ഇടുക്കിയിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ 7 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
Mail This Article
കൊച്ചി∙ ഇടുക്കിയിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥർക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂസംരക്ഷണ സേനയിലെ 7 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ജില്ലാ കലക്ടറുടെ ഉത്തരവാണു ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവർ ഉള്‍പ്പെട്ട മൂന്നാർ ബെഞ്ച് സ്റ്റേ ചെയ്തത്. ദേവികുളം, ഉടുമ്പൻചോല, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതു വിവാദമായിരുന്നു. കഴിഞ്ഞ മാസം 14ന് ദേവികുളത്ത് സിപിഐ നേതാവിന്റെ ഭീഷണി അവഗണിച്ച് കയ്യേറ്റം ഒഴിപ്പിച്ചവർക്കെതിരെ ആയിരുന്നു നടപടി. ഇക്കാര്യം അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
അതിനൊപ്പം, പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിന് എൻഒസി വേണ്ടെന്ന കത്ത് ഡെപ്യൂട്ടി കലക്ടർ നൽകിയത് നിയമോപദേശം മറികടന്നാണെന്നും അമിക്കസ് ക്യൂറി അറിയിച്ചു. എൻഒസി ഇല്ലാതെ നിർമാണം പാടില്ലെന്നായിരുന്നു നിയമോപദേശം. മൂന്നാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടുക്കി ജില്ലാ കലക്ടറും ഡെപ്യൂട്ടി കലക്ടറും കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. കെട്ടിടം നിൽക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു എന്ന കാര്യം മറച്ചു വച്ചുകൊണ്ട് കെട്ടിട ഉടമയ്ക്ക് അനുകൂലമായി 2024ൽ കലക്ടർ കെട്ടിട നമ്പറിനായി കത്തു നൽകുകയായിരുന്നെന്നു റിപ്പോർട്ട് പറയുന്നു. ഡെപ്യൂട്ടി കലക്ടറാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. ഡെപ്യൂട്ടി കലക്ടറുടെ നിലപാട് സംശയകരമെന്നു വിലയിരുത്തിയ കോടതി ബന്ധപ്പെട്ട ഫയൽ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.