോൺഗ്രസും സിപിഐയും. ഞങ്ങൾ മത്സരിക്കുന്നത് പ്രധാനമായും ബിജെപിക്ക് എതിരായാണ്. ബിജെപിയുടെ ശക്തി കേന്ദ്രമായ വടക്കേ ഇന്ത്യയിൽ ഒരിടത്തും മത്സരിക്കാതെ ബിജെപി ജയിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തേക്ക് രാഹുലിനെ മത്സരിക്കാൻ എത്തിച്ചത് രാഷ്ട്രീയമായി തെറ്റാണ്. ആ തെറ്റ് കോൺഗ്രസിന്റെ ദൂരക്കാഴ്ച ഇല്ലായ്മയുടെ ഫലമാണ്’’–ബിനോയ് വിശ്വം പറഞ്ഞു.

‘‘സിപിഐ വയനാട്ടിൽ മത്സരിക്കും. സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും. സ്ഥാനാർഥിയെക്കുറിച്ച് എനിക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയാൻ കഴിയില്ല. സ്ഥാനാർഥി നിർണയത്തിന് പാർട്ടിക്ക് രീതിയുണ്ട്. ഞങ്ങൾ മത്സരരംഗം വിടണമെന്ന വാദം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.  ഞങ്ങൾ മത്സരരംഗത്ത് ഉണ്ടാകും. കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം എല്ലാവർക്കും അറിയാം. ഞങ്ങൾ രംഗം വിട്ടാൽ ഒരുപാട് വോട്ടുകൾ ബിജെപിയിലേക്ക് പോകും. ബിജെപിയെ ശക്തിപ്പെടുത്തുന്ന ഒന്നും സിപിഐ ചെയ്യില്ല. അതിനാൽ മത്സരരംഗത്തുണ്ടാകും’’–ബിനോയ് വിശ്വം പറഞ്ഞു. 

English Summary:

CPI to Challenge Priyanka Gandhi in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com