ADVERTISEMENT

ന്യൂഡല്‍ഹി∙ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെള്ളിയാഴ്ച (ജൂണ്‍ 28) അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടുമെന്ന് ഇന്ത്യാ സഖ്യം. നീറ്റ് വിഷയം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം. 

നീറ്റ്, അഗ്നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ.ഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഉന്നയിക്കും. തിങ്കളാഴ്ച പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഒത്തുകൂടാനും യോഗത്തില്‍ തീരുമാനമായി. 

രാജ്യത്ത് പുകയുന്ന എല്ലാ വിഷയങ്ങളും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയായാലും ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പായാലും എല്ലാ വിഷയത്തിലും പാര്‍ലമെന്റില്‍ സംവാദം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

English Summary:

NEET-NET row: Opposition INDIA bloc to raise issue in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com