പുതിയ മന്ത്രി, ചേലക്കര ഉപതിരഞ്ഞെടുപ്പ്: സിപിഎം നേതൃയോഗത്തില്‍ തീരുമാനമെന്നു സൂചന
Mail This Article
തിരുവനന്തപുരം ∙ കെ.രാധാകൃഷ്ണന്‍ മന്ത്രി പദവിയും എംഎല്‍എ സ്ഥാനവും രാജിവച്ചതോടെ ഇടതു സര്‍ക്കാരിലേക്കു പുതിയ മന്ത്രി എത്തുന്നതിനൊപ്പം സംവരണ മണ്ഡലമായ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. പുതിയ മന്ത്രി ആരാകണമെന്നതു സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ തീരുമാനമാകുമെന്നാണു സൂചന. മന്ത്രിമണ്ഡലം എന്ന പദവി നഷ്ടമാകുമോ എന്ന ചേലക്കരയിലെ പ്രവര്‍ത്തകരുടെ ആശങ്കയും പാര്‍ട്ടിക്കു മുന്നിലുണ്ട്.
പട്ടിക വിഭാഗത്തില്‍നിന്നുള്ള മന്ത്രി രാജിവച്ച സാഹചര്യത്തില്‍ ആ വിഭാഗത്തില്‍നിന്നുള്ള ഒരാളെ മന്ത്രിസഭാ പുനഃസംഘടനയില്‍ പരിഗണിക്കുെമന്നാണു കരുതുന്നത്. അതേസമയം, വകുപ്പുകള്‍ തല്‍ക്കാലം മറ്റാരെയെങ്കിലും ഏല്‍പിച്ച ശേഷം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കളെ ആരെയെങ്കിലും മത്സരിപ്പിച്ച് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിക വിഭാഗത്തില്‍നിന്നുള്ള പ്രമുഖ നേതാക്കളെ ആരെയെങ്കിലും മന്ത്രിയാക്കിയ ശേഷം ചേലക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതും ഒരു സാധ്യതയാണ്. ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, പാര്‍ലമെന്ററി കാര്യ വകുപ്പുകളുടെ ചുമതലയാണ് രാധാകൃഷ്ണന്‍ വഹിച്ചിരുന്നത്.
നിലവില്‍ പട്ടിക വിഭാഗത്തില്‍ ആകെ 16 എംഎല്‍എമാരുണ്ട്. ഇവരില്‍ 14 പേരും ഇടതുമുന്നണിയുടേതാണ്. സിപിഎമ്മില്‍നിന്ന് 9 പേര്‍. ഒ.ആര്‍.കേളു (മാനന്തവാടി), കെ.എം.സച്ചിന്‍ദേവ് (ബാലുശ്ശേരി), കെ.ശാന്തകുമാരി (കോങ്ങാട്), പി.പി.സുമോദ് (തരൂര്‍), പി.വി.ശ്രീനിജന്‍ (കുന്നത്തുനാട്), എ.രാജ (ദേവികുളം), എം.എസ്.അരുണ്‍കുമാര്‍ (മാവേലിക്കര), ഒ.എസ്.അംബിക (ആറ്റിങ്ങല്‍) എന്നിവരിലൊരാള്‍ രാധാകൃഷ്ണനു പകരം എത്തണം.
സിപിഎമ്മിന് നാളിതുവരെ വയനാട്ടില്‍നിന്ന് മന്ത്രി ഇല്ലാത്ത സാഹചര്യത്തില്‍, ജില്ലയില്‍ നിന്നുള്ള ഏക ഭരണപക്ഷ എംഎല്‍എയായ ഒ.ആര്‍. കേളുവിന് മന്ത്രിസഭയിലേക്ക് വഴി തുറക്കാനുള്ള സാധ്യതയുണ്ട്. വയനാട് ജില്ലയില്‍നിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്.
ചേലക്കരയില്‍ ആര്
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ 1996 മുതല്‍, കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്തൊഴികെ, കെ.രാധാകൃഷ്ണന്‍ ആയിരുന്നു എംഎല്‍എ. ഇപ്പോള്‍ പട്ടികജാതി- പട്ടിക വര്‍ഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയ യു.ആര്‍.പ്രദീപ് ആയിരുന്നു 2016-21 ല്‍ എംഎല്‍എ. 2021 ല്‍ സിറ്റിങ് എംഎല്‍എയെ മാറ്റി വീണ്ടും കെ.രാധാകൃഷ്ണനെ പാര്‍ട്ടി മത്സരിപ്പിച്ചു. അദ്ദേഹത്തെ മന്ത്രിസഭയില്‍ അംഗമാക്കുന്നതിനായിരുന്നു ഈ മാറ്റമെന്നായിരുന്നു വിശദീകരണം. കെ.രാധാകൃഷ്ണന്‍ ലോക്സഭാ സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ, അദ്ദേഹം ജയിച്ചാല്‍ പ്രദീപ് ആയിരിക്കും അടുത്ത സ്ഥാനാര്‍ഥി എന്ന് അണികള്‍ക്കിടയില്‍ ധാരണയുണ്ട്.
ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസ് നിയമസഭയിലേക്കു മത്സരിക്കുമോയെന്ന് യുഡിഎഫ് ക്യാംപ് എന്നതു പോലെ എല്‍ഡിഎഫും ഉറ്റുനോക്കുകയാണ്. പി.കെ.ബിജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ 23695 വോട്ടിന്റെ ലീഡ് രമ്യാ ഹരിദാസിനായിരുന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്. 5173 വോട്ട്. ചേലക്കര മുന്‍ എംഎല്‍എ കെ.കെ.ബാലകൃഷ്ണന്റെ മകനും കെപിസിസി സെക്രട്ടറിയുമായ കെ.ബി. ശശികുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്‍ തുടങ്ങിയവരുടെ പേരും ഉയരുന്നുണ്ട്.