നീറ്റ്: കേന്ദ്രം ഏറ്റുപറയുമോ തെറ്റ്? നടന്നത് കോടികളുടെ തട്ടിപ്പ്? പരീക്ഷ വീണ്ടും നടത്തിയാൽ പരിഹാരമാകുമോ!
Mail This Article
രാജ്യത്താകെ 706 മെഡിക്കൽ കോളജുകളിലായി 1,09,170 എംബിബിഎസ് സീറ്റുകൾ. അതിൽ 386 സർക്കാർ മെഡിക്കൽ കോളജുകളിലായി 55,880 സീറ്റുകൾ. ബാക്കിയുള്ളതു സ്വകാര്യ മേഖലയിൽ. ഇതിലേക്ക് ഇക്കുറി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) എഴുതാൻ റജിസ്റ്റർ ചെയ്തതു 24 ലക്ഷത്തിലേറെപ്പേർ (24,06,079). പരീക്ഷയെഴുതിയതു 23,33,297 പേർ. കഴിഞ്ഞ വർഷം പരീക്ഷയെഴുതിനേക്കാൾ 2,94,701 പേരുടെ വർധന! വീട്ടിൽ ഒരു ഡോക്ടർ എന്ന ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം നേടിയെടുക്കാനുള്ള ആദ്യ കടമ്പയായ ‘നീറ്റ് യുജി’ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്നു മനസ്സിലാക്കാൻ മേൽപ്പറഞ്ഞ കണക്കുകൾ മാത്രം മതി. മൂന്നും നാലും വർഷത്തെ അതികഠിനമായ ശ്രമത്തിനൊടുവിൽ പരീക്ഷയെഴുതി ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ റാങ്കിൽ വലിയ അന്തരം നേരിട്ടുന്ന വിദ്യാർഥികൾ വേദനിക്കുന്നതും ഇക്കാരണത്താലാണ്. ലക്ഷക്കണക്കിനു കുട്ടികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളിൽ വിള്ളൽ വീഴ്ത്തിലാണ് ഇക്കുറി നീറ്റ്–യുജി ഫലമെത്തിയത്. അതിനു പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ഓരോ ദിവസം കഴിയുന്തോറും പുതിയ മാനവും കൈവരുന്നു. സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു. വിഷയം രാഷ്ട്രീയ വിവാദമായിക്കഴിഞ്ഞു. നീറ്റ് ഒഴിവാക്കണമെന്നു വർഷങ്ങളായി ആവശ്യപ്പെടുന്ന തമിഴ്നാട് സർക്കാർ ഉൾപ്പെടെയുള്ളവർ സജീവമായി രംഗത്തുണ്ട്. പിഴവുണ്ടായില്ലെന്ന് ആവർത്തിച്ചിരുന്ന കേന്ദ്ര സർക്കാർ വരെ തെറ്റു പറ്റിയതായി ഒടുവിൽ സംഭവിച്ചു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രതിക്കൂട്ടിലായിരിക്കുന്നു. ബിഹാറിലും ഗുജറാത്തിലെ ഗോധ്‌രയിലും നടന്ന തിരിമറി സംഭവങ്ങൾ കാരണം പരീക്ഷ മാറ്റിവയ്ക്കുമോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.