‘മോദിക്ക് യുക്രെയ്ൻ യുദ്ധം നിർത്താനാകും, പക്ഷേ ചോദ്യചോർച്ച തടയാനാകില്ല’: പരിഹസിച്ച് രാഹുൽ
Mail This Article
ന്യൂഡൽഹി ∙ തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കുമെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ പരിഹസിച്ചു.
‘‘ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ വലിയ പ്രശ്നമാണെന്നു ഭാരത് ജോഡോ യാത്രാ വേളയിൽ ഒരുപാട് വിദ്യാർഥികൾ എന്നോടു പരാതിപ്പെട്ടിരുന്നു. നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷകളുടെ ചോദ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ചോർന്നു. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേലും ഗാസയും തമ്മിലുള്ള സംഘർഷം തീർക്കാനും നരേന്ദ്ര മോദിക്കു സാധിക്കുമെന്നാണു പറയപ്പെടുന്നത്. പക്ഷേ. ചില കാരണങ്ങളാൽ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാനോ, തടയണമെന്ന് ആഗ്രഹിക്കാനോ മോദിക്കു സാധിക്കുന്നില്ല. ഇത്തരം സംഭവങ്ങളിലൂടെ വിദ്യാർഥികളുടെ ഭാവിയാണ് അപകടത്തിലാകുന്നത്’’– രാഹുൽ പറഞ്ഞു.
‘‘വിദ്യാഭ്യാസ സംവിധാനത്തിൽ ബിജെപിയുടെ മാതൃസംഘടനയുടെ സ്വാധീനമാണു പ്രശ്നങ്ങളുടെ കാരണം. ഇതു പരിഹരിച്ചില്ലെങ്കിൽ ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കും. മോദിയാണ് ഇതിനു സൗകര്യമൊരുക്കുന്നത്. ഇതു രാജ്യവിരുദ്ധ പ്രവൃത്തിയാണ്. ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു നുഴഞ്ഞുകയറുകയും നശിപ്പിക്കുകയുമാണ്. നോട്ടു നിരോധനത്തിലൂടെ സമ്പദ്‌വ്യവസ്ഥയെ മോദി നശിപ്പിച്ചപോലെ വിദ്യാഭ്യാസത്തെയും മോശമാക്കുകയാണ്.’’– രാഹുൽ ആരോപിച്ചു.
11.21 ലക്ഷം പേരെഴുതിയ കോളജ് അധ്യാപന യോഗ്യതാപരീക്ഷ യുജിസി–നെറ്റ് ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. നീറ്റ്–യുജി പരീക്ഷയിലെ വിവാദങ്ങളെത്തുടർന്നു പ്രതിരോധത്തിലായ ദേശീയ പരീക്ഷാ ഏജൻസിയാണ് (എൻടിഎ) യുജിസി–നെറ്റ് പരീക്ഷയും നടത്തിയത്. ഈ മാസം തന്നെ എൻടിഎക്കു റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണിത്. 4 വർഷ ബിഎഡ് പ്രോഗ്രാമിലേക്കു ജൂൺ 12നു നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) റദ്ദാക്കിയിരുന്നു.