ADVERTISEMENT

തിരുവനന്തപുരം∙ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്തു കൊന്നതില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ സുനില്‍കുമാറിനും സുഹൃത്ത് പ്രദീപ് ചന്ദ്രനും നേരിട്ടു ബന്ധമില്ലെന്ന നിഗമനത്തില്‍ തമിഴ്‌നാട് പൊലീസ്. പ്രധാന പ്രതി അമ്പിളിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് ഇവര്‍ അബദ്ധത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടു പോയതാണെന്നു ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായെന്നാണു സൂചന. പണത്തിനു വേണ്ടി അമ്പിളി തന്നെ കൊല നടത്തിയതാണെന്നാണു പൊലീസ് കരുതുന്നത്. ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടി ദീപു തന്നെ നല്‍കിയ ക്വട്ടേഷനാണെന്ന അമ്പിളിയുടെ മൊഴി സംബന്ധിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. 

നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന സുനില്‍കുമാര്‍ നല്‍കിയ സര്‍ജിക്കല്‍ ബ്ലെയ്ഡ് ഉപയോഗിച്ചാണു ദീപുവിന്റെ കഴുത്തറുത്തതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. അമ്പിളിയെ കാറില്‍ കളിയിക്കാവിളയില്‍ എത്തിച്ചതു സുനില്‍കുമാറും പ്രദീപും ചേര്‍ന്നാണ്. കൊലപാതക വിവരം അറിഞ്ഞു ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയ സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസമാണു കീഴടങ്ങിയത്. പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കുന്ന സമയത്ത് അമ്പിളി കൊലപാതകത്തിന് ലക്ഷ്യമിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും മകനെ കൊല്ലുമെന്ന് അമ്പളി ഭീഷണിപ്പെടുത്തിയെന്നും സുനില്‍കുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

കൊലപാതകം നടന്ന 24നു രാത്രി പാറശാലയില്‍ എത്തിയ അമ്പിളി ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കിയതെന്നാണു സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞത്. കൊലപാതകത്തിനു ലക്ഷ്യമിടുന്ന കാര്യം അപ്പോള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരും സുനിലിന്റെ കാറില്‍ കളിയിക്കാവിളയില്‍ എത്തി. നെയ്യാറ്റിന്‍കരയ്ക്കു തിരികെ വരുന്ന വഴി മദ്യപാനത്തിനിടെയാണു രാത്രി കൊലപാതകം നടത്തുമെന്ന് അമ്പിളി പറഞ്ഞത്.

അതിനായി കളിയിക്കാവിള എത്തിക്കാനും സംഭവത്തിനു ശേഷം തിരിച്ച് വീട്ടില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മകനെ കൊല്ലുമെന്ന് അമ്പിളി ഭീഷണിപ്പെടുത്തി. അതോടെ ഭയന്നു സുഹൃത്തായ കേരള പൊലീസിലെ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടു. അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വാഹനം കയറ്റാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. യാത്രയ്ക്കിടെ നെയ്യാറ്റിന്‍കരയില്‍നിന്ന് സുഹൃത്തായ പ്രദീപ് ചന്ദ്രനെ കൂടി കാറില്‍ കയറ്റി.

കളിയിക്കാവിളയില്‍ കാത്തുനില്‍ക്കാമെന്ന് ഉറപ്പു നല്‍കി അമ്പിളിയെ അമരവിള ബസ് സ്‌റ്റോപ്പില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് പ്രദീപിനൊപ്പം മദ്യപിച്ച ശേഷം ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു വീട്ടില്‍ പോയി. പിറ്റേന്നാണ് ദീപുവിനെ കൊന്ന വിവരം അറിയുന്നതെന്നും സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞു. ആരെയാണു കൊല്ലാന്‍ ലക്ഷ്യമിടുന്നതെന്ന് അമ്പിളി പറഞ്ഞിരുന്നില്ലെന്നും സുനില്‍ പറഞ്ഞു. കൊലയ്ക്കു ശേഷം അമ്പിളി ഒരു മണിക്കൂര്‍ പ്രദേശത്തു തുടര്‍ന്നതു സുനില്‍കുമാറിനെ കാത്താണെന്നാണു പൊലീസ് നിഗമനം.

English Summary:

Tamil Nadu Police: Sunil Kumar and Pradeep Chandran Mistakenly Involved in Quarry Owner's Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com