ADVERTISEMENT

അമരാവതി∙ ആന്ധ്രപ്രദേശിൽ നാല് പ്രമുഖ തെലുങ്ക് വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തിവച്ചു. ടിവി9, സാക്ഷി ടിവി, എൻടിവി, 10ടിവി എന്നിവയാണ് കേബിൾ ടിവി ശൃംഖലയിൽനിന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഒഴിവാക്കപ്പെട്ടത്. രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് സംസ്ഥാനത്തെ ഏതാനും കേബിൾ ടിവി ഓപ്പറേറ്റർമാർ ചാനലുകൾ നിർത്തിവയ്ക്കുകയായിരുന്നെന്നാണ് സൂചന. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് സാക്ഷി ടിവി.

സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. ടിഡിപി സർക്കാരെത്തിയതിനുശേഷം രണ്ടാംതവണയാണ് ഈ ചാനലുകളുടെ സംപ്രേഷണം മുടങ്ങുന്നത്. ജൂൺ 6നും ഇതേ രീതിയിൽ ചാനലുകൾ അപ്രത്യക്ഷമായിരുന്നു. എൻഡിഎ സർക്കാരിനെതിരെ വാർത്തകൾ നൽകിയതിനാണ് ചാനലുകൾക്കെതിരെയുള്ള നടപടിയെന്നാണ് ആരോപണം.

ചാനലുകളുടെ സംപ്രേഷണം തടഞ്ഞതുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേതാവ് എസ്.നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നൽകി. നിയമപരമായോ നടപടിക്രമങ്ങൾ പാലിച്ചോ അല്ല ചാനലുകൾ പിൻവലിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ചാനലുകൾ നിർത്തിവയ്ക്കാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് ആന്ധ്ര സർക്കാർ പ്രതികരിച്ചു. കഴിഞ്ഞദിവസം വൈഎസ്ആർ കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരുന്ന കെട്ടിടം പൊളിച്ചതിലും ടിഡിപി സർക്കാർ ആരോപണം നേരിടുകയാണ്.

English Summary:

Telugu news channels blacked out in Andhra Pradesh: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com