ADVERTISEMENT

ബത്തേരി∙ കേണിച്ചിറയിൽ കൂട്ടിലായ കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യത. നിലവിൽ കുപ്പാടി പരിചരണ കേന്ദ്രത്തിലുള്ള കടുവയുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക. വെറ്ററിനറി ഡോക്ടർമാരുടെ സംഘം കടുവയെ പരിശോധിച്ച് റിപ്പോർട്ട് നൽകിയ ശേഷം ഇന്ന് രാത്രിയോടെ തീരുമാനമെടുക്കുമെന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ നിലവിൽ ഏഴ് കടുവകളുണ്ട്. അതിനാൽ ഒരു കടുവയെക്കൂടി ഇവിടെ പാർപ്പിക്കാൻ സാധ്യത കുറവാണ്. ആരോഗ്യം ക്ഷയിച്ചതിനാൽ തിരിച്ച് കാട്ടിലേക്ക് വിട്ടാലും ഇര തേടാനായി നാട്ടിലേക്ക് തന്നെ വരാൻ സാധ്യതയുണ്ട്. നാട്ടുകാർ പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലും കാട്ടിലേക്ക് തുറന്നുവിടാൻ സാധിക്കില്ല.  

ഞായറാഴ്ച രാത്രിയാണ് കേണിച്ചിറ എടക്കാടിനു സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ തോല്‍പ്പെട്ടി 17 എന്ന കടുവ കുടുങ്ങിയത്. പത്ത് വയസ്സുള്ള ആൺ കടുവയാണ് കുടുങ്ങിയത്. ദേഹത്ത് ചെറിയ മുറിവുകളുണ്ട്. ചില പല്ലുകള്‍ക്ക് പൊട്ടലുള്ളതായി സൂചനയുണ്ട്. കേണിച്ചിറ എടക്കാട് നാല് ദിവസം മുമ്പാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 

21 ന് വൈകിട്ട് കേണിച്ചിറ എടക്കാട് മാന്തടം തെക്കേപ്പുന്നപ്പള്ളിൽ വർഗീസിന്റെയും 22ന് രാത്രി 10ന് കേണിച്ചിറ കിഴക്കേൽ സാബുവിന്റെയും പശുക്കളെ കൊന്ന കടുവ ഇന്നലെ പുലർച്ചെ മൂന്നോടെ കേണിച്ചിറ മാളിയേക്കൽ ബെന്നിയുടെ 2 പശുക്കളെ കൂടി കൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കടുവയെ കൂടുവച്ച് പിടിക്കാൻ സാധിച്ചില്ലെങ്കിൽ വെടിവയ്ക്കാൻ ഉത്തരവായി. ഇന്നലെ രാത്രി പത്ത് മണിയോടെ കടുവ വീണ്ടും തൊഴുത്തിൽ കയറി. നാട്ടുകാർ നോക്കി നിൽക്കെയാണ് കടുവ എത്തിയത്. പിന്നാലെ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച പകൽ മയക്കുവെടി വയ്ക്കുന്നതിന് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തിയിരുന്നു.

English Summary:

Tiger caged in Kenichira may be moved to zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com