ADVERTISEMENT

കോട്ടയം ∙ ജീവിതം മുഴുവൻ കോൺഗ്രസിനു സമർപ്പിച്ച തന്നെ ഒരു കല്യാണത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് പാർട്ടിയിൽനിന്നു പുറത്താക്കിയതെന്ന് ബാലകൃഷ്ണൻ പെരിയ. ‘‘രാജ്മോഹൻ ഉണ്ണിത്താന്റെ കയ്യിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങളുണ്ട്. ആ രഹസ്യങ്ങൾ വിളിച്ചുപറയുമെന്ന് അയാൾ‌ പല തവണ പാർട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തി. ആ ഭീഷണിയിൽ ഭയന്നാണ് തന്നെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയത്. പുറത്താക്കിയതിനു തലേ ദിവസം രാത്രിയും മുക്കാൽ മണിക്കൂറോളം കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി സംസാരിച്ചിരുന്നു. കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചാൽമതിയെന്ന്‌ സുധാകരൻ പറഞ്ഞിരുന്നു. കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തു’’ – മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

∙ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തത് ശരിയാണെന്ന് കരുതുന്നുണ്ടോ?
രക്തസാക്ഷികളുമായി പുലബന്ധം പോലും ഇല്ലാത്തയാളാണ് ഉണ്ണിത്താൻ. അവരുടെ കുടുംബത്തിനായി ഒരു രൂപ പോലും നൽകിയിട്ടില്ല.
രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറെയൊന്നുമാണ്. നെറ്റിയിലെ കുറി മായ്ച്ച് കാസർകോടിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞണം കുത്തുകയാണ് ഉണ്ണിത്താൻ ചെയ്തത്. കുറി മായ്ച്ചത് സ്കിൻ അലർജി മൂലമാണെന്നു പറഞ്ഞത് തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തു. പെരിയ കേസിനു വേണ്ടി ആയിരം രൂപ പോലും സംഭാവന ചെയ്യാത്ത മനുഷ്യനാണ് ഇങ്ങനെയൊരു വിവാദം സൃഷ്ടിച്ച് രംഗത്തുവന്നത്.

രാജ്മോഹൻ ഉണ്ണിത്താൻ. ചിത്രം: രാഹുൽ ആർ. പട്ടം/ മനോരമ
രാജ്മോഹൻ ഉണ്ണിത്താൻ. ചിത്രം: രാഹുൽ ആർ. പട്ടം/ മനോരമ

∙ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതിനെ എങ്ങനെ നോക്കിക്കാണുന്നു?
കെ.മുരളീധരൻ തോറ്റതടക്കം എത്രയോ നീറുന്ന പ്രശ്നങ്ങൾ പാർട്ടിയിലുണ്ട്. എന്നാൽ ഒരു കല്യാണത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് 35 വർഷമായി ജീവിതം മുഴുവൻ ഈ പാർട്ടിക്കു വേണ്ടി ഉപാസന ചെയ്ത എന്നെ പുറത്താക്കിയത്. 35 കോൺ‌ഗ്രസുകാരാണ് എന്റെ വീട്ടിൽ താമസിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എന്നയാൾ ഒരു വിടുവായനാണ്. അയാളുടെ കയ്യിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങളുണ്ട്. ആ രഹസ്യങ്ങൾ വിളിച്ചുപറയുമെന്ന് അയാൾ‌ പലതവണ പാർട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തി. അതിൽ ഭയന്നാണ് എന്നെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയത്. അപൂർവമായൊരു നടപടിയാണിത്. കോൺഗ്രസിൽ കുറേക്കാലമായി ഈ നടപടി കേട്ടിട്ടു പോലുമില്ല. ജീവിതത്തിൽ എല്ലാ ദോഷങ്ങളും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉണ്ണിത്താൻ. എല്ലാ അസാന്മാർഗിക കേസുകളിലും പ്രതിയായി, തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാണ് അദ്ദേഹം കാസർകോട്ടേക്കു വന്നത്. ഞങ്ങൾ പൂമാലയിട്ടാണ് ഉണ്ണിത്താനെ സ്വീകരിച്ചത്. ഭാഷകളുടെ നാട്ടിൽ വാക്കിന്റെ പോരാളിയെന്ന ടാഗ് ലൈൻ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഞാനാണ് നൽകിയത്. എന്നാൽ അദ്ദേഹത്തിനു കിട്ടിയ അൽപത്തമായി പോയി അധികാരം.

∙ രാജ്മോഹൻ ഉണ്ണിത്താനും താങ്കളും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നോ?
ഉണ്ട്. എനിക്കെതിരെ മുഴുവൻ നേതാക്കൾക്കും അദ്ദേഹം മുൻപും പരാതി നൽകിയിരുന്നു. അന്ന് മുല്ലപ്പളളി രാമചന്ദ്രൻ എന്ന ആർജവമുള്ള ഒരു നേതാവുണ്ടായിരുന്നു. അദ്ദേഹം എനിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ കെ.സുധാകരന് പുറംലോകം അറിയാത്ത പല കാര്യങ്ങളുമുണ്ടാകും. അതൊക്കെ ഉണ്ണിത്താൻ വിളിച്ചുപറയുമെന്ന ഭയം കാണും.

∙ കെ.സുധാകരനും താങ്കളുമായി നല്ല ബന്ധമാണോ?
നല്ല ബന്ധമാണ്. വെള്ളിയാഴ്ച രാത്രിയും ഞങ്ങൾ മുക്കാൽ മണിക്കൂർ പൊട്ടിച്ചിരിച്ച് സംസാരിച്ചതാണ്. എന്നാൽ ആത്യന്തികമായി അവർക്കെല്ലാം ഭയമുണ്ട്. ഉണ്ണിത്താന്റെ നാവിനോടുള്ള ഭയമാണത്.

കെ.സുധാകരൻ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ
കെ.സുധാകരൻ. ചിത്രം: രാഹുൽ ആർ.പട്ടം∙മനോരമ

∙ പാർട്ടിയിൽനിന്നു പുറത്താക്കുന്നതിനെപ്പറ്റി അപ്പോൾ കെപിസിസി അധ്യക്ഷൻ പറഞ്ഞിരുന്നോ?
ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും നമുക്ക് ഇതിൽനിന്നു രക്ഷപ്പെടണമെന്ന് ഉണ്ടെങ്കിൽ നീ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചുവെന്ന് എനിക്കൊരു കത്ത് തരണമെന്നു പറഞ്ഞു. ഉണ്ണിത്താൻ ഭയങ്കര ശല്യമാണെന്നും അവനൊരു കാണ്ടാമൃഗമാണെന്നും എന്നെ പുറത്താക്കാൻ ഉണ്ണിത്താൻ വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു. രാജിക്കത്ത് തന്നാൽ ഞാൻ തെറ്റുകാരനാകുമെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു എന്റെ മറുപടി. എങ്കിൽ നിനക്കത് പ്രശ്നമാകുമെന്ന് സുധാകരൻ‌ പറഞ്ഞു.

∙പാർട്ടിയിൽനിന്ന് ഇങ്ങനെയൊരു നടപടി പ്രതീക്ഷിച്ചിരുന്നോ?
കേരളത്തിലെ കോൺഗ്രസിൽനിന്നു ചില സമുദായങ്ങൾ അപ്രത്യക്ഷമാവുകയാണ്. എങ്ങനെയാണ് സുധീരനും മുല്ലപ്പള്ളിയും ഒറ്റപ്പെട്ടത്?
സുധാകരനു വെളിവില്ലെന്നു പറഞ്ഞുനടക്കുന്നത് ആരാണ്? അത് സൂക്ഷ്മമായി പരിശോധിക്കണം. ഗോഡ്ഫാദറില്ലാതെ വളർന്നുവന്നവരാണ് ഞങ്ങൾ.

∙ ഉണ്ണിത്താൻ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
കെ.സുധാകരന്റെ വീട്ടിൽ ഉണ്ണിത്താൻ ഒരു മന്ത്രവാദിയെ കൊണ്ടുപോയി സാധനങ്ങളെടുത്തിട്ടുണ്ട്. കെപിസിസി ഓഫിസിൽ പോയി സുധാകരന്റെ മേശവലിപ്പിൽനിന്നു സാധനങ്ങളെടുത്തിട്ടുണ്ട്. എന്റെ വീട്ടിലും ഈ പരിപാടി ചെയ്തു. കാസർകോട് ഡിസിസി ഓഫിസിലും ഈ ദുർമന്ത്രവാദിയെ കൊണ്ടുപോയി ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്.

2019 ഫെബ്രുവരി 17 ന് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും.
2019 ഫെബ്രുവരി 17 ന് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും.

∙ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ പ്രവർത്തനം എങ്ങനെയായിരുന്നു?
ഉണ്ണിത്താന്റെ വീട്ടിൽനിന്നു വിഭവസമൃദ്ധമായ സദ്യ കഴിച്ചാണ് കമ്മിഷൻ ഉണ്ണിത്താന്റെ മൊഴിയെടുത്തത്. ഇങ്ങനെയാണോ കമ്മിഷൻ പ്രവർത്തിക്കേണ്ടത്? പലതും എനിക്കു തുറന്നുപറയേണ്ടതുണ്ട്. അത് ഈ പാർട്ടിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ കെ.സുധാകരനെതിരെ എനിക്ക് ചിലതു പറയാനുണ്ട്.

∙ കോൺഗ്രസിലേക്കു തന്നെ തിരിച്ചുകയറാൻ ശ്രമിക്കുമോ, അതോ മറ്റൊരു പാർട്ടിയിലേക്കു പോകുമോ?
ആരാണ് എനിക്ക് മെമ്പർഷിപ്പ് തന്നതെന്നു പോലും ഓർമയില്ല. സംഘടനാ തിരഞ്ഞെടുപ്പു നടക്കാത്ത പാർട്ടിയാണിത്. പക്ഷേ എന്റെ പാർട്ടിയെ ഞാൻ തള്ളിക്കളയില്ല. കോൺഗ്രസുകാരനായിത്തന്നെ തുടരും.

English Summary:

Balakrishnan Periya Opens Up About Congress Expulsion and Threats from Rajmohan Unnithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com