ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിനും ലീഗിനും ഒപ്പം മുന്നണി പോലെയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പ്രവര്‍ത്തിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും. തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിടാന്‍ മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറുന്നുവെന്ന് സതീശന്‍ പറഞ്ഞു. 

വി.ഡി.സതീശന്റെ മറുപടി

‘തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും  മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സിഎഎ മാത്രം മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഫലം വന്നപ്പോള്‍ അത് മാറ്റിപ്പിടിക്കുകയാണ്. അത്രയും കാലം ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ച് വോട്ട് കിട്ടുന്നതിന് വേണ്ടി ശ്രമം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് വേണ്ടി എന്തിനാണ്  മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറുന്നത്. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ധീരമായ തീരുമാനമാണ് യുഡിഎഫ് പ്രഖ്യപിച്ചത്. ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും യുഡിഎഫ് ഒരു പോലെ എതിര്‍ക്കും. അതുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കക്ഷി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്നു പറയാന്‍ ഞങ്ങള്‍ തീരുമാനം എടുത്തു.

മൂന്ന് പതിറ്റാണ്ടോളം ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും സിപിഎമ്മിനൊപ്പമായിരുന്നു. അപ്പോള്‍ അവര്‍ മതേതരവാദികളായിരുന്നു. 2019 ല്‍ ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് അവര്‍ യുഡിഎഫിന് അനുകൂലമായ തീരുമാനം എടുത്തു. അന്നു മുതല്‍ അവര്‍ വര്‍ഗീയവാദികളായി. ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനാണ് പിന്തുണ നൽകിയത്. പിന്തുണ പിന്‍വലിച്ചതോടെ അവര്‍ വര്‍ഗീയവാദികളായി. സിപിഎമ്മല്ല വര്‍ഗീയതയുടെ അളവുകോല്‍ നിശ്ചയിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ് യുഡിഎഫിന്റേത്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ലീഗിനെ ആക്രമിച്ച് പുതിയ പോര്‍മുഖം തുറക്കാനുള്ള തന്ത്രവും കൗശലവുമാണ് സിപിഎം വീണ്ടും നടത്തുന്നത്. 

ഇതുവരെ ഉണ്ടാകാത്ത ആഘാതമാണ് സിപിഎമ്മിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. സിപിഎമ്മിന്റെയും സിപിഐയുടെയും കേരള കോണ്‍ഗ്രസിന്റെയും ജില്ലാ യോഗങ്ങളില്‍ ഇത്രയും കാലം കേരളത്തിലെ പ്രതിപക്ഷം നിയമസഭയിക്കകത്തും പുറത്തും പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളുടെ മുഖത്ത് നോക്കി ചോദിക്കുകയാണ്. നിങ്ങളുടെ മുന്‍ഗണന എന്താണ്? എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കിയില്ല? എന്തുകൊണ്ട് പാവങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല? നിങ്ങള്‍ എന്തുകൊണ്ട് അഴിമതി കാട്ടുന്നു? ഞങ്ങള്‍ ചോദിച്ച ഈ ചോദ്യങ്ങളാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും താഴെത്തട്ടിലെ നേതാക്കളും ചോദിക്കുന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ക്ക് അവര്‍ അടിവരയിടുകയാണ്. യാഥാർഥ്യം മനസിലാക്കി, തെറ്റ് തിരുത്തുമെന്ന് പറഞ്ഞവര്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ്’– സതീശൻ പറഞ്ഞു. 

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

‘മൂന്ന് ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ജയിച്ച  മുസ്‌ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാല്‍ മൂക്ക് താഴോട്ടായ ആരെങ്കിലും വിശ്വസിക്കുമോ എന്നു പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു. ശക്തി കേന്ദ്രങ്ങളിലൊക്കെ വമ്പന്‍ ഭൂരിപക്ഷം നേടിയ ഞങ്ങള്‍ക്ക് മുഖം നഷ്ടപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഓരോ പരീക്ഷണങ്ങള്‍ അവതരിപ്പിച്ച് യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ മുഖമാണ് നഷ്ടപ്പെട്ടത്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയിൽ ഒരു സ്റ്റേജ് ഷോ ഉണ്ടായിരുന്നു. ആ സ്റ്റേജ് ഷോ അവതരിപ്പിച്ചതൊക്കെ ഒന്ന് ഓര്‍ത്താല്‍ മതി. ഇത്തരം ശക്തികളെയൊക്കെ എല്ലാക്കാലത്തും ലീഗ് എതിര്‍ത്തിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയത മാത്രമല്ല, ന്യൂനപക്ഷ വര്‍ഗീയതയോടും തീവ്രവാദത്തോടും ഒരു കാലത്തും സന്ധി ചെയ്തിട്ടില്ല. മാറി മാറി വന്ന തിരഞ്ഞെടുപ്പിലൊക്കെ വിട്ടുവീഴ്ച നടത്തിയത് അവര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ആദര്‍ശപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ട് കൂട്ടുകെട്ട് എന്ന തൊപ്പി ഞങ്ങള്‍ക്കല്ല, അപ്പുറത്താണ് ചേരുക. ഞങ്ങളുടെ മുഖം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ മുഖം വികൃതമായെന്നു പറയുന്നത് ആരും വിശ്വസിക്കില്ല’– പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

English Summary:

Satheesan and Kunhalikutty Rebuke Pinarayi on Communalism Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com