മന്ത്രി കെ.രാധാകൃഷ്ണൻ രാജിവച്ചു; ‘കോളനി’ പരാമർശം മാറ്റാനുള്ള ഉത്തരവിട്ട് പടിയിറക്കം
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവച്ച് കെ.രാധാകൃഷ്ണൻ. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നറിയപ്പെടുന്നത് മാറ്റാനുള്ള തീരുമാനത്തോടെയാണ് മന്ത്രി കെ.രാധകൃഷ്ണന്റെ പടിയിറക്കം. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കോളനി, സങ്കേതം, ഊര് എന്നീ പേരുകളില്‍ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിന് കാരണമാകുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. പേരുകള്‍ കാലാനുസൃതമായി മാറ്റണമെന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നഗര്‍, ഉന്നതി, പ്രകൃതി മുതലായ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളോ തിരഞ്ഞെടുക്കാം. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരു നല്‍കുന്നത് തര്‍ക്കത്തിന് ഇടയാക്കുമെന്നതിനാല്‍ അത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേര് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ അതു തുടരാം.
1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്ക് രാധാകൃഷ്ണന്റെ ആദ്യജയം. ആദ്യ അവസരത്തിൽത്തന്നെ മന്ത്രിപദവി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി - പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006 ൽ സ്പീക്കർ. 2011 ലും ചേലക്കര നിന്നു വിജയിച്ചു. 2016 ൽ മത്സരിച്ചില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ദലിത് ശോഷൻ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സ്വതസിദ്ധമായ മൃദുശബ്ദത്തിലാണ് മന്ത്രി കെ.രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടും യാത്ര പറഞ്ഞിരുന്നു. ‘സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി’–രാധാകൃഷ്ണൻ പറഞ്ഞു. ചോദ്യോത്തരവേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ചോദ്യത്തിനാണ് നിയമസഭയിലെ അവസാന ഉത്തരം മന്ത്രി പറഞ്ഞത്. ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതു ദേവികുളത്തായതു പ്രദേശവാസികൾക്കു ബുദ്ധിമുട്ടായതിനാൽ ഇടമലക്കുടിയിലേക്കു മാറ്റി സ്ഥാപിക്കുമോ എന്നായിരുന്നു എം.വി.ഗോവിന്ദന്റെ ചോദ്യം. വാഹനസൗകര്യമില്ലാത്തതാണു തടസ്സമെന്നും അതുണ്ടായാൽ ഉടൻ പഞ്ചായത്ത് ആസ്ഥാനം ഇടമലക്കുടിയിലേക്കു മാറ്റുമെന്നും മന്ത്രി മറുപടി നൽകിയതോടെ ചോദ്യോത്തരവേള അവസാനിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ രാധാകൃഷ്ണന് ആശംസ നേർന്നു. ശൂന്യവേളയിൽ കൊട്ടിയൂർ വൈശാഖോത്സവം സംബന്ധിച്ചു സണ്ണി ജോസഫ് ഉന്നയിച്ച സബ്മിഷനും മന്ത്രി മറുപടി നൽകിയിരുന്നു. ധനാഭ്യർഥന ചർച്ചയിൽ മുഖ്യമന്ത്രി പ്രസംഗിച്ചശേഷം കെ.രാധാകൃഷ്ണനു വിടവാങ്ങൽ പ്രസംഗം നടത്താൻ സ്പീക്കർ അവസരം നൽകിയിരുന്നു.