പൂജ ഖേദ്‌കറുടെ മാതാപിതാക്കൾക്കെതിരെയും കേസ്; നടപടി തോക്ക് ചൂണ്ടിയെന്ന കർഷകന്റെ പരാതിയിൽ
Mail This Article
പുണെ∙ വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസർ പൂജ ഖേദ്‌കറുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പുണെ റൂറൽ പൊലീസ്. മനോരമ ഖേദ്‌കർ, ദിലീപ് ഖേദ്‌കർ എന്നിവർക്കെതിരെയാണ് പുണെയിലെ പോഡ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കർഷകന്റെ പരാതിയിലാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മനോരമ ഖേദ്‌കറിനും ദിലീപിനും പുറമെ 5 പേർ കൂടി കേസിൽ പ്രതികളാണ്.
വനിതാ ബൗൺസർമാർക്കൊപ്പം എത്തിയ മനോരമ ഖേദ്‌കർ മുൽഷിയിലെ കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുൽഷി താലൂക്കിൽ 25 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ച കേസിൽ പൂജയുടെ പിതാവും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്‌കർ നേരത്തെ പ്രതിയായിരുന്നു.
അതേസമയം സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട പൂജ ഖേദ്‌കർക്കെതിരെ കർശന നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. പൂജയ്‌ക്കെതിരെ കേന്ദ്രം നിയോഗിച്ച ഏകാംഗ കമ്മിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ചകൾ കണ്ടെത്തിയാൽ ജോലിയിൽനിന്ന് വരെ പിരിച്ചുവിടാനും പൂജയ്‌ക്കെതിരെ വ്യാജരേഖ ചമച്ചതിനു കേസെടുക്കാനും സാധ്യതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതുമാണ് കമ്മിറ്റി അന്വേഷിക്കുക.