ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യന്റെ ഫെയ്സ്ബുക് പോസ്റ്റ്.രാഹുൽ ഗാന്ധിയെ വാനോളം പുകഴ്‌ത്തുന്ന പോസ്റ്റ് അൽപ സമയത്തിനു ശേഷം അദ്ദേഹം പിൻവലിച്ചു. ചില നിലപാടുകൾ തൽക്കാലത്തേക്കു നമ്മൾ മാറ്റിവയ്‌ക്കേണ്ടി വരുമെന്ന്, പോസ്റ്റ് പിൻവലിച്ചതിനെക്കുറിച്ച് രൂപേഷ് ‘മനോരമ ഓൺലൈനിനോട്’ പ്രതികരിച്ചു.

‘‘രാഹുൽ ഗാന്ധി  ഒരു ബിംബം മാത്രമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചു മാത്രമാണ് എന്റെ പോസ്റ്റ്. മുതലാളിമാർക്കൊപ്പം നേതാക്കൾ കൂട്ടുകൂടുന്ന സമയത്തു സാധാരണക്കാരനൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിന്തയെയാണു മാനിക്കുന്നത്. സാധാരണക്കാർ വോട്ടുചെയ്ത് വിജയിപ്പിച്ചവർ മറ്റൊരു നിലയിലേക്കു പോകുമ്പോഴുള്ള പ്രതിഷേധം കൂടിയായിരുന്നു പോസ്റ്റ്. ചില സന്ദർഭങ്ങളിൽ അത്തരം പ്രതിഷേധങ്ങൾ മാറ്റിവയ്ക്കേണ്ടി വരും. ഇങ്ങനെയൊരു ചിന്ത പങ്കുവച്ചതുകൊണ്ട് നമ്മൾ എന്താണോ അതിൽ മാറ്റമൊന്നുമുണ്ടാവില്ല. ഉള്ളിന്റെ ഉള്ളിൽ നമ്മളെന്താണോ അങ്ങനെ തന്നെ തുടരും’’– രൂപേഷ് പറഞ്ഞു.

പാർട്ടി നോക്കിയല്ല രാഹുലിനെ സ്നേഹിച്ചു തുടങ്ങിയതെന്നും നിലപാടിനെയാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ എഴുതിയിരുന്നു. ചുവന്ന പതാക പിടിച്ചാൽ മാത്രം കമ്യൂണിസ്റ്റാകും എന്നു ചിന്തിക്കുന്ന നിഷ്കളങ്കരല്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ‘സ്നേഹപൂർവം രാഹുലിന്’ എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതിനു പിന്നാലെ ഫെയ്സ്ബുക്കിൽനിന്ന് രൂപേഷ് അത് നീക്കം ചെയ്യുകയായിരുന്നു.

∙ രൂപേഷ് ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ പൂർണരൂപം

അങ്ങയുടെ പാർട്ടി ഏതെന്നു നോക്കിയായിരുന്നല്ല ഞങ്ങൾ അങ്ങയെ സ്നേഹിച്ചു തുടങ്ങിയത്. ജാതിയും മതവും പാർട്ടിയും പകിട്ടും നോക്കി ഞങ്ങളാരെയും ഇന്നേവരെ സ്നേഹിച്ചിട്ടില്ല രാഹുൽ. അങ്ങയെ അടുത്തറിയാവുന്നത് കൊണ്ടല്ല ഞങ്ങളുടെ മുഖപുസ്തക താളുകളിൽ അങ്ങയെ കുറിച്ചെഴുതി നിറച്ചത്. തോറ്റാലും തോറ്റാലും തോൽക്കാൻ മനസ്സില്ലാത്ത അങ്ങയിലെ പോരാട്ടവീര്യം കണ്ടപ്പോഴാണ് കൂരിരിട്ടിലും ഇത്തിരി വെട്ടമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്. അങ്ങയെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഞങ്ങളുടെ നെറ്റിയിൽ ത്രിവർണ പതാക പതിക്കുന്നവരുണ്ടാകാം. ചുവന്ന പതാക പിടിച്ചാൽ മാത്രം കമ്യൂണിസ്റ്റാകും എന്ന് ചിന്തിക്കുന്ന നിഷ്കളങ്കരല്ല ഞങ്ങളെന്ന് അവരെ പറഞ്ഞു പഠിപ്പിക്കാൻ ഞങ്ങൾക്കൊരിക്കലുമാകില്ല രാഹുൽ.

കന്യാകുമാരി മുതൽ കശ്മീർ വരെ മണ്ണിൽ പാദങ്ങളമർത്തി അങ്ങ് നടന്നു നീങ്ങിയപ്പോൾ ആ നിശ്ചയദാർഢ്യത്തെ അംഗീകരിക്കാൻ ഞങ്ങളിലെ ചുവപ്പ് ഞങ്ങൾക്കൊരിക്കലും തടസ്സമായില്ല. തോൽവിയിൽനിന്നും തോൽവിയിലേക്ക് അങ്ങ് വഴുതി വീഴുമ്പോഴൊക്കെ അങ്ങയെ ഇകഴ്ത്താനായി മാത്രം വാക്കുകൾക്ക് മൂർച്ച കൂട്ടുന്നവരോട് ചേർന്നുനിൽക്കാതെ ഞങ്ങളങ്ങയോടിഷ്ടം കൂടിയത്, നന്മയുടെ അംശം അങ്ങയുടെ  മനസ്സിലുണ്ടെന്ന് ഞങ്ങളെന്നോ തിരിച്ചറിഞ്ഞതുകൊണ്ടാണ്. മുതലാളിമാരോട് കലഹിച്ചു നടക്കുന്ന അങ്ങിലെ ഒറ്റയാനെ ഞങ്ങളിഷ്ടപ്പെട്ടു തുടങ്ങിയത് മുതലാളിമാരോട് ഇഷ്ടം കൂടുന്നവരെ കണ്ടു മടുത്തപ്പോഴാണ്.

സാധാരണക്കാരന്റെ വിയർപ്പിന്റെ ഗന്ധത്തിനപ്പുറമുള്ള ഒരു ഗന്ധവും സുഗന്ധമല്ല എന്ന് വിശ്വസിക്കുന്ന സാധാരണക്കാരായതുകൊണ്ട് സ്വന്തം ബാഗും മുതുകത്തു തൂക്കി നടക്കുന്ന അങ്ങയെ കാണുമ്പോഴൊക്കെ ബാഗ് തൂക്കാൻ ആളെ കൂട്ടി നടക്കുന്നവരുടെ ചിത്രമാണ് ഞങ്ങളുടെ കൺമുന്നിലേക്കോടിയെത്തുക. വ്യക്തികളെ ആരാധിക്കുന്നവരല്ല ഞങ്ങൾ. അവതാരങ്ങളല്ല മനുഷ്യർ എന്ന് വിശ്വസിക്കുന്ന ഞങ്ങൾക്ക് പുരാണങ്ങളും ഇതിഹാസങ്ങളും ഏറെ ഇഷ്ടവുമാണ്.

അങ്ങയും ഞങ്ങളെപ്പോലെ ചോരയും നീരുമുള്ള മനുഷ്യനാണെന്ന് അറിയാമെങ്കിലും അങ്ങയിലെ നന്മയും പോർമുഖത്തിലെ പതറാത്ത ധീരതയും, വിട്ടുവീഴ്ച ഇഷ്ടപ്പെടാത്ത ഞങ്ങളുടെ മനസ്സിലിടം പിടിച്ചെങ്കിൽ അത് ഒരിക്കലും വ്യക്ത്യാരാധനയല്ല രാഹുൽ. സ്വന്തം അച്ഛന്റെ ഫോട്ടോ പോക്കറ്റിൽ തിരുകാനിഷ്ടപ്പെടാതെ നേതാവിന്റെ ചിത്രം നെറ്റിയിലൊട്ടിച്ചു നടക്കുന്നവരോട് ഞങ്ങൾക്കെന്നും പുച്ഛമാണ്.

നേതാവല്ല, പിതാവും മാതാവുമാണു ദൈവം എന്ന് പഠിക്കേണ്ട പാഠശാലയിൽ പഠിക്കാത്തവരെ തിരുത്താൻ ഞങ്ങൾക്കൊരിക്കലുമാവില്ല എന്ന് നന്നായറിയാം. അങ്ങയെയല്ല ഞങ്ങളിഷ്ടപ്പെടുന്നത്. പ്രമാണിമാരും ഭൃത്യരുമായി മനുഷ്യരെ തരംതിരിച്ചു കാണാനിഷ്ടമില്ലാത്ത അങ്ങിലെ നിലപാടിനെയാണു ഞങ്ങളിഷ്ടപ്പെടുന്നത്. പ്രതിപക്ഷ നേതാവായി അങ്ങിരിക്കുമ്പോൾ ഒരു റെഡ് സല്യൂട്ട് നൽകാതിരിക്കാൻ ഞങ്ങൾക്കൊരിക്കലുമാകില്ല രാഹുൽ. ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ പ്രതിപക്ഷ നേതാവിന് ആശംസകൾ.

English Summary:

Rupesh Pannian ’s Facebook Post Wishing Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com