കെട്ടിടത്തിനു മുകളിൽനിന്ന് ട്രംപിനെ വെടിവച്ച് അക്രമി; മിന്നൽ വേഗത്തിൽ തിരിച്ചടിച്ച് സ്നൈപ്പർമാർ–വിഡിയോ
Mail This Article
വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അക്രമി തോമസ് മാത്യു ക്രൂക്ക് വെടി വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പെനിസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ട്രംപിന്റെ പ്രസംഗ വേദിയ്ക്കു സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് അക്രമിയായ തോമസ് മാത്യു ക്രൂക്ക് വെടി വയ്ക്കുന്നത്. അതേസമയം മിന്നൽ വേഗത്തിൽ യുഎസ് സീക്രട്ട് സർവീസിന്റെ സ്നൈപ്പർമാർ തിരിച്ചടിക്കുന്നുണ്ട്. സീക്രട്ട് സര്‍വീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന ട്രംപിന്റെ വലത് ചെവിയിലാണ് വെടിയേറ്റത്. വേദിയുടെ മുൻഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ആദ്യം വന്നതെങ്കിൽ, ഇപ്പോൾ ട്രംപ് നിന്നിരുന്ന വേദിയ്ക്കു പിറകിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരാകുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ട്രംപിന് സുരക്ഷ ഒരുക്കുന്നതും വേദിയ്ക്കു പിന്നിൽ നിന്നുള്ള ദൃശ്യങ്ങളിലുണ്ട്.
അതിനിടെ വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചിട്ടുണ്ട്. അതേസമയം ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണ് യുഎസ് അറിയിച്ചത്. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക.