പ്ലസ് വൺ സീറ്റ് ക്ഷാമം യാഥാർഥ്യമെന്ന് ഭരണകക്ഷി എംഎൽഎയും; രാഷ്ട്രീയ ദുഷ്ടലാക്കെന്ന് വിദ്യാഭ്യാസ മന്ത്രി
Mail This Article
തിരുവനന്തപുരം∙ പ്ലസ് വണ്‍ സീറ്റ് വിഷയം സബ്മിഷനായി സഭയില്‍ ഉന്നയിച്ച് ഭരണപക്ഷ എംഎല്‍എയും പിണറായി വിജയൻ മന്ത്രിസഭയിൽ അംഗവുമായിരുന്ന അഹമ്മദ് ദേവര്‍കോവില്‍. സീറ്റ് ക്ഷാമം യാഥാർഥ്യമാണെന്ന് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം നിലവിലുണ്ട്. യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് വലിയ തോതില്‍ സീറ്റിന്റെ കുറവുണ്ടായിരുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിട്ടും പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രചാരണവും സമരപരിപാടികളും നടത്തുകയാണെന്ന് ദേവർകോവിൽ വിമർശിച്ചു. ചെയ്തുപോയ തെറ്റിനു പൊതുസമൂഹത്തോടു മാപ്പു പറയാന്‍ അവര്‍ തയാറാകണമെന്ന് അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. സീറ്റ് കുറവുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണെന്നും ഏതാണ്ട് 21000 കുട്ടികള്‍ക്കു സീറ്റ് കിട്ടാത്ത സാഹചര്യമുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇതില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ പ്ലസുകാര്‍ക്കു പോലും സീറ്റില്ലാത്ത അവസ്ഥയാണെന്നു തുടര്‍ന്നു സംസാരിച്ച പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ എല്ലാം സമരത്തിലാണ്. പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേസമയം, അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് ആവര്‍ത്തിച്ചായിരുന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ മറുപടി. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇല്ല. ഇതുമായി ബന്ധപ്പെട്ട സമരങ്ങളില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. എയ്ഡഡ്, വിഎച്ച്എഇ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മറുപടി.
മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷകര്‍ 82,466 പേരാണ്. ഇതില്‍ 7,606 പേര്‍ ജില്ലയ്ക്കു പുറത്തുള്ളവരാണ്. 74860 പേര്‍ ജില്ലയ്ക്കുള്ളില്‍നിന്നു അപേക്ഷകരാണ്. 4350 പേര്‍ മറ്റു ജില്ലകളിലേക്കു പോയി. ബാക്കി 78114 പേരാണ് ജില്ലയില്‍ അവശേഷിക്കുന്നത്. അലോട്ട്‌മെന്റ് നടത്തിയിട്ടും പ്രവേശനം നേടാത്ത 11,546 പേരുണ്ട്. 53762 പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുണ്ട്. ശേഷിക്കുന്നത് 17292 പേരാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ അതില്‍ എത്രയോ അധികം കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാന്‍ മന്ത്രി തയാറായില്ല. 9820 സീറ്റുകള്‍ ശേഷിക്കുന്നുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റോടു കൂടി അതും കഴിയും. അതോടെ 7478 സീറ്റിന്റെ കുറവ് മാത്രമേ വരൂ എന്നും മന്ത്രി വിശദീകരിച്ചു. നാളെ വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 10,185 സീറ്റുകളുടെ ഒഴിവുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.