ADVERTISEMENT

ശ്രീനഗർ∙ കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികനായ ബിജേന്ദ്രയുടെ അവസാന ഫോൺ കോൾ വീട്ടിലേക്കെത്തിയത് ഭാര്യയ്ക്ക് ജന്മദിനാശംസ നേരാൻ. ഉടനെ വീട്ടിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു രാജസ്ഥാൻ സ്വദേശിയായ ബിജേന്ദ്ര ഭാര്യയോട് പറഞ്ഞു. 

ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ ബംഗാളിലെ സിലിഗുരിയിലുള്ള അമ്മയോടാണ് അവസാനമായി സംസാരിച്ചത്. ഒരു ഓപ്പറേഷന് തയാറെടുക്കുന്നു എന്നായിരുന്നു സന്ദേശം. ദോഡ ജില്ലയിലെ ദെസ്സയിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികരാണ് ഇരുവരും. കരസേനയുടെയും പൊലീസ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും (എസ്ഒജി) നേതൃത്വത്തിൽ ഉറർബഗി വനത്തിൽ തിങ്കളാഴ്ച രാത്രി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡി.രാജേഷ്, അജയ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

ബിജേന്ദ്രയ്ക്ക് (26) മൂന്നും ഒന്നും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. ‘‘ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നു ബിജേന്ദ്ര. അവസാന മാസവും അവൻ അവധിക്കായി ശ്രമിച്ചു. അനുവാദം ലഭിച്ചില്ല’’– സൈനികനായ സഹോദരൻ ദശ്‌രഥ് മാധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ (27) പിതാവ് ഭുവനേഷ് കുമാർ ഥാപ്പ റിട്ട. കേണലാണ്. ഡാർജിലിങിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് വീട്. ‘‘ ഓപ്പറേഷനായി രാവിലെ 11 മണിക്ക് പുറപ്പെടുമെന്നാണ് പറഞ്ഞിരുന്നത്. 8 മണിക്കൂറോളം നടന്നാണ് സ്ഥലത്ത് എത്തേണ്ടത്. പിന്നീട് അവനുമായി സംസാരിക്കാനായില്ല’’–മാതാവായ നിലിമ ഥാപ്പ പറഞ്ഞു. ‘‘അവനെക്കുറിച്ച് അഭിമാനമുണ്ട്. അവൻ വിടവാങ്ങിയെന്ന് എനിക്ക് വിശ്വസിക്കാനായിട്ടില്ല. യൂണിറ്റിൽനിന്ന് മരണവിവരം അറിയിച്ചപ്പോൾ, അക്കാര്യം വീണ്ടും പരിശോധിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. അവനെ ജനറലായി കാണാനാണ് ഞാൻ ആഗ്രഹിച്ചത്. സൈന്യത്തിൽ ചേരാൻ വലിയ താൽപര്യമായിരുന്നു. എന്റെ യൂണിഫോം പലപ്പോഴും ധരിക്കുമായിരുന്നു’’ഭുവനേഷ് കുമാർ പ‍റഞ്ഞു. ബ്രിജേഷ് 2019ലാണ് സൈന്യത്തിൽ ചേർന്നത്.

റിട്ട.ഹവിൽദാറായ പിതാവിന്റെ പാത പിന്തുടർന്നാണ് രാജസ്ഥാൻ സ്വദേശിയായ അജയ് സൈന്യത്തിലെത്തിയത്. കുടുംബത്തിലെ നിരവധിപേർ സൈന്യത്തിലുണ്ട്. ആന്ധ്രസ്വദേശിയായ രാജേഷിന്റെ (25) വലിയ ആഗ്രഹമായിരുന്നു സൈന്യത്തിലെ ജോലി. ആറു വർഷം മുൻപാണ് സൈന്യത്തിൽ ചേർന്നത്. ഈ വർഷം വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ ആലോചന.

English Summary:

Nation Pays Tribute to Four Brave Martyred Soldiers, Families Share Poignant Memories of Fallen Heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com