ADVERTISEMENT

തിരുവനന്തപുരം ∙ 2023-24 സാമ്പത്തിക വര്‍ഷം 209 കോടി രൂപ അറ്റലാഭം നേടിയതായി കേരള ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20.5 കോടിയായിരുന്നു അറ്റലാഭം. രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലും ലാഭം നേടാനായെന്നും ബാങ്ക് അറിയിച്ചു. കേരള ബാങ്കിനെ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തിയിരുന്നു. വായ്പാ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 25 ലക്ഷം രൂപയ്ക്കു മുകളില്‍ വ്യക്തിഗത വായ്പ പാടില്ലെന്നാണ് നിര്‍ദേശം.

അതേസമയം, സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്ന നിലയിൽ നബാർഡ് വർഷാവർഷം ബാങ്കിൽ പരിശോധന നടത്താറുണ്ടെന്നും ഇത് ഒരു സാധാരണ നടപടിക്രമമാണെന്നും ബാങ്ക് അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ഇൻസ്പെക്‌ഷനെ തുടർന്ന് നടത്തിയ റേറ്റിങ്ങിലാണ് ബാങ്കിന്റെ റേറ്റിങ് ‘ബി’യിൽ നിന്നും ‘സി’ ആക്കി മാറ്റിയത്. ഇത്തരത്തിലുള്ള മാറ്റം ബാങ്കിന്റെ പ്രവർത്തനത്തെ വലിയ തോതിൽ ബാധിക്കുന്നതല്ല. ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷം രൂപയിൽ നിന്നും 25 ലക്ഷമായി കുറയുക മാത്രമാണ് ഉണ്ടാകുന്നത്.

ബാങ്കിന് 48,000 കോടി രൂപയുടെ വായ്പയുണ്ട്. ഇതിൽ ഏകദേശം 3 ശതമാനം വായ്പകൾ മാത്രമാണ് വ്യക്തിഗത മോർട്ട്ഗേജ് വായ്പകൾ. ബാങ്കിന്റെ നിക്ഷേപത്തെയോ പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയൊന്നിനെയും ഇത് ബാധിക്കുന്നില്ല. പദ്ധതിയുടെ അടിസ്ഥാനത്തിൽ കാര്‍ഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പരിധിയില്ലാതെയും, വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപ വരെയും കേരള ബാങ്ക് അനുവദിക്കുന്നുണ്ട്.

2022-23 സാമ്പത്തിക വർഷം നബാർഡ് ചൂണ്ടിക്കാട്ടിയ കുറവുകൾ ഭൂരിഭാഗവും പരിഹരിക്കുന്നതിന് 2023-24 സാമ്പത്തിക വർഷം കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും ക്രമാനുഗതമായ വളർച്ചയുണ്ടായി. മൊത്തം ബിസിനസ് 2020 മാർച്ച് 31-ലെ 1,01,194 കോടി രൂപയിൽ നിന്നും 2024 മാർച്ച് 31 പ്രകാരം 1,16,582 കോടി രൂപയായി ഉയർന്നതായും ബാങ്ക് വ്യക്തമാക്കി.

English Summary:

Kerala Bank clarification that change in rating will not affect operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com