ആശുപത്രി വരാന്ത നിറഞ്ഞ് മൃതദേഹങ്ങൾ; ദുരന്തഭൂമിയായി ഹാഥ്റസ്: ‘ചികിത്സിക്കാൻ മതിയായ ഡോക്ടർമാരില്ല’
Mail This Article
ഹാഥ്റസ്∙ ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ. ഹാഥ്‌റസിലെ സിക്കന്തര റാവു ട്രോമ സെന്ററിൽ ഇന്നലെ ഉയർന്നത് നിലവിളികൾ മാത്രമായിരുന്നു. ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലായിടത്തും വ്യക്തമായിരുന്നു.
ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരാൻ കാരണം ആശുപത്രികളിലെ സൗകര്യക്കുറവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ ആംബുലൻസുകളോ ഓക്സിജനോ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മരിച്ച 116 പേരിൽ 89 പേർ ഹാഥ്റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതും ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മിൽ തർക്കത്തിലേക്ക് നയിച്ചു.
അതേസമയം, മരണസംഖ്യ 130 ആയി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തിൽ പരുക്കേറ്റവർ ആറോളം ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാഥ്റസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താൽക്കാലിക പന്തൽ കെട്ടിയാണ് ഹരി ഭോലെ ബാബ എന്നു വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർഥന പരിപാടി നടന്നത്. ഈ പ്രാർഥനായോഗത്തിന്റെ അവസാനം അനുഗ്രഹം തേടി ആളുകൾ തിരക്കു കൂട്ടിയതിനെ തുടർന്ന് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർധിപ്പിച്ചത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.
ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോയ പരിപാടിയുടെ മുഖ്യ സംഘാടകൻ ഭോലെ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ തേടി മെയിൽപുരിയിലെ ആശ്രമത്തിൽ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ടുളള അപകടങ്ങളിൽ ഏറ്റവും വലുത് 2005 ജനുവരിയിൽ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നടന്നതാണ്. മാണ്ഡർദേവി ക്ഷേത്ര ഉത്സവത്തിനിടെ 341 പേർ മരിച്ചു . 2008 ഒക്ടോബറിൽ രാജസ്‌ഥാനിലെ മേഹ്രൻഗഡ് ദേവീക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 224 പേർ മരിച്ചു.