ADVERTISEMENT

കൊച്ചി∙ 2021ൽ മോഡലുകളായ രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ അഭിനന്ദ് എന്നയാളെ ബിസിനസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കാൻ എന്ന പേരിൽ ചിലവന്നൂരിലുള്ള ഡ്രീം ലാൻഡ് വ്യൂ എന്ന ഹോട്ടലിലേക്ക്  വിളിച്ചു വരുത്തി സൈജുവും സുഹൃത്ത് റെയ്സ്, റെയ്സിന്റെ ഭാര്യ റെമീസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തുകയും അഭിനന്ദിന്റെ ഹോണ്ട അമേസ് കാർ കവർച്ച ചെയ്യുകയും ചെയ്തു എന്ന കേസിലാണ് സൈജുവിനെ അറസ്റ്റ് ചെയ്തത്. 

മോഡലുകളായ യുവതികൾ പാലാരിവട്ടത്ത് വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസ് ഉൾപ്പെടെ ഒട്ടെറെ മയക്കുമരുന്ന് കേസിലും പോക്സോ കേസിലും പ്രതിയാണ് സൈജു എന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം ടൗൺ സൌത്ത്, പാലാരിവട്ടം, ഇൻഫോപാർക്ക്, പനങ്ങാട്, മരട്, ഫോർട്ട് കൊച്ചി, തൃക്കാക്കര, ഇടുക്കി വെള്ളത്തൂവൽ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ സൈജുവിനെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന എന്നിവരുടെ മരണം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഫോർട്ട്കൊച്ചിയിലെ ഹോട്ടൽ 18ൽ നിന്ന് പാർട്ടി കഴിഞ്ഞിറങ്ങിയ ഇവരുടെ കാർ സൈജുവാണ് പിന്തുടർന്നത് എന്നതാണ് കേസ്. തുടർന്ന് പാലാരിവട്ടത്ത് വച്ച് വാഹനം അപകടത്തിൽപ്പെടുകയും രണ്ടു പെൺകുട്ടികളും മരിക്കുകയും ചെയ്തു. ഇവരെ പാർട്ടിക്കു ശേഷവും ഹോട്ടലിൽ തുടരാൻ പ്രേരിപ്പിച്ച കുറ്റത്തിന് ഉടമ റോയ് വയലാട്ടിലും പ്രതിയാക്കപ്പെട്ടിരുന്നു. റോയി വയലാട്ടിലിന്റെ നിർബന്ധത്തിനു വഴങ്ങാതെ ഇവർ ഹോട്ടലിൽനിന്ന് പോവുകയായിരുന്നു.

ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാൻ സിസിടിവി ഉൾപ്പെടെ നശിപ്പിച്ച കേസിൽ റോയിയുടെ ഹോട്ടൽ ജീവനക്കാരും അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവർക്കെതിരെ കൂടുതൽ പരാതികൾ ഉയരുകയും പോക്സോ കേസ് ഉൾപ്പെടെ റജിസ്റ്റർ ചെയ്യുകയും ചെയ്തു.

English Summary:

Police arrested Saiju Thankachan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com