ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; നവകേരള സദസ് ഗുണം ചെയ്തില്ല: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സിപിഎം
Mail This Article
തിരുവനന്തപുരം∙ സർക്കാരിന്റെ പ്രവർത്തനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സംസ്ഥാന സമിതിയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കെതിരെയും വിമർശനം ഉയർന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്കെത്തിയില്ല. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴംകൂട്ടി. ന്യൂനപക്ഷ പ്രീണനം തിരിച്ചടിച്ചു. നവകേരള സദസ് ഗുണം ചെയ്തില്ല. അടിസ്ഥാന വർഗം പാർട്ടിയിൽ നിന്ന് അകന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. പലയിടത്തും സിപിഎം വോട്ടുകളിൽ കുറവ് രേഖപ്പെടുത്തുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ തോൽവിക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അവലോകനം നടത്തി തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം.