ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വി.എസ്.സുനിൽകുമാറിനെതിരെ ഒളിയമ്പുമായി പി.പി.സുനീർ എംപി. ‘‘നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായി. അതാണ് ഈ ചര്‍ച്ച കൊണ്ട് ഉണ്ടായ പ്രയോജനം. ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചത്’’ – എന്നായിരുന്നു സുനീർ യോഗത്തിൽ പറഞ്ഞത്.

പി.പി. സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി.എസ്.സുനില്‍കുമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നുമാണ് സുനിൽ കുമാർ‌ പറഞ്ഞത്. മുതിര്‍ന്ന നേതാവിനെ അയയ്ക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇതോടെയാണ് യോഗത്തില്‍ ചേരിതിരിഞ്ഞുള്ള വിമര്‍ശനം തുടങ്ങിയത്.

കൗൺസിലിന്റെ ആദ്യദിനമായ ഇന്നലെ കാനം വിരുദ്ധപക്ഷം സുനീറിന് എതിരെ ഒന്നായി ആസൂത്രിത വിമര്‍ശനം നടത്തിയെങ്കിൽ ഇന്ന് പഴയ കാനം പക്ഷം സുനീറിന് അനുകൂലമായി തിരിച്ചടിച്ചു. സുനില്‍ കുമാറിനെ ഒരു വിഭാഗം സംഘടിതമായി കടന്നാക്രമിച്ചു. ആറുതവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ പറഞ്ഞു.

പിന്നീടും ഒരാളെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. അതിന്റെ മാനദണ്ഡമെന്തെന്ന് ഇപ്പോഴും അറിയില്ലെന്നും സുശീലന്‍ പറഞ്ഞു. കെ.ഇ.ഇസ്മയിലിനെയും എം.പി.അച്യുതനെയും ഉദ്ദേശിച്ചായിരുന്നു സുശീലന്റെ വിമര്‍ശനം. സംഭവത്തില്‍ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍.അരുണ്‍ രംഗത്തെത്തിയിരുന്നു. 40 വയസ്സിനു മുന്‍പ് എംഎല്‍എയും 50 വയസ്സിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്നായിരുന്നു സുനിലിനെതിരെ അരുണിന്റെ പരിഹാസം.

English Summary:

‌VS Sunil Kumar against PP Suneer Sparks Controversy at CPI State Council Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com