പ്രചണ്ഡ വീണു, ഉപദ്രവകാരിയായ അയല്‍രാജ്യമാണ് ഇന്ത്യയെന്ന് ഒലി; നേപ്പാളില്‍ ജയിക്കുന്ന ‘അവിശ്വാസം’
Mail This Article
നേപ്പാളില്‍ കാലാവധി പൂര്‍ത്തിയാക്കും മുൻപ് ഒരു സര്‍ക്കാര്‍ കൂടി വീണു. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാരാണ് അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് വെള്ളിയാഴ്ച പുറത്തായത്. അധികാരത്തിലേറി ഒന്നര വര്‍ഷത്തിനിടെ അഞ്ചു തവണയാണ് പ്രചണ്ഡ വിശ്വാസവോട്ടെടുപ്പ് നേരിട്ടത്. ആദ്യ നാലു തവണയും പാര്‍ട്ടികളെ മാറിമാറി കൂടെക്കൂട്ടി ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും അഞ്ചാം തവണ അടിതെറ്റി. സഖ്യകക്ഷിയായിരുന്ന കെ.പി.ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ– യുഎംഎൽ) പിന്തുണ പിന്‍വലിച്ചതിനു പിന്നാലെയാണ് പ്രചണ്ഡയുടെ പതനം.
275 അംഗ പാര്‍ലമെന്റില്‍6 3 പേര്‍ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്. 194 പേര്‍ എതിര്‍ത്തപ്പോള്‍ ഒരാള്‍ വിട്ടുനിന്നു. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുകയോ സഖ്യസര്‍ക്കാരിലെ ഏതെങ്കിലും കക്ഷികള്‍ പിന്തുണ പിന്‍വലിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന നേപ്പാള്‍ ഭരണഘടനയിലെ 100(2) അനുച്ഛേദം അനുസരിച്ചായിരുന്നു വോട്ടെടുപ്പ്.
സിപിഎന്‍- യുഎംഎല്‍ നേതാവ് കെ.പി.ശര്‍മ ഒലി പ്രധാനമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അദ്ദേഹം പ്രസിഡന്റിനെ സമീപിച്ചു. സ്ഥാനമൊഴിയാന്‍ പ്രചണ്ഡ തയാറാകാതിരുന്നതോടെയാണ് സര്‍ക്കാരിനുള്ള പിന്തുണ സിപിഎന്‍-യുഎംഎല്‍ പിന്‍വലിച്ചത്. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ നേപ്പാളി കോണ്‍ഗ്രസുമായി (എൻസി) ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശര്‍മ ഒലി ധാരണയുണ്ടാക്കി. ഒന്നരവര്‍ഷത്തേക്ക് ഒലിയും തുടര്‍ന്ന് 2027 ലെ പൊതുതിരഞ്ഞെടുപ്പു വരെ ദുബെയും ഭരിക്കുമെന്നാണ് ധാരണ.
അധികാരക്കൊതിയില്‍ ചാഞ്ചാട്ടം
2022 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 32 സീറ്റ് മാത്രമാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) അഥവാ സിപിഎന്‍-എംസി നേടിയത്. എന്നിട്ടും പ്രചണ്ഡ പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പിനുമുമ്പ് ദുബെയുടെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ 5-പാര്‍ട്ടി സഖ്യ ധാരണയില്‍നിന്ന് പിന്മാറി 78 സീറ്റുണ്ടായിരുന്ന സിപിഎന്‍- യുഎംഎലുമായി കൈകോര്‍ത്തായിരുന്നു പ്രചണ്ഡ പ്രധാനമന്ത്രിയായത്. പ്രചണ്ഡയും ദുബെയും മാറിമാറി പ്രധാനമന്ത്രിയാകുമെന്നായിരുന്നു 5 പാര്‍ട്ടി സഖ്യത്തിലെ ധാരണ. എങ്കിലും ആദ്യറൗണ്ടില്‍ തന്നെ പ്രധാനമന്ത്രിയാക്കാന്‍ ദുബെ വിസമ്മതിച്ചതോടെ സഖ്യം ഉപേക്ഷിക്കുകയായിരുന്നു പ്രചണ്ഡ.
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന തിരഞ്ഞെടുപ്പില്‍ 89 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് അങ്ങനെ പ്രതിപക്ഷത്തായി. പിന്നീട് പ്രധാനമന്ത്രി പദം കാലാവധിയനുസരിച്ചു പങ്കിടാമെന്നും ആദ്യ റൗണ്ടില്‍ പ്രചണ്ഡ തന്നെയെന്നുമുള്ള ഒലിയുടെ നിര്‍ദേശത്തില്‍ പ്രചണ്ഡ അവരുമായി കൈകോര്‍ത്തു. തുടര്‍ന്ന് 2023 ജനുവരിയില്‍ പ്രചണ്ഡ വിശ്വാസവോട്ടെടുപ്പ് നേരിട്ട് വിജയിച്ച് പ്രധാനമന്ത്രിയായി. 268 പേരാണ് അന്ന് പ്രചണ്ഡയെ പിന്തുണച്ചത്.
എന്നാല്‍ ഈ സഖ്യം അധികകാലം നീണ്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് നേപ്പാളി കോണ്‍ഗ്രസിന്റെ രാംചന്ദ്ര പൗഡേലിനെ പ്രചണ്ഡ പിന്തുണച്ചതോടെ 2023 മാര്‍ച്ചില്‍ സിപിഎന്‍-യുഎംഎലും മറ്റൊരു സഖ്യകക്ഷിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്നാണ് പ്രചണ്ഡ രണ്ടാമത്തെ വിശ്വാസവോട്ട് നേരിടുന്നത്. എന്നാല്‍ ആദ്യസഖ്യമായിരുന്ന നേപ്പാളി കോണ്‍ഗ്രസുമായി വീണ്ടും പ്രചണ്ഡ ധാരണയുണ്ടാക്കിയതോടെ അവരുടെ പിന്തുണയില്‍ വിശ്വാസവോട്ട് വിജയിക്കാനായി. പിന്നീട് നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്നായി ഭരണം. എന്നാല്‍ 2024 മാര്‍ച്ചില്‍ നേപ്പാളി കോണ്‍ഗ്രസുമായി ഉടക്കിയ പ്രചണ്ഡ അവരെ പുറത്താക്കി ഒലിയുടെ സിപിഎന്‍-യുഎംഎലുമായി ചേര്‍ന്ന് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൃഷ്ണ സിതൗലയെ ദേശീയ അസംബ്ലിയുടെ ചെയര്‍മാനാക്കാന്‍ ദുബെ നീക്കം നടത്തിയതും ചില പദ്ധതികള്‍ക്കായി ബജറ്റില്‍ നീക്കിവച്ച പണത്തിന്റെ പേരില്‍, ധനമന്ത്രിയായ എന്‍സിയുടെ മഹതുമായുണ്ടായ ഭിന്നതയുമാണ് പ്രചണ്ഡയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഒലിയുമായി ചര്‍ച്ച നടത്തി എന്‍സിയെ പുറത്താക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അതിനെത്തുടര്‍ന്നു നടന്ന മൂന്നാമത്തെ വിശ്വാസവോട്ടെടുപ്പും സിപിഎന്‍- യുഎംഎലിന്റെ പിന്തുണയോടെ പ്രചണ്ഡ കടന്നുകൂടി.
സ്ഥിരത, അസ്ഥിരതയ്ക്കു മാത്രം
അസ്ഥിരതയ്ക്കു മാത്രമാണ് നേപ്പാള്‍ രാഷ്ട്രീയത്തില്‍ സ്ഥിരതയുള്ളതെന്ന് അവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ പറയാനാകും. 240 വര്‍ഷത്തെ രാജഭരണത്തിനു ശേഷം 2008 ലാണ് നേപ്പാള്‍ ജനാധിപത്യരാജ്യമായത്. അന്നുമുതല്‍ ഇന്നുവരെ നേപ്പാള്‍ ഭരിച്ചത് സഖ്യസര്‍ക്കാരുകളാണ്. പ്രചണ്ഡയുടെ സിപിഎന്‍-എംസി, ദുബെയുടെ നേപ്പാളി കോണ്‍ഗ്രസ്, ഒലിയുടെ സിപിഎന്‍-യുഎംഎല്‍ എന്നിവയാണ് പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍. പരസ്പരം മാറിമാറി പിന്തുണ നല്‍കി മൂന്ന് നേതാക്കളും പല തവണ പ്രധാനമന്ത്രിയായി. 2008 മുതല്‍ ഇതുവരെ 13 സര്‍ക്കാരാണ് നേപ്പാളിലുണ്ടായത് എന്നതുതന്നെ ആ രാജ്യത്തിന്റെ ഭരണ അസ്ഥിരതയുടെ പ്രധാന തെളിവ്.
ഒരു സഖ്യസര്‍ക്കാര്‍ പോലും കാലാവധി തികച്ചിട്ടില്ല. രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരത സമ്പദ് വ്യവസ്ഥയെപ്പോലും പിന്നോട്ടടിച്ചതോടെ തൊഴില്‍തേടി കൂട്ടത്തോടെ വിദേശത്തേക്കു കടക്കുകയാണ് നേപ്പാളി യുവാക്കള്‍. 2022-23 ല്‍ 7.7 ലക്ഷം പേരാണ് നേപ്പാളില്‍നിന്ന് വിദേശത്ത് തൊഴിലിനായി പോയത്. ഇനി വരാനിരിക്കുന്ന പുതിയ സഖ്യസര്‍ക്കാരും കാലാവധി തികയ്ക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഒലി തിരിച്ചുവരുമ്പോള്‍ ഇന്ത്യ പേടിക്കണോ ?
മുന്‍ ഭരണകാലത്ത് വ്യക്തമായ ചൈന അനുകൂല സമീപനം പുലര്‍ത്തിയിരുന്നയാളാണ് ഒലി. അതുകൊണ്ടുതന്നെ ഒലി നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തു തിരിച്ചെത്തുമ്പോള്‍ ഇന്ത്യയും കരുതിയിരിക്കണം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കുന്നതില്‍ ഒലി അന്തിമ തീരുമാനമെടുക്കുമോ എന്നതിലാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. 2017ല്‍ നേപ്പാള്‍ ബിആര്‍ഐയില്‍ ചേര്‍ന്നിരുന്നെങ്കിലും പദ്ധതി നടപ്പാക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. കൂടാതെ ഒലി പല തവണ ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നതും ആശങ്കയേറ്റുന്നു.
അധികാരത്തിലെത്തിയാല്‍, നേപ്പാളുമായി ഇന്ത്യയ്ക്ക് തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി, ലിപുലേക്, ലിംപിയാധുര തുടങ്ങിയ മേഖലകള്‍ തിരിച്ചുപിടിക്കുമെന്ന് 2022ലെ തിരഞ്ഞെടുപ്പുവേളയില്‍ ഒലി പ്രഖ്യാപിച്ചിരുന്നു. നേരത്തേ തര്‍ക്കമേഖലകള്‍ തങ്ങളുടേതാക്കി ഭൂപടം പുതുക്കാനുള്ള ബില്‍ പാസാക്കിയശേഷം തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്നും ഒലി ആരോപിച്ചിരുന്നു. 2015ല്‍ നേപ്പാള്‍ ഭരണഘടന പാസാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യ നേപ്പാളുമായുള്ള അതിര്‍ത്തി അടയ്‌ക്കേണ്ടി വന്നതും ഒലിയുടെ കാലത്താണ്. ഉപദ്രവകാരിയായ അയല്‍രാജ്യമാണ് ഇന്ത്യയെന്ന് ഒലി അന്നു പറഞ്ഞിരുന്നു.