നീറ്റ്–യുജി: പാടില്ല, 0.001% പിഴവുപോലും, മുന്നറിയിപ്പുമായി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ നടത്തിപ്പിൽ 0.001% പിഴവുണ്ടെങ്കിൽ പോലും അതിനെ അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും ദേശീയ പരീക്ഷാ ഏജൻസിക്കും (എൻടിഎ) കോടതി നോട്ടിസ് അയച്ചു. നീറ്റുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം ജൂലൈ എട്ടിനു കോടതി ഇതു പരിഗണിക്കും. പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും കോടതി അന്നു പരിഗണിക്കും.
ചോദ്യക്കടലാസ് ചോർന്നെന്നും പരീക്ഷയിൽ തിരിമറി നടന്നെന്നും ആരോപിച്ചുള്ള ഹർജിയാണ് ജസ്റ്റിസുമായ വിക്രം നാഥ്, എസ്.വി.ഭാട്ടി എന്നിവരുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. എന്തെങ്കിലും പിഴവുണ്ടെങ്കിൽ എൻടിഎ അതു സമ്മതിക്കണമെന്നും നീറ്റ് പരീക്ഷയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ അതിലൂടെ സാധിക്കുമെന്നും കോടതി ഓർമിപ്പിച്ചു. ‘‘ആരുടെയെങ്കിലും ഭാഗത്ത് 0.001% അശ്രദ്ധ ഉണ്ടായാൽ പോലും അതിനെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു സാധാരണ കേസ് മാത്രമായി ഇതിനെ കണക്കാക്കരുത്’’– ജസ്റ്റിസ് ഭാട്ടി പറഞ്ഞു. പ്രവേശനപരീക്ഷയിൽ ക്രമക്കേട് കാട്ടി ഡോക്ടർമാരാകുന്നവർ സമൂഹത്തിന് ആപത്താണെന്നും കടുത്ത മത്സരമുള്ള പരീക്ഷ ജയിക്കാൻ വിദ്യാർഥികൾ നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചു നല്ല ധാരണയുണ്ടെന്നും കോടതി വ്യക്തമാക്കി.
9 വിദ്യാർഥികളെ ഇന്ന് ചോദ്യം ചെയ്യും
നീറ്റ് ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ പൊലീസ് 9 വിദ്യാർഥികളെ ഇന്നു ചോദ്യം ചെയ്യും. 60 പേരെ ഇതിനകം ചോദ്യം ചെയ്തെന്നും 13 പേരെ അറസ്റ്റ് ചെയ്തെന്നും കേസ് അന്വേഷിക്കുന്ന ബിഹാർ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് (ഇഒയു) വ്യക്തമാക്കി. എൻടിഎ വിവരങ്ങൾ കൈമാറാൻ മടിച്ചതിനാലാണ് 9 വിദ്യാർഥികളുടെ ചോദ്യംചെയ്യൽ വൈകിയതെന്നാണു വിശദീകരണം. ബിഹാർ, യുപി, മഹാരാഷ്ട്ര സ്വദേശികളാണിവർ. ബിഹാറിലെ ലേൺ ആൻഡ് പ്ലേ എന്ന സ്വകാര്യ സ്കൂളിൽ വിദ്യാർഥികൾ ചോദ്യങ്ങൾ കാണാതെ പഠിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഒരു മിനിറ്റിലേറെയുള്ള വിഡിയോയിലെ വിദ്യാർഥികളെയെല്ലാം ഉടൻ ചോദ്യം ചെയ്യും.
ഗുജറാത്തിലെ ഗോധ്‌രയിൽ ജയ് ജൽറാം സ്കൂളും റോയ് ഓവർസീസ് എന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനവും ചേർന്നു നടത്തിയ പരീക്ഷാ ക്രമക്കേടിൽ 5 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2.30 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ 30 വിദ്യാർഥികൾ ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ്–യുജിയിൽ രണ്ടിടത്തു ക്രമക്കേട് നടന്നതായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതെന്നാണു സൂചന.