ADVERTISEMENT

തിരുവനന്തപുരം ∙ ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പട്ട ഇടപാടില്‍ കൃത്യമായ കരാറോടെയാണ് ഏര്‍പ്പെട്ടതെന്നു ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. അഡ്വാന്‍സ് പണം നല്‍കിയ ശേഷം കരാറുകാരന്‍ ഭൂമിയില്‍ മതില്‍ കെട്ടിയിരുന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ ഇയാൾ അഡ്വാന്‍സ് തിരികെ ചോദിക്കുകയായിരുന്നുവെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു.

അതേസമയം, അഡ്വാന്‍സ് തുക നല്‍കിയതിനു ശേഷമാണ് ഈ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം രൂപ ബാധ്യയുണ്ടെന്നും അറിഞ്ഞതെന്നു പരാതിക്കാരന്‍ പറയുന്നു. 5 ലക്ഷം രൂപ ഡിജിപിക്കു നേരിട്ടും 25 ലക്ഷം രൂപ ഡിജിപിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലും നല്‍കിയെന്നു പരാതിക്കാരനായ ടി.ഉമര്‍ ഷെരീഫ് പറഞ്ഞു. 

ഭൂമി വില്‍ക്കാനായി 74 ലക്ഷം രൂപയുടെ കരാര്‍ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്ത ശേഷം കരാര്‍ ലംഘിച്ചതിനു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിരുന്നു. ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ട വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പറഞ്ഞത്. 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു. പണം തിരികെ നല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ.

ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 140/3 ആയി ഉള്ള ഭൂമി വില്‍ക്കാന്‍ 2023 ജൂണ്‍ 22നാണ് ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടതെന്നു പരാതിയില്‍ പറഞ്ഞു. പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇതേ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉള്‍പ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാര്‍ മുഖേന കോടതിയെ സമീപിച്ചു. മേയ് 28നാണു ഭൂമിയില്‍ ജപ്തി നോട്ടിസ് പതിച്ചത്.

English Summary:

Sale of Mortgaged Land Case DGP respond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com