ADVERTISEMENT

നീറ്റും നെറ്റും അത്ര ‘നീറ്റല്ലെന്ന’ റിപ്പോർട്ട് പുറത്തുവന്നതോടെ ആശങ്കയിലാണു വിദ്യാർഥി സമൂഹം. സമയവും പണവും ഊർജവും മുടക്കി നല്ലൊരു ഭാവി സ്വപ്നം കണ്ടെഴുതുന്ന ഇത്തരം പരീക്ഷകളിൽ യാതൊരു തരത്തിലുമുള്ള വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. 317 നഗരങ്ങളിലായി ഇത്തവണ 11.21 ലക്ഷം വിദ്യാർഥികളാണു നെറ്റ് പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്തിരുന്നത്. അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും യോഗ്യത നിർണയിക്കുന്നതാണു യുജിസി നെറ്റ് പരീക്ഷ. ഒഎംആർ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ദേശീയ പരീക്ഷാ ഏജൻസി ജൂൺ 18 നു നടത്തിയ പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സാണു നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച വിവരം യുജിസിക്കു നൽകിയത്.

‘‘ഞങ്ങളെപ്പോലുള്ള വിദ്യാർഥികളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത്. നെറ്റ് പരീക്ഷ കംപ്യൂട്ടർ ടെസ്റ്റ് എന്നതിൽനിന്ന് ഇത്തവണ ഒഎംആറിലേക്കു പോയതു തന്നെ വലിയ ബുദ്ധിമുട്ടായി. ഞാൻ പുതുച്ചേരിയിൽ റിസർച്ച് സ്കോളറാണ്. അവിടെനിന്നു പരീക്ഷയെഴുതാൻ വേണ്ടി മാത്രം നാട്ടിൽ വന്ന വ്യക്തിയാണ്. ഇന്നു മടങ്ങിപ്പോകും. പക്ഷേ, പരീക്ഷ റദ്ദാക്കിയതോടെ ഇനി എന്നാണ് അടുത്ത പരീക്ഷ എന്ന ആശങ്കയിലാണ്. എപ്പോഴായിരിക്കും തിരിച്ചുവരേണ്ടി വരിക, ലീവ് കിട്ടുമോ തുടങ്ങിയ ആശങ്കകളുണ്ട്’’ – കാസർകോട്ട് പരീക്ഷ എഴുതാനെത്തിയ അമൃത് ആശങ്ക പങ്കുവച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണു ദേശീയ പരീക്ഷാ ഏജൻസിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ നെറ്റ് പരീക്ഷയെ കുറിച്ചും ആരോപണങ്ങൾ ഉയർന്നത്. ‘‘എൻടിഎയ്ക്കു വീണ്ടും ഇത്തരം പരീക്ഷകളുടെ നടത്തിപ്പു ചുമതല കൊടുക്കുന്നതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഇത്രയും സമയം പഠിച്ചു പരീക്ഷ എഴുതിയിട്ട് അതെല്ലാം പാഴാകുന്നു എന്നതിൽ സങ്കടം ഉണ്ട്. ഒരുപാട് പേർക്കു മാനസികാഘാതം ഉണ്ടായിട്ടുണ്ട്. ഞാൻ ഡൽഹി സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയാണ്. നെറ്റ് എഴുതാൻ വേണ്ടി മാത്രം വന്നതാണ്. തിരിച്ചുപോവുകയാണ്. ഡൽഹിയിൽനിന്ന് പരീക്ഷ എഴുതാൻ വീണ്ടും വരേണ്ടിവരും. സമയനഷ്ടവും ധനനഷ്ടവും ആലോചിച്ചുനോക്കൂ’’ – പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു വിദ്യാർഥി ചോദിക്കുന്നു.

ഗവേഷക വിദ്യാർഥികളും താൽകാലിക അധ്യാപക ജോലിയിൽ പ്രവേശിച്ചിട്ടുള്ളവരുമെല്ലാമാണു നെറ്റ് പരീക്ഷ എഴുതുന്നവരിൽ പലരും. അതുകൊണ്ടുതന്നെ അതികഠിനമായ പരീക്ഷയ്ക്കു വേണ്ടി പലരും ലീവെടുത്തും ഉറക്കം കളഞ്ഞുമെല്ലാമാണു തയാറെടുപ്പ് നടത്തുന്നത്.

‘‘ഇതു ഞങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷയാണ്. അതിൽ ക്രമക്കേട് വരുന്നത് തലപ്പത്തിരിക്കുന്നവരുടെ പോരായ്മയാണ്. അവരുടെ പിടിപ്പുകേടിന് അനിശ്ചിതത്തിലാകുന്നതു വിദ്യാർഥികളുടെ ഭാവിയാണ്, ബാധിക്കുന്നതു ഞങ്ങളെ പോലുള്ള സാധാരണ വിദ്യാർഥികളെയും. പരീക്ഷ എഴുതുന്നവരിൽ ജോലി ചെയ്യുന്നവരുണ്ട്. ലീവെടുത്താണ് ഇവർ പരീക്ഷയ്ക്കു തയാറെടുക്കുന്നത്. ലീവും പോയി പരീക്ഷയും റദ്ദാക്കി. ഇനി വീണ്ടും ലീവെടുക്കേണ്ടി വരും, തയാറെടുപ്പ് നടത്തണം. ഇതു പരീക്ഷ എഴുതുന്നവർക്കു മാനസികസംഘർഷം ഉണ്ടാക്കുന്നു’’ – പാലാ, ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിലെ ജെറോം ഐസക് പറഞ്ഞു. പരീക്ഷ എത്ര ചെറുതോ വലുതോ ആകട്ടെ, എത്ര ആത്മവിശ്വാസമുള്ളവനും ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്ന നിമിഷമാണത്. അത് ഇത്തരം ക്രമക്കേടുകൾ മൂലം റദ്ദുചെയ്തു എന്നു പറയുന്നത് വിദ്യാർഥികളുടെ മാനസികാരോഗ്യത്തെയും മോശമായാണ് ബാധിക്കുന്നത്.

‘‘കഴിഞ്ഞ തവണ നടന്നതിനേക്കാളും ബുദ്ധിമുട്ടേറിയതായിരുന്നു ഇത്തവണത്തെ പരീക്ഷ. ജയിക്കാതിരിക്കാനാണോ ഇവർ പരീക്ഷ നടത്തുന്നത് എന്നു തോന്നിപ്പോയി. സിലബസിൽ ഒട്ടും പ്രധാനമല്ലെന്നു കരുതുന്ന കാര്യങ്ങളാണ് പരീക്ഷയിൽ ചോദിക്കുന്നത്. മൂന്നുതവണ ക്വാളിഫൈഡ് ആയിട്ടുള്ള വ്യക്തിയാണ്. ഹിന്ദിയാണ് എഴുതുന്നത്. ജെആർഎഫിനു വേണ്ടിയാണ് ഞാൻ തയാറെടുക്കുന്നത്. നീറ്റ് പരീക്ഷയുടേത് എന്നപോലെ ആഭരണങ്ങളുൾപ്പെടെയുള്ളവ അഴിച്ചുവയ്പിച്ചാണു ഹാളിൽ കയറ്റിയത്. ഞാൻ ഒരു രോഗത്തിനു മരുന്നു കഴിക്കുന്ന വ്യക്തിയാണ്. മരുന്നു പോലും ഹാളിൽ കയറ്റാൻ സമ്മതിച്ചില്ല. മൂന്ന് ഇൻവിജിലേറ്റർമാർ ഉണ്ടായിരുന്നു. ഇത്രയൊക്കെ ബന്തവസ്സിൽ നടത്തിയ പരീക്ഷയാണ് റദ്ദാക്കുന്നത്’’ – കോതമംഗലത്ത് പരീക്ഷ എഴുതിയ റമീസ പറഞ്ഞു.

‘‘1205 കേന്ദ്രങ്ങളിലായി 83 വിഷയങ്ങളിൽ 11 ലക്ഷത്തിലധികം പേർ എഴുതിയ പരീക്ഷ അതിൽ നടന്ന ഗുരുതര ക്രമക്കേടുകളുടെ പേരിൽ റദ്ദാക്കപ്പെടുമ്പോൾ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വിശ്വാസ്യത പൂർണമായും സംശയത്തിന്റെ നിഴലിലാവുകയാണ്. സുതാര്യമായും പിഴവുകളില്ലാതെയും നടന്നുവന്നിരുന്നതാണ് നെറ്റ് പരീക്ഷ. പുതുക്കിയ നിയമാവലികളനുസരിച്ച് ജെആർഎഫ്, അസിസ്റ്റന്റ് പ്രഫസർഷിപ് എന്നിവയ്ക്കു പുറമേ റിസർച്ച് ചെയ്യാനുള്ള യോഗ്യതയ്ക്കും അടിസ്ഥാനം നെറ്റ് പരീക്ഷയിലെ വിജയമാണ്. അതതു സർവകലാശാലകൾ നടത്തുന്ന ഗവേഷണ പ്രവേശനപരീക്ഷകൾ ഇല്ലാതാവുകയാണ്. അതുകൊണ്ടുതന്നെ നെറ്റ് പരീക്ഷ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും നിർണായകമായ യോഗ്യതാ പരീക്ഷയുമാണ്. ഇത്തവണ കേരളത്തിലെ മിക്ക സർവകലാശാലകളിലും പിജി പരീക്ഷകളുടെയും റിസർച്ച് പ്രോജക്ട് പൂർത്തിയാക്കുന്നതിന്റെയും തിരക്കുകൾക്കിടയിലാണു വിദ്യാർഥികൾ നെറ്റിന് വേണ്ടി തയാറെടുത്തതും പരീക്ഷ എഴുതിയതും. വീണ്ടും അതേ തയാറെടുപ്പുകൾ, പരീക്ഷ എന്നത് അവർക്കു കടുത്ത സമ്മർദ്ദമുണ്ടാക്കുമെന്നു സംശയമില്ല. തങ്ങളുടേതല്ലാത്ത തെറ്റിന് ഊർജവും സമയവും പണവും പാഴാക്കേണ്ടതു വിദ്യാർഥികളാണ് എന്നു വരുന്നത് നീതികേടുമാണ്. നെറ്റ് യോഗ്യത തുടർപഠനം, ജോലി എന്നിവയെ ഒക്കെ നിർണയിക്കുന്നതായതുകൊണ്ടു വീണ്ടും പരീക്ഷ എഴുതാതിരിക്കാനും പറ്റില്ല. ഇത്തരം പരീക്ഷകൾ ക്രമക്കേടില്ലാതെ നടത്തേണ്ടത് എൻടിഎയുടെ ധാർമികമായ ഉത്തരവാദിത്തമാണ്. ലക്ഷക്കണക്കിനു വിദ്യാർഥികളുടെ സമയം, അധ്വാനം, പ്രതീക്ഷ എന്നിവയും കൂടിയാണ് എൻടിഎ ഇവിടെ പരീക്ഷിക്കുന്നത്’’ – എഴുത്തുകാരിയും കോളജ് പ്രിൻസിപ്പലുമായ ജിസ ജോസ് പറഞ്ഞു.

നെറ്റ് പരീക്ഷ റദ്ദാക്കൽ രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്തു കഴിഞ്ഞു. പരീക്ഷയിലെ ക്രമക്കേടിനെതിരെ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നെറ്റിനേക്കാൾ പ്രധാനം നീറ്റ്, തലവേദനയ്ക്ക് തല വെട്ടരുത്: ബി.എസ്.വാരിയർ

‘‘പ്രധാനപ്പെട്ട രണ്ടു ദേശീയ പരീക്ഷകളിലാണു വീഴ്ച വന്നിരിക്കുന്നത്. ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണിത്. ചോദ്യക്കടലാസ് ചോരാനുള്ള സാധ്യതകൾ കുറയ്ക്കണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണു പ്രധാനം. ശരിയായ ആളുകളെ നിയമിക്കണം. പരിമിതികൾ കണ്ടുപിടിക്കണം. കൃത്യമായി പരീക്ഷകൾ നടപ്പാക്കാൻ സാധിക്കണം.

മറ്റൊന്ന്, നീറ്റ് വേണ്ടെന്ന തരത്തിൽ തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളിലും ഒരു ചലനം നടക്കുന്നുണ്ട്. നീറ്റ് വരുന്നതിനു മുൻപ് അതിൽ ഗണ്യമായ അഴിമതികൾ ഉണ്ടായിരുന്നു. നീറ്റ് പാടില്ല എന്നുപറയുമ്പോൾ അതിനു കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് ‘നീറ്റായി’ നടത്തുക എന്നതാണ് അഭികാമ്യം. നീറ്റ് വരുന്നതിനു മുൻപു പല സംസ്ഥാനങ്ങളിലും അഴിമതി ഉണ്ടായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. നീറ്റ് വന്നതിനുശേഷം സ്വകാര്യ മെഡിക്കൽ കോളജിൽ പോലും നീറ്റ് അടിസ്ഥാനത്തിലേ സീറ്റ് നൽകാൻ സാധിക്കൂ. ഒരുലക്ഷത്തിൽപരം സീറ്റുകളിൽ പ്രവേശനം നീറ്റ് അടിസ്ഥാനത്തിലാണ് നടക്കുന്നത്. പണ്ട് വലിയ തുക തലവരി വാങ്ങിയാണ് സീറ്റ് നല്കിയിരുന്നത്. നീറ്റ് ഇല്ലാതെ വന്നാൽ അതു തലവരി സമ്പ്രദായത്തിലേക്കു മടങ്ങിപ്പോകും അത് അഭികാമ്യമല്ല. അങ്ങനെ പ്രവേശനം നേടുന്നവർ ഡോക്ടറായി ഇറങ്ങുമ്പോൾ മെഡിക്കൽ എത്തിക്സ് പാലിക്കില്ല. ചെലവായതു തിരിച്ചുപിടിക്കാനേ ശ്രമിക്കൂ. ആരോഗ്യസേവനം സാധാരണ ജനങ്ങൾക്കു താങ്ങാനാകാത്തതാകും. തലവേദനയ്ക്ക് തലവെട്ടൽ അല്ലല്ലോ പ്രതിവിധി.’’

English Summary:

NEET and NET Exam Irregularities: Students and Leaders Demand Accountability

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com