ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടി. 2 സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും 4 സീറ്റിൽ വീതവും ആംആദ്മി പാർട്ടിയും ഡിഎംകെയും ഓരോ സീറ്റിലും വിജയിച്ചു. ബിഹാറിൽ ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിക്കാണു വിജയം.

ബിഹാർ, ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വന്നത്. 

ബംഗാളിൽ റായ്ഗഞ്ച്, രണഘട്ട് ദക്ഷിൺ, ബാഗ്ദാ സീറ്റുകൾ തൃണമൂൽ കോൺഗ്രസ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. മണിക്തല സീറ്റ് തൃണമൂൽ നിലനിർത്തുകയും ചെയ്തു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി 23,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഹിമാചൽ പ്രദേശിലെ ഡെഹ്റ മണ്ഡലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥിയും ഹിമാചൽ മുഖ്യമന്ത്രി സുഖ്‌‌വിന്ദർ സിങ്ങിന്റെ ഭാര്യയുമായ കമലേഷ് താക്കൂർ വിജയിച്ചു. ഹിമാചലിൽ ഹാമിർപുർ മണ്ഡലം മാത്രമാണു ബിജെപിക്ക് നേടാനായത്. തമിഴ്നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെയുടെ സ്ഥാനാർഥി അറുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതേസമയം ബിഹാറിലെ റുപൗലിയിൽ സ്വതന്ത്ര സ്ഥാനാർഥിയായ ശങ്കർ സിങ് 8,246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ജെഡിയുവിന്റെ സ്ഥാനാർഥി കലാധർ പ്രസാദ് മാണ്ഡലിനെയാണ് ശങ്കർ സിങ് പരാജയപ്പെടുത്തിയത്. 

ഹിമാചൽ പ്രദേശ്

ഡെഹ്റ– കമലേഷ് താക്കൂർ (കോൺഗ്രസ്)
നലഗഢ്–ഹർദീപ് സിങ് ബാവ (കോൺഗ്രസ്)
ഹാമിർപുർ– ആശിഷ് ശർമ (ബിജെപി)

ബംഗാൾ

റായ്ഗഞ്ച്–കൃഷ്ണ കല്യാണി (തൃണമൂൽ കോൺഗ്രസ് )
രണഘട്ട് ദക്ഷിണ–മുകുത് മണി അധികാരി (തൃണമൂൽ കോൺഗ്രസ്)
ബാഗ്ദാ–മധുപർണ താക്കൂർ (തൃണമൂൽ കോൺഗ്രസ്)
മണിക്തല–സുപ്തി പാണ്ഡെ (തൃണമൂല്‍ കോൺഗ്രസ് )

മധ്യപ്രദേശ്

അമർവാര–കമലേഷ് പ്രതാപ് ഷാ (ബിജെപി)

തമിഴ്നാട്

വിക്രവണ്ടി–അണ്ണിയുർ ശിവ (ഡിഎംകെ)

ഉത്തരാഖണ്ഡ്

ബദരീനാഥ്–ലഖ്പത് സിങ് ബൂട്ടോല (കോൺഗ്രസ്)
മംഗളൂർ–ഖാസി മുഹമ്മദ് നിസാമുദ്ദീൻ (കോൺഗ്രസ്)

ബിഹാർ

റുപൗലി–ശങ്കർ സിങ് (സ്വതന്ത്രൻ)

പഞ്ചാബ്

ജലന്ധർ വെസ്റ്റ്–മൊഹീന്ദർ ഭഗത് (എഎപി)

ബിജെപി നെയ്ത ഭയത്തിന്റെയും ആശങ്കയുടെയും വല പൊട്ടിക്കൊണ്ടിരിക്കുന്നെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരും യുവാക്കളും തൊഴിലാളികളും വ്യാപാരികളും ജീവനക്കാരും ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരും ഏകാധിപത്യത്തെ പൂർണമായി തകർക്കാനും നീതിയുടെ നിയമം കൊണ്ടുവരാനുമാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ജീവിതത്തിന്റെ‌ ഉയർച്ചയ്ക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഇപ്പോൾ പൊതുജനങ്ങൾ നിലയുറപ്പിച്ചിരിക്കുന്നതെന്നും സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.

English Summary:

By-Election Results: 13 Crucial Assembly Seats Across 7 States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com