ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8,9 തീയതികളിൽ റഷ്യ സന്ദർശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നാംവട്ടം അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. ദ്വിദിന സന്ദർശനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ–റഷ്യ യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. 22ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായി പുട്ടിന്റെ ക്ഷണമനുസരിച്ചാണ് സന്ദർശനം.

ദ്വിദിന റഷ്യൻ പര്യടനത്തിനുശേഷം 9ന് പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. 41 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെൻ, ചാൻസലർ കാൾ നെഹാമ്മെർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യയിൽനിന്നും ഓസ്ട്രിയയിൽനിന്നുമുള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാൾ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്കോയിലെയും വിയന്നയിലെയും ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും  മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

English Summary:

Prime Minister to Visit Russia on July 8-9 for Diplomatic Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com