ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്ത് ആദ്യമായി വിമാനത്താവളം വൃത്തിയാക്കാൻ റോബട്ട് ഇറങ്ങുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കനാൽ ശുചീകരണത്തിനും മഴവെള്ളം നീക്കം ചെയ്യാനും റോബട്ടിനെ വാങ്ങുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയിക്കുവേണ്ടിയുള്ള തിരച്ചിലിനായി റോബട്ടിനെ ഇറക്കിയ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ജൻറോബോട്ടിക്സിനാണ് നിർമാണ ചുമതല. ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും ജൻറോബട്ടിക്സും തമ്മിൽ ധാരണയായി. പർച്ചേസ് ഓർഡർ ലഭിച്ചതായി ജൻറോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് ‘മനോരമ ഓൺലൈനി’നോട് സ്ഥിരീകരിച്ചു. 60 ദിവസത്തിനകം റോബട്ടിനെ കൈമാറണം.

വെൽബോർ എന്ന റോബട്ടിനെയാണ് ജൻറോബട്ടിക്സ് വിമാനത്താവളത്തിനു വേണ്ടി നിർമിക്കുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ ബാൻഡികൂട്ട്, ഡ്രാക്കോ എന്നീ റോബട്ടുകളെ ഇറക്കി മാലിന്യം നീക്കം ചെയ്യാനും ജോയിയെ കണ്ടെത്താനും ജൻറോബട്ടിക്സ് നടത്തിയ പ്രവർത്തനങ്ങളാണ് അദാനി ഗ്രൂപ്പിനെ ആകർഷിച്ചത്. ഇതിനു പിന്നാലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. 

മലേഷ്യയിലെ മാലിന്യ ശുചീകരണത്തിനായി ജൻറോബട്ടിക്സ് നിർമിച്ച വെൽബോർ റോബട്ട്. Photo: Special Arrangement
മലേഷ്യയിലെ മാലിന്യ ശുചീകരണത്തിനായി ജൻറോബട്ടിക്സ് നിർമിച്ച വെൽബോർ റോബട്ട്. Photo: Special Arrangement

മനോരമ ഓൺലൈൻ വാർത്തയെ തുടർന്ന് ജൻറോബട്ടിക്സ് അധികൃതരുമായി വ്യവസായ മന്ത്രി പി.രാജീവ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സർക്കാരും നഗരസഭയും സന്നദ്ധരാണെങ്കിൽ മാലിന്യം നീക്കം ചെയ്യുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്കും റോബട്ടുകളെ നിർമിച്ച് നൽകാൻ തയാറാണെന്ന് ജൻറോബട്ടിക്സ് സിഇഒ മനോരമ ഓൺലൈനിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് റോബട്ടുകളെ പ്രയോജനപ്പെടുത്തുമെന്നും ചർച്ചകൾ നടത്തുമെന്നും മന്ത്രി കെ.രാജൻ മറുപടിയും നൽകി.

English Summary:

Innovative Cleaning: Genrobotics' Wellbore Robot to Service Thiruvananthapuram International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com