നീറ്റ്: ജാർഖണ്ഡിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ, ഗുജറാത്തിലും തിരച്ചിൽ
Mail This Article
ന്യൂഡൽഹി ∙ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരായ കുറ്റമെന്നു സിബിഐ വൃത്തങ്ങൾ പറഞ്ഞു.
ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവർക്കു ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക പങ്കുണ്ടെന്നാണു കരുതുന്നത്. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) നിരീക്ഷകനായും ഒയാസിസ് സ്‌കൂൾ സെന്റർ കോഓർഡിനേറ്ററായും ആലമിനെ നിയമിച്ചിരുന്നു. മേയ് അഞ്ചിന് എൻടിഎ നടത്തിയ നീറ്റ് പരീക്ഷയുടെ ഹസാരിബാഗ് ജില്ലാ കോർഡിനേറ്ററായിരുന്നു എഹ്‌സാനുൽ ഹഖ്. ഹസാരിബാഗ് ജില്ലയിൽ നിന്നുള്ള 5 പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുജറാത്തിൽ, ഗോധ്ര പൊലീസ് നേരത്തേ അന്വേഷിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടു ഗോധ്ര, ഖേഡ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലെ 7 സ്ഥലങ്ങളിൽ സിബിഐ സംഘം പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജൂൺ 23ന് കേസെടുത്ത സിബിഐ 27നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.