‘ആകാശപ്പാതയിൽ ഗണേഷിന്റെ പ്രതികാരം, ആ കുടിവെള്ള പദ്ധതിക്ക് പണം നൽകിയില്ല; കോട്ടയത്ത് വികസനമില്ലാതാകും’
Mail This Article
കോട്ടയം ∙ കുടിവെള്ള പദ്ധതിക്കു പണം നൽകാത്തതിലെ മുൻവൈരാഗ്യം മൂലമാണു കോട്ടയത്ത് ആകാശപ്പാത നിർമിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ തടസ്സം നിൽക്കുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ആകാശപ്പാതയ്ക്കു പണം നൽകാനാകില്ലെന്നു ഗണേഷ് നിയമസഭയിൽ പറഞ്ഞിരുന്നു. പഴയ സംഭവത്തിൽ താൻ പ്രതികാരം ചെയ്യുകയാണെന്നു കരുതരുതെന്നും മന്ത്രി സൂചിപ്പിച്ചു. ഈ സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു.
‘‘ഞാൻ വനം മന്ത്രി ആയിരുന്നപ്പോൾ ഗണേഷിന്റെ നിയോജക മണ്ഡലത്തിലെ വനപ്രദേശത്ത് ശബരി കുടിവെള്ള പദ്ധതിക്കു 45 ലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് വനം വകുപ്പിന്റെ കയ്യിൽ 45 ലക്ഷം കൊടുക്കാനില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭ്യർഥന അംഗീകരിച്ചില്ല. അതാണ് പുള്ളിയുടെ വാശിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നിയമസഭയിലെ മറുപടി. പ്രതികാരം തീർക്കുവാണോയെന്ന് ഗണേഷിനോട് ഞാൻ ചോദിച്ചു. പ്രതികാരം തന്നെയാണ്. ആ പ്രതികാരം പുള്ളി തീർക്കുകയാണ്. കോട്ടയത്ത് ഒരു വികസനവും നടക്കില്ല. അത് അങ്ങനെയങ്ങ് പോകുമെന്നു കൂടി ഗണേഷ് പറഞ്ഞു. ആ പറഞ്ഞതൊക്കെ സഭാ രേഖകളിലുണ്ട്’’– തിരുവഞ്ചൂർ പറഞ്ഞു.
ആകാശപ്പാതയുമായി ബന്ധപ്പെട്ടു കോടതിയിൽ പറയാത്ത കാര്യങ്ങളാണു ഗണേഷ് നിയമസഭയിൽ പറഞ്ഞതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ‘‘ഇതുസംബന്ധിച്ച ഒരു ഹർജി കോടതിയുടെ മുന്നിലുണ്ട്. അതിലൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സർക്കാർ എൻജിനീയറും തൃശൂർ എൻജിനീയറിങ് കോളജും പാലക്കാട് എൻഐടിയും ആകാശപ്പാതയ്ക്ക് സർട്ടിഫിക്കേഷൻ നൽകിയതാണ്. സ്ഥലമേറ്റെടുക്കണമെന്നാണ് ഇപ്പോൾ പറയുന്നത്. സ്ഥലമേറ്റെടുക്കേണ്ട കാര്യമേയില്ല. ഒരുവശത്ത് സ്ഥലം കൊടുക്കാമെന്ന് മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. മറുഭാഗത്ത് ആളുകൾ സഞ്ചരിക്കുന്ന ഫുട്പാത്തിലാണ് ആകാശപ്പാത ലാൻഡ് ചെയ്യുന്നത്. ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്ന പ്രശ്നമേയില്ല.
ആകാശപ്പാതയും ഈ സ്ഥലവുമൊന്നും കാണാതെയാണു മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതെന്നാണ് എന്റെ അനുമാനം. അദ്ദേഹം വന്നിരുന്നെങ്കിൽ എനിക്കു ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു. തടസ്സവാദങ്ങൾ ഉന്നയിക്കാതെ നിർമാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട്. കോടതിയിലും കേസുണ്ട്. നിയമപരമായി ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കും’’– തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.