സിപിഎം സംസ്ഥാനകമ്മിറ്റി: മുഖ്യമന്ത്രിക്ക് വിമർശനം; ഭരണ വിരുദ്ധവികാരമെന്ന് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ ഭരണ ദൗർബല്യങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം . മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങളെ അകറ്റിയെന്ന വിമർശനവും ഉണ്ടായി. നേതാക്കളുടെ പ്രവർത്തന ശൈലിയും പെരുമാറ്റ രീതിയും ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നതായെന്നും ജനങ്ങളെ കേൾക്കാത്ത പാർട്ടി എന്ന വികാരമുണ്ടായെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതിന്റെ ചുവടു പിടിച്ചാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റ ശൈലിക്കെതിരെയും ആക്ഷേപം ഉണ്ടായത്. പാർട്ടിക്ക് കരുത്തായിരുന്ന ഈഴവ വിഭാഗങ്ങളുടെ വോട്ടുകൾ പല മണ്ഡലങ്ങളിലും നഷ്ടമായെന്നും ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ അടിസ്ഥാന വോട്ടുകൾ പോലും ചോർന്നെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംസ്ഥാന കമ്മിറ്റിയുടെ ആമുഖമായി സംസാരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും നിരാശ ജനകമായ ഈ തോൽവിയിൽ ഭരണപരമായ പോരായ്മകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത് പാർട്ടിക്കൊപ്പമുണ്ടായിരുന്ന അടിസ്ഥാന വർഗത്തെ എതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്. കേന്ദ്രം അർഹമായ ആനൂകൂല്യങ്ങൾ തരാത്തതു മൂലമാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെങ്കിലും ഇതു ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്താനായില്ല. ഇതിനായി സംഘടിപ്പിച്ച നവകേരള സദസ്സ് ഉൾപ്പെടെയുള്ള പരിപാടികളും ഫലം കണ്ടില്ലെന്നും വിമർശനം ഉയർന്നു. ചർച്ചകൾ ഇന്നും നാളെയും തുടരും.