‘ഭൂമിക്ക് ബാധ്യതയില്ലെന്ന് കരാറിലുണ്ട്, അത് വിശ്വസിച്ച് പണം നൽകി’: ഡിജിപി പറയുന്നത് കളവെന്ന് പരാതിക്കാരൻ
Mail This Article
തിരുവനന്തപുരം∙ ഭൂമി ഇടപാടില്‍ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പറയുന്നത് ശരിയല്ലെന്നും ഭൂമിക്ക് ബാധ്യതയില്ലെന്നു കരാറില്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരനായ ടി.ഉമര്‍ ഷെരീഫ്. സംശയം മൂലം അന്വേഷിച്ചപ്പോഴാണു ബാധ്യത കണ്ടെത്തിയത്. പണം തിരികെ ലഭിച്ചാല്‍ കേസില്‍നിന്നു പിന്മാറുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ‘‘ആദ്യം 15 ലക്ഷം രൂപ നല്‍കി. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം ചോദിച്ചു. അപ്പോള്‍ അതില്ലെന്നു പറഞ്ഞു. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് 26 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്ന് അറിഞ്ഞത്’’– ഉമർ പറഞ്ഞു.
ഭൂമിയില്‍ യാതൊരു ബാധ്യതയുമില്ലെന്നു കരാറിന്റെ എട്ടാമത്തെ പാരഗ്രാഫില്‍ പറയുന്നുണ്ട്. അതു വിശ്വസിച്ചാണ് കരാര്‍ ഒപ്പുവച്ച് പണം നല്‍കിയത്. തുടര്‍ന്ന് ബാധ്യതയുള്ള ഭൂമിയില്‍ താല്‍പര്യമില്ലെന്നും കരാറില്‍നിന്നു പിന്മാറുകയാണെന്നും അറിയിച്ചു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ ഇതുവരെ പണം നല്‍കാതിരുന്നതോടെയാണു നോട്ടിസ് അയച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും പണം തിരികെ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ പണം നല്‍കില്ലെന്നും വേണമെങ്കില്‍ ഭൂമി നല്‍കാമെന്നുമായിരുന്നു മറുപടി.
തുടര്‍ന്നാണ് രേഖകള്‍ സഹിതം കോടതിയെ സമീപിച്ചതെന്നും ഉമര്‍ ഷെരീഫ് പറഞ്ഞു. ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയെ നേരില്‍ കണ്ടു പരാതി പറഞ്ഞു. മുഖ്യമന്ത്രിയെ കാണേണ്ടതില്ല എല്ലാം ശരിയാക്കാമെന്ന് പി.ശശി പറഞ്ഞതായും ഉമര്‍ ഷെരീഫ് പറഞ്ഞു.