ADVERTISEMENT

മുംബൈ∙ ‘‘പൊതുജനങ്ങൾക്ക് ഞാൻ നിക്ഷേപ ഉപദേശമൊന്നും കൊടുക്കാറില്ല. ഏതെങ്കിലും പ്രത്യേക ഓഹരിയിൽ നിക്ഷേപിക്കാനും നിർദേശിച്ചിട്ടില്ല. എന്‍റെ പേരിൽ വിഡിയോകൾ പ്രചരിക്കുന്നുണ്ട്. നിങ്ങൾ അവയിൽനിന്ന് അകലം പാലിക്കുക. അതെല്ലാം വ്യാജമാണ്’’ - റിസർവ് ബാങ്കിന്‍റെ മുൻ ഗവർണറും പ്രമുഖ സാമ്പത്തിക തന്ത്രജ്ഞനുമായ ഡോ. രഘുറാം രാജൻ സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇന്നിൽ കുറിച്ച വാക്കുകളാണിത്.

താനുൾപ്പെടെ നിരവധി പ്രമുഖരുടെ പേരിൽ ഡീപ് ഫെയ്ക്ക് വിഡിയോ തട്ടിപ്പുകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഡോ. രഘുറാം രാജൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ, ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി തുടങ്ങിയവരുടെ ഡീപ്‌ഫെയ്ക്ക് വിഡിയോകളാണ് ഇതിലധികവും. ചില പ്രത്യേക കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നേടാനാകുമെന്നും ഇതിനായി നിർമിതബുദ്ധി (എഐ) അധിഷ്ഠിതമായ പ്ലാറ്റ്ഫോമുണ്ടെന്നും വ്യക്തമാക്കുന്ന തരത്തിലുള്ള വിഡിയോ സന്ദേശങ്ങളാണു സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. 

ഓരോ വ്യക്തിക്കും അദ്ദേഹത്തിന്‍റേതായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകുമെന്നും അതിനായി റിസ്ക് ഫാക്ടർ (ഉൾക്കൊള്ളാനാവുന്ന പരമാവധി റിസ്ക്) കൂടി കണക്കിലെടുത്തുള്ള നിക്ഷേപ മാർഗങ്ങളാണു സ്വീകരിക്കേണ്ടതെന്നും രഘുറാം രാജൻ ലിങ്ക്ഡ്ഇൻ സന്ദേശത്തിൽ പറഞ്ഞു. ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതിയെ മാത്രം ആശ്രയിക്കുകയോ  ഒരു ഓഹരിയിൽ മാത്രം നിക്ഷേപിക്കുകയോ ചെയ്താൽ നിങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടായേക്കും. ബാങ്ക് നിക്ഷേപം, കടപ്പത്രം (ബോണ്ട്), ഓഹരി നിക്ഷേപം (മ്യൂച്വൽഫണ്ട്, ഇടിഎഫ്) എന്നിങ്ങനെ നിക്ഷേപം വൈവിധ്യവത്കരിക്കുന്നതാണു സാമ്പത്തികഭദ്രത ഉറപ്പാക്കാൻ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

റിസർവ് ബാങ്കിന്‍റെ 23-ാം ഗവർണറായിരുന്ന രഘുറാം രാജൻ 2013-16 കാലയളവിലാണ് ആ പദവി വഹിച്ചത്. നിലവിൽ അദ്ദേഹം യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ബൂത്ത് സ്കൂളിൽ ധനകാര്യവിഭാഗം പ്രഫസറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com