ADVERTISEMENT

കൊച്ചി ∙ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരം കോച്ചിങ് സെന്ററിലെ പരിശീലകൻ മനുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് 5 പെൺകുട്ടികളുടെ അമ്മമാർ ഹൈക്കോടതിയിൽ. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ അമ്മമാരാണു കോടതിയെ സമീപിച്ചത്. കന്റോൺമെന്റ് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണു പ്രധാന ആവശ്യം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം. മനു ഒറ്റയ്ക്കല്ല അതിക്രമങ്ങൾ നടത്തിയത്. ഇയാള്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചു.

ക്രിക്കറ്റ് പരിശീലിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ മനു റിമാൻഡിലാണ്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. കുട്ടികളെ പരിശീലിപ്പിക്കുന്നതിനും കേരളത്തിനു പുറത്തുൾപ്പെടെ അവരെ വിവിധ മത്സരങ്ങൾക്കു കൊണ്ടുപോകുന്നതിനും അസോസിയേഷൻ ചുമതലപ്പെടുത്തിയിരുന്നത് മനുവിനെയാണ്. 2019ൽ പരാതിക്കാരിലൊരാളുടെ മകൾ പരിശീലനത്തിന് പോകാൻ മടി കാണിച്ചു. കുട്ടി അസാധാരണമായ രീതിയിൽ പെരുമാറുകയും ചെയ്തു. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് അന്ന് മാതാപിതാക്കൾക്ക് മനസ്സിലായില്ല. തുടർന്നു പരിശീലനം ബെംഗളൂരുവിലേക്ക് മാറ്റി.

അടുത്തിടെ മനുവിനെ തിരുവനന്തപുരത്തുവച്ച് കണ്ടപ്പോൾ കുട്ടി ഭയചകിതയായി. മനു കുട്ടിയെ ഭീഷണിപ്പെടുത്തി. 2024 ആയപ്പോഴേക്കും കാര്യങ്ങൾ മനസ്സിലാകുന്ന പ്രായം എത്തിയിരുന്നതിനാൽ, 5 വർഷം മുമ്പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടി പൊലീസിന്റെ വനിതാ സെല്ലിൽ വിവരമറിയിച്ചു. വനിതാ സെല്ലിൽ നിന്നാണ് മാതാപിതാക്കളോടു പറയുന്നത്. തുടർന്ന് കുട്ടിക്ക് കൗൺസലിങ് നൽകി. ആ സമയത്താണു തനിക്ക് മനുവിൽനിന്ന് ഏല്‍ക്കേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചു കുട്ടി തുറന്നു പറഞ്ഞത്. തുടർന്ന് 2024 ജൂൺ എട്ടിനു കുട്ടിയുടെ അമ്മ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേന്നു കുട്ടിയുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തെന്നും ഹർജിയിൽ പറയുന്നു. 

ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ മറ്റു കുട്ടികളും അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാൻ ആരംഭിച്ചു, പൊലീസിനെ സമീപിച്ചു. 2020ലും 2021ലുമെല്ലാം പ്രതി സമാനമായ കുറ്റകൃത്യങ്ങൾ മറ്റു കുട്ടികൾക്കു നേരെയും നടത്തിയിരുന്നു എന്നത് ഞെട്ടലോടെയാണ് മനസ്സിലാക്കിയത്. ഈ കുറ്റകൃത്യങ്ങൾ ചെയ്യാൻ മറ്റുള്ളവരുടെ സഹായവും പ്രതിക്ക് ലഭിച്ചിട്ടുണ്ട്. അവർ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും ചിത്രീകരിക്കുകയും പണത്തിനുവേണ്ടി അനധികൃത വെബ്സൈറ്റുകൾക്കു കൈമാറിയിട്ടുണ്ടെന്നു സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു. 

പ്രതി ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്, ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ട് എന്നത് ഉന്നതതലത്തിൽ അന്വേഷിക്കണം. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ചിത്രീകരിക്കുകയോ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് സംസ്ഥാന സൈബർ ക്രൈം വിഭാഗം അന്വേഷിക്കണം. പ്രതി ഈ ചിത്രങ്ങൾ ആർക്കെങ്കിലും കൈമാറി പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം, കുട്ടികൾക്ക് കോച്ച് മധുരം നൽകിയിരുന്നു എന്നും അവർക്ക് തളർച്ച അനുഭവപ്പെട്ടിരുന്നു എന്നതും അന്വേഷിക്കണം. അതിക്രമം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ശേഖരിക്കണം, തെങ്കാശിയിൽവച്ച് കുട്ടികൾക്കുനേരെ അതിക്രമം നടന്നിട്ടുണ്ടെന്നു വിവരമുണ്ട്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ട് എന്നും അന്വേഷിക്കണമെന്നും ഹർജിയിൽ പറയുന്നു. കേസിന്റെ വിശദാംശങ്ങൾ നൽകാൻ പൊലീസ് തയാറാകുന്നില്ലെന്നും അമ്മമാർ ആരോപിച്ചിട്ടുണ്ട്.

English Summary:

Kerala cricket coach manu have been handover children's photos for money alleges survivor's mothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com