കർണാടകയിൽ പൊലീസ് വാഹനം ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച് ഗുണ്ടാസംഘം; 4 പൊലീസുകാർക്ക് പരുക്ക്
Mail This Article
ബെംഗളൂരു ∙ കർണാടകയിലെ ഗദക്കിൽ പൊലീസ് വാഹനം ആക്രമിച്ച് മോഷണക്കേസ് പ്രതിയുമായി ഗുണ്ടാസംഘം കടന്നുകളഞ്ഞു. വെള്ളിയാഴ്ച അർധരാത്രിയോടെയാണു ഗദക് ജില്ലയിലെ ബട്ടകേരി റെയിൽവേ മേൽപ്പാലത്തിനു സമീപം പൊലീസിനുനേർക്ക് ആക്രമണമുണ്ടായത്. സ്വകാര്യ വാഹനത്തിലാണു സംഘമെത്തിയത്.
കൊപ്പാൾ ജില്ലയിലെ ഭഗവതിപുരത്തുനിന്നുള്ള പൊലീസ് സംഘം മോഷണക്കേസ് പ്രതി അംജദ് അലിയുമായി വരികയായിരുന്നു. ബട്ടകേരിയിൽവച്ച് അംജദ് അലിയുടെ സംഘാംഗങ്ങൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ വട്ടംവച്ച ശേഷം അക്രമിച്ചു. അംജദ് അലിയെ മോചിപ്പിച്ചശേഷം സംഘം സ്ഥലംവിട്ടു. ആക്രമണത്തിൽ ഭഗവതിപുരം സ്റ്റേഷനിലെ 4 പൊലീസുകാർക്കു പരുക്കേറ്റു.
പരുക്കേറ്റ എഎസ്ഐ ശിവശരണ ഗൗഡ, കോൺസ്റ്റബിൾ മൈലാരപ്പ സോംപുര, ഹവിൽദാർ മാരിഗൗഡ ഹൊസമണി, ഡ്രൈവർ ശരണപ്പ തിമ്മനഗൗഡ എന്നിവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.