കുട്ടികളുടെ മനസ്സ് നീറുന്നു, നീറ്റ് മതിയാക്കണം: മോദിക്കും രാഹുലിനും കത്തയച്ച് സ്റ്റാലിൻ
Mail This Article
ചെന്നൈ ∙ പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ ‘നീറ്റ്’ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നീറ്റ് പരീക്ഷ കുട്ടികൾക്കിടയിൽ അനാവശ്യ സമ്മർദമുണ്ടാക്കുമെന്നും പ്ലസ് ടുവിനു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലേ മെഡിക്കൽ പ്രവേശനം അനുവാദിക്കാവൂ എന്നുമാണു കത്തിലുള്ളത്.
നീറ്റ് റദ്ദാക്കണമെന്നു തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിനു പിന്നാലെയാണു പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാർക്കും സ്റ്റാലിൻ കത്തയച്ചത്. തമിഴ്നാടിനെ നീറ്റ് പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. നേരത്തേതന്നെ വിഷയത്തിൽ തമിഴ്നാട് നിയമം പാസാക്കിയിരുന്നെങ്കിലും രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അടുത്തിടെ നീറ്റ് വിഷയത്തിൽ പുറത്തുവന്ന ക്രമക്കേടുകൾ തമിഴ്നാടിന്റെ ആശങ്കകൾ ശരിവയ്ക്കുന്ന തരത്തിലാണെന്നും സ്റ്റാലിൻ പറഞ്ഞു.
ദേശീയ പരീക്ഷാ ഏജൻസിയിൽ കണ്ടെത്തിയ ക്രമക്കേട് കഠിനാധ്വാനികളായ കുട്ടികൾക്കിടയിൽ സൃഷ്ടിച്ച ആശങ്ക വലുതാണ്. വിഷയം പാർലമെന്റിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരണം. തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാമുന്നണി പ്രമേയം പാസാക്കണമെന്നും രാഹുലിനുള്ള കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
കേരളം, ബംഗാൾ, കർണാടക, തെലങ്കാന, ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് മുഖ്യമന്ത്രിമാരോടും പിന്തുണ ആവശ്യപ്പെട്ട സ്റ്റാലിൻ, നീറ്റ് പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടു നിയമസഭകളിൽ പ്രമേയം പാസാക്കണമെന്നും അഭ്യർഥിച്ചു.