ADVERTISEMENT

മുംബൈ∙ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയില്‍. ഇന്നു വ്യാപാരാന്ത്യത്തില്‍ മൂല്യമുള്ളത് 83.63 എന്ന നിലയിലാണ്. ഇന്ന് ഒറ്റദിവസം 18 പൈസയുടെ ഇടിവുണ്ടായി. ഇന്നൊരുവേള മൂല്യം എക്കാലത്തെയും താഴ്ചയായ 83.65 വരെ താഴുകയും ചെയ്തിരുന്നു. 83.45 ആയിരുന്നു ഇന്നലെ മൂല്യം.

ഓഹരി വിപണിയില്‍നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം കൊഴിയുന്നതും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതുമാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്. രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നതിനു തടയിടാന്‍ സാധാരണ റിസര്‍വ് ബാങ്ക് ശ്രമിക്കാറുണ്ട്. പൊതുമേഖലാ ബാങ്കുകൾ വഴി വിദേശനാണ്യ ശേഖരത്തില്‍നിന്ന് ഡോളര്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞായിരിക്കും ഇത്. 

എന്നാല്‍, ഇന്ന് റിസര്‍വ് ബാങ്ക് ഇത്തരം ‘രക്ഷാപ്രവര്‍ത്തനത്തിലേക്ക്’ കടന്നില്ലെന്നതും രൂപയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കി. 

ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്സ് നേട്ടത്തിലാണെന്നതും ചൈനീസ് യുവാന്‍ നേരിട്ട തളര്‍ച്ചയും രൂപയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. 0.19% ഉയര്‍ന്ന് 105.072ലാണ് നിലവില്‍ ഡോളര്‍ ഇന്‍ഡെക്സുള്ളത്. ക്രൂഡോയില്‍ വില വര്‍ധിക്കുന്നതും രൂപയ്ക്കു സമ്മര്‍ദ്ദമാവുകയാണ്. ഇതാണ്, പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഡോളര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാൻ കാരണം. 

∙ പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടം

രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. കാരണം, നാട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ കഴിയും. ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത് യുഎസ്, ഗൾഫ് രാജ്യങ്ങള്‍ (ജിസിസി) എന്നിവിടങ്ങളില്‍നിന്നാണ്. ഇന്നലെ ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചപ്പോൾ 83.45 രൂപയാണ് കിട്ടിയതെങ്കില്‍ ഇന്ന് 83.63 രൂപ കിട്ടുമെന്നതാണ് നേട്ടം. യുഎഇയില്‍നിന്ന് ഒരു ദിര്‍ഹം അയക്കുമ്പോൾ ഇന്ന് കിട്ടുക 22.76 രൂപയാണ്. കഴിഞ്ഞദിവസങ്ങളില്‍ ഇത് 22.70 രൂപ നിരക്കിലായിരുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച കയറ്റുമതിക്കാര്‍‍ക്കും നേട്ടമാണ്. കയറ്റുമതിയിലൂടെ ഉയര്‍ന്ന വിദേശനാണ്യ വരുമാനം ലഭിക്കും. അതേസമയം, കൂടുതല്‍ ഡോളറോ മറ്റു വിദേശ കറന്‍സികളോ ചെലവാക്കേണ്ടി വരുമെന്നതിനാല്‍ ഇറക്കുമതിക്കാര്‍, വിദേശയാത്ര നടത്തുന്നവര്‍, വിദേശത്ത് പഠിക്കുന്നവര്‍ എന്നിവര്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാണ്.

English Summary:

Rupee hits record low against US dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com