സംവാദത്തിൽ പിന്നോട്ട് പോയി, മത്സരത്തിൽനിന്ന് പിന്മാറില്ല: ബൈഡൻ ഉറപ്പിച്ച് തന്നെ
Mail This Article
വാഷിങ്ടൺ∙ അറ്റ്ലാന്റ സംവാദത്തിൽ താൻ പിന്നോട്ടുപോയെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ജോ ബൈഡൻ. എന്നാൽ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറില്ലെന്നും മത്സരരംഗത്തു തുടരുമെന്നും ബൈഡൻ ഉറപ്പിച്ചു പറഞ്ഞു. യുഎസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംവാദത്തിൽ പിന്നോട്ടുപോയെന്നതു ശരിയാണ്. എന്നാൽ സംവാദത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ഭരണകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം തന്നെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചു. ‘‘ഞാൻ തന്നെയാണ് ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി. എന്നെ മാറ്റാൻ ആരും ശ്രമിക്കുന്നില്ല. ഞാൻ പുറത്തുപോകുന്നുമില്ല. ഞാൻ മത്സരരംഗത്തുണ്ടാകും.’’–ബൈഡൻ പറഞ്ഞു.
അദ്ദേഹത്തെ നോമിനി സ്ഥാനത്തുനിന്ന് മാറ്റാൻ ഡമോക്രാറ്റിക് പാർട്ടി ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ബൈഡന്റെ പ്രതികരണം. അറ്റ്ലാന്റയിൽ ടെലിവിഷൻ ചാനലായ സിഎൻഎൻ സംഘടിപ്പിച്ച പ്രഥമ പ്രസിഡൻഷ്യൽ സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ നേരിടുന്നതിൽ ബൈഡൻ പിന്നോട്ടുപോയതോടെ ആയിരുന്നു ഇത്. സംവാദത്തിലെ ട്രംപിന്റെ ആരോപണങ്ങളിൽ പലതും വ്യാജവും അർധസത്യങ്ങളും ആയിരുന്നെങ്കിലും അതിനെ ഖണ്ഡിക്കാനാകാതെ 81–കാരനായ ബൈഡൻ കുഴങ്ങുന്ന സാഹചര്യമാണുണ്ടായത്.